Thu. Jan 9th, 2025
കോട്ടയം:

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ നിന്നു പിന്മാറുകയാണെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. കേസ് പിന്‍വലിക്കാന്‍ കോടതിയോട് ആവശ്യപ്പെടും. കേസ് വിജയിക്കണമെങ്കില്‍, 67 സാക്ഷികള്‍ ഹാജരാകണം. എന്നാല്‍ ലീഗും സി.പി.എമ്മും ചേര്‍ന്ന്, കേസ് അട്ടിമറിച്ചുവെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. ഇതിനെ രാഷ്ട്രീയമായി നേരിടും. മഞ്ചേശ്വരത്ത് ഉപതിരഞ്ഞെടുപ്പു നടക്കണമെന്ന ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ്, കേസ് പിന്‍വലിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഇതോടെ ലോക്‌സഭാ തിരഞ്ഞെടുപ്പിനൊപ്പം, മഞ്ചേശ്വരത്ത്, നിയമസഭാ ഉപതെരഞ്ഞെടുപ്പും നടക്കാനുള്ള സാധ്യത തെളിഞ്ഞു.

2016 നിയമസഭാ തിരഞ്ഞെടുപ്പില്‍, മഞ്ചേശ്വരത്ത് മുസ്ലീം ലീഗിലെ പി.ബി. അബ്ദുള്‍ റസാഖിനോട് 89 വോട്ടിനാണ് കെ. സുരേന്ദ്രന്‍ പരാജയപ്പെട്ടത്. സി.പി.എമ്മും, മുസ്ലീം ലീഗും ചേര്‍ന്ന്, കള്ളവോട്ടും, ക്രമക്കേടും നടത്തിയാണ് തന്നെ പരാജയപ്പെടുത്തിയതെന്നാരോപിച്ചാണ് കെ. സുരേന്ദ്രന്‍ പരാതി നല്‍കിയത്.
എന്നാല്‍ എം.എല്‍.എ കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 20 ന് മരണപ്പെട്ടു. കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെ അബ്ദുള്‍ റസാഖ് മരിച്ചെങ്കിലും, കേസ് പിന്‍വലിക്കാന്‍ സുരേന്ദ്രന്‍ തയ്യാറായിരുന്നില്ല. കഴിഞ്ഞ ദിവസം നേതൃത്വവുമായി ആലോചിച്ച് കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് പറഞ്ഞിരുന്നു.

2011 ലും 2016 ലും മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലും 2009 ലും 2014 ലും കാസര്‍കോഡ് ലോക്‌സഭാ മണ്ഡലത്തിലുമായി നാലു തവണ ബി.ജെ.പി സ്ഥാനാര്‍ത്ഥിയായിരുന്നു കെ. സുരേന്ദ്രന്‍. അതേസമയം, മഞ്ചേശ്വരം മണ്ഡലത്തില്‍ ഇനി മത്സരിക്കാനില്ലെന്നാണ് അദ്ദേഹത്തിന്റെ തീരുമാനം. ലോകസഭാ തിരഞ്ഞെടുപ്പില്‍, തൃശ്ശൂരടക്കം ബി.ജെ.പി വിജയസാധ്യത കല്‍പ്പിക്കുന്ന പ്രധാന മണ്ഡലങ്ങളിലേക്ക് പരിഗണിക്കുന്നവരില്‍ ഒരാള്‍, കെ. സുരേന്ദ്രനാണ്. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ നിലപാട് മാറ്റം.

Leave a Reply

Your email address will not be published. Required fields are marked *