കൊച്ചി:
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ വിചാരണക്ക് ഇനി വനിതാ ജഡ്ജി. കേസില്‍ വിചാരണയ്ക്ക് വനിതാ ജഡ്ജി ഉള്‍പ്പെടെ പ്രത്യേക കോടതി വേണമെന്ന, ആക്രമിക്കപ്പെട്ട നടിയുടെ അപേക്ഷയിലാണ് കോടതി ഉത്തരവിറക്കിയത്. നടി സമീപിച്ചത് നിയമപരമായ അവകാശങ്ങള്‍ ആവശ്യപ്പെട്ടാണെന്നും അതിനു നിയമം അനുവദിക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. പ്രത്യേക സി.ബി.ഐ കോടതി ജഡ്ജി ഹണി വര്‍ഗീസാണ് ഇനി കേസില്‍ വാദം കേള്‍ക്കുക.
ഇതിനെതിരെ, കേസിലെ പ്രതികളായ നടന്‍ ദിലീപും, പള്‍സര്‍ സുനിയും ഹൈക്കോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി പരിഗണിച്ചില്ല.
നേരത്തെ ഇതേ ആവശ്യമുന്നയിച്ച്, നടി എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നെങ്കിലും, എറണാകുളത്ത് വനിതാ ജഡ്ജിയില്ലെന്ന കാരണത്താല്‍ ആവശ്യം തള്ളിയിരുന്നു. ഇതേത്തുടര്‍ന്ന് നടി ഹൈക്കോടതിയെ സമീപിക്കുകയും, സ്വകാര്യത സംബന്ധിച്ച വിഷയമായതിനാല്‍ തന്റെ ആവശ്യം അംഗീകരിക്കണമെന്നു ചൂണ്ടിക്കാട്ടി, വീണ്ടും അപേക്ഷ നല്‍കുകയായിരുന്നു. കേസിന്റെ സാഹചര്യം പരിഗണിച്ച് പ്രത്യേക കോടതിയെന്ന ആവശ്യവും, വനിതാജഡ്ജിയെ അനുവദിക്കണമെന്ന അപേക്ഷയും പരിഗണിക്കാവുന്നതാണെന്ന് സര്‍ക്കാരും ഹൈക്കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു.
വിചാരണ നടപടികള്‍ എറണാകുളം സി.ബി.ഐ കോടതിയില്‍ നടക്കും. വിചാരണ ഒന്‍പതു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നിരവധി പരാതികള്‍ നല്‍കി, ദിലീപ്, കേസ് വൈകിപ്പിക്കുകയാണെന്നും പ്രോസിക്യൂഷന്‍ ആരോപിച്ചു. ഹൈക്കോടതി നിര്‍ദ്ദേശം വന്നതോടെ നവംബര്‍ മാസത്തോടെ കേസിന്റെ വിചാരണ പൂര്‍ത്തിയാകണം. അതിനാല്‍, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലുള്ള കേസ് ഫയലുകള്‍ ഉടന്‍തന്നെ പ്രത്യേക സി.ബി.ഐ കോടതിയിലേക്കു മാറ്റും. എന്നാല്‍, സുപ്രീംകോടതിയിലടക്കം ഇതേ കേസില്‍ നിരവധി ഹര്‍ജികള്‍ പരിഗണനയിലുണ്ട്. നടന്‍ ദിലീപ് നല്‍കിയ നിരവധി ഹര്‍ജികള്‍ വിവിധ കോടതികള്‍ പരിഗണിച്ചുകൊണ്ടിരിക്കുകയാണ്.