Fri. Nov 22nd, 2024

ചീങ്കണ്ണിപ്പാറ:

പി.വി. അന്‍വര്‍ എം.എല്‍.എയുടെ ഭാര്യാപിതാവിന്റെ ഉടമസ്ഥതയിലുള്ള തടയണ പൊളിച്ചു മാറ്റണമെന്ന് വിദഗ്ദ്ധസമിതിയുടെ റിപ്പോര്‍ട്ട്. എട്ട്​ ഏക്കറിലായി നിർമ്മിച്ച തടയണ അടുത്ത കാലവര്‍ഷത്തിനു മുന്‍പ് പൊളിച്ചു മാറ്റണമെന്നാണ് സമിതി നിര്‍ദ്ദേശം. ജില്ലാ ജിയോളജിസ്റ്റ് അധ്യക്ഷനായ സമിതിയാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് കൈമാറിയത്. പി.വി. അന്‍വര്‍, തടയണ നിര്‍മ്മിച്ചിരിക്കുന്നത് അതീവ പാരിസ്ഥിതിക ദുര്‍ബലപ്രദേശത്ത് ആണെന്നും, പ്രളയകാലത്ത് ഇതിനു താഴെയായി മണ്ണിടിച്ചിലുണ്ടായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

റിപ്പോര്‍ട്ട് ഇന്ന് കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഹൈക്കോടതി ബെഞ്ചാണ്, തടയണ പൊളിച്ചുനീക്കാനുളള ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവിനെതിരെ, പി വി അൻവറിന്റെ ഭാര്യാ പിതാവ് സമർപ്പിച്ച ഹർജി പരിഗണിക്കുക.

കേരളത്തിലെ പ്രളയകാലത്ത് പി.വി. അന്‍വര്‍ നിയലംഘനം നടത്തി, തടയണയും, അമ്യൂസ്മെന്റ് പാര്‍ക്കും നിര്‍മ്മിച്ചു എന്ന് ആരോപിക്കപ്പെടുന്ന സ്ഥലത്ത്, എട്ടു സ്ഥലങ്ങളില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. എന്നാല്‍ പാര്‍ക്കിനു താഴെയായി, മണ്ണിടിച്ചിലുണ്ടായ കേന്ദ്രങ്ങളില്‍, എം.എൽ.എ ഇടപെട്ട് അറ്റകുറ്റപ്പണികള്‍ നടത്തുകയായിരുന്നു. വിദഗ്ദ്ധസമിതി സ്ഥലം സന്ദര്‍ശിക്കാനിരിക്കുന്ന സാഹചര്യത്തിലായിരുന്നു അന്‍വറിന്റെ ഇടപെടല്‍. ഈ വിവരം പുറത്തുവന്നതോടെ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെക്കാന്‍ കളക്ടര്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *