കോഴിക്കോട്/ പാലക്കാട്:
കാലിക്കറ്റ് സര്‍വകലാശാല എ- സോണ്‍ ബി- സോണ്‍ കലോത്സവത്തിന് തിരശ്ശീല വീണു. എ-സോണില്‍ പാലക്കാട് വിക്ടോറിയ ഗവ.കോളേജും, ബി-സോണില്‍ ദേവഗിരി സെന്റ് ജോസഫ്‌സ് കോളേജും, കലാകിരീടം നേടി. രണ്ടു മത്സരങ്ങളുടെ ഫലം ബാക്കിനില്‍ക്കേ, 288 പോയന്റോടെയാണ് വിക്ടോറിയ കോളേജ് നാലാം തവണയും കിരീടം ഉറപ്പിച്ചത്. ചിറ്റൂര്‍ കോളേജ് രണ്ടാംസ്ഥാനത്തും, നെന്മാറ എന്‍.എസ്.എസ്. കോളേജ് മൂന്നാംസ്ഥാനവും കരസ്ഥമാക്കി. അഞ്ചു ദിവസങ്ങളിലായി നടന്ന കലോത്സവത്തില്‍, സ്റ്റേജ് മത്സരങ്ങളിലും സ്റ്റേജിതര മത്സരങ്ങളിലും, ഒന്നാംസ്ഥാനം നേടിയാണ് വിക്ടോറിയ ചാമ്പ്യന്‍പട്ടം ഉറപ്പാക്കിയത്. 43 സ്റ്റേജിതര മത്സരങ്ങളില്‍നിന്നായി 102 പോയന്റാണ് വിക്ടോറിയ നേടിയത്.
സമാപനസമ്മേളനം പി.കെ. ബിജു ഉദ്ഘാടനംചെയ്തു. കാലിക്കറ്റ് സര്‍വകലാശാല യൂണിയന്‍ വൈസ് ചെയര്‍പേഴ്‌സണ്‍ ശില്‍പ അശോകന്‍ അധ്യക്ഷയായി. ഷൊര്‍ണൂര്‍ എസ്.എന്‍. കോളേജ് പ്രിന്‍സിപ്പല്‍ ഡോ. എം.കെ രാധാകൃഷ്ണന്‍, സര്‍വകലാശാല സെനറ്റ് അംഗം എന്‍. ദയ, മുഹമ്മദ് അഷ്‌കര്‍, എസ്. കിഷോര്‍, പി. ദിനനാഥ്, വി.പി. വിപിന്‍രാജ്, സംഘാടകസമിതി കണ്‍വീനര്‍ എ. സുര്‍ജിത് ദേവ്, എ.എന്‍. നീരജ് തുടങ്ങിയവര്‍ സംസാരിച്ചു.
232 പോയിന്റുകളോടെയാണ് ബി- സോണ്‍ കലോത്സവത്തില്‍ ദേവഗിരി കോളേജ് കലാ കിരീടം രണ്ടാം തവണയും കരസ്ഥമാക്കിയത്. സ്റ്റേജിന മത്സരങ്ങളില്‍ ആദ്യം മുതല്‍ മുന്നേറ്റം തുടര്‍ന്ന കോളേജ് ആവസാനംവരെ ആദ്യ സ്ഥാനം നിലനിര്‍ത്തി. 186 പോയിന്റുകളോടെ ഫാറൂഖ് കോളേജ് രണ്ടാം സ്ഥാനത്തും 126 പോയിന്റോടെ മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, മൂന്നാം സ്ഥാനവും കരസ്ഥമാക്കി.