ഖത്തർ:
ഖത്തറിലെ ആദ്യ കോറിഡോർ റോഡ് പദ്ധതി, പ്രധാനമന്ത്രി ഷെയ്‌ഖ് അബ്‌ദുല്ല ബിൻ നാസർ ബിൻ ഖലീഫ അൽതാനി ഉദ്‌ഘാടനം ചെയ്തു. കുവൈത്ത് അമീർ, ഷെയ്‌ഖ് സബാഹ് അൽ അഹ്‌മദ് അൽ ജാബർ അൽ സബാഹിനോടുള്ള ആദരസൂചകമായി, അദ്ദേഹത്തിന്റെ പേരാണ് പദ്ധതിക്ക് ഇട്ടിരിക്കുന്നതെന്നു ഗതാഗത വാർത്താവിനിമയ മന്ത്രി ജാസിം ബിൻ സയീഫ് അൽ സുലൈത്തി പറഞ്ഞു. കുവൈത്ത് 58ാം ദേശീയ ദിനാഘോഷത്തിന്റെയും വിമോചനത്തിന്റെ 28ാം വാർഷികാചരണത്തിന്റെയും ഭാഗമായാണ് ഉദ്‌ഘാടനച്ചടങ്ങ് സംഘടിപ്പിച്ചത്. ദോഹ ഷെറാട്ടണിൽ നടന്ന ഉദ്‌ഘാടന ചടങ്ങിൽ കുവൈത്ത് അമീറിന്റെ പ്രതിനിധി ഷെയ്‌ഖ് നാസർ അൽ മുഹമ്മദ് അൽ അഹ്‌മദ് അൽ സബാഹും പങ്കെടുത്തു.
ഖത്തറിലെ ആദ്യ കേബിൾ സ്‌റ്റേ ബ്രിഡ്‌ജ്, ഖത്തറിലെ ഏറ്റവും നീളം കൂടിയ മേൽപ്പാലം, ഏറ്റവും നീളമേറിയതും ആഴമേറിയതുമായ അടിപ്പാത, ഏറ്റവും നീളമേറിയ ഇന്റർ സെക്‌ഷൻ എന്നിവയെല്ലാം ചേർന്നതാണ് കോറിഡോർ പദ്ധതി.
ദോഹ നഗരത്തിന്റെ വടക്ക്, തെക്ക് ഭാഗങ്ങളെ തമ്മിലും അഞ്ചു ലോകകപ്പ് സ്റ്റേഡിയത്തെ തമ്മിലും എളുപ്പത്തിൽ ബന്ധിപ്പിക്കുന്ന ഇടനാഴിയാണിത്.
നിലവിലുള്ള 17 ഇന്റർ സെക്‌ഷനുകൾ നവീകരിക്കും. 32 പുതിയ പാലങ്ങൾ, 12 ലഘു അടിപ്പാതകൾ, 12 നടപ്പാലങ്ങൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. 65 കിലോമീറ്റർ ദൂരത്തിലാണ് സൈക്കിൾ, നടപ്പാതകൾ നിർമ്മിക്കുക. ഹമദ് രാജ്യാന്തര വിമാനത്താവളത്തിലേക്കുള്ള പാത ഉൾപ്പെടെ 15 സുപ്രധാന റോഡുകളും ഒട്ടേറെ മേൽപാലങ്ങളും ഇന്റർസെക്‌ഷനും ചേരുന്നതാണ് പദ്ധതി. ഇതിനു പുറമേ ഖത്തറിലെ ഏഴു സുപ്രധാന റോഡുകളുടെ നവീകരണവും പദ്ധതിയുടെ ഭാഗമാണ്. 2021ലേ നിർമ്മാണജോലികൾ പൂർത്തിയാകുകയുള്ളു.