ബംഗളൂരു:
ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത ലഘു പോർവിമാനമായ തേജസിൽ സഹപൈലറ്റായി പറക്കുന്ന ആദ്യ വനിതയെന്ന നേട്ടം ബാറ്റ്മിന്റൺ താരം പി.വി. സിന്ധു സ്വന്തമാക്കി. ബെംഗളൂരുവിലെ യെലഹങ്ക വ്യോമ താവളത്തിൽ നടക്കുന്ന വ്യോമ പ്രദർശനമായ എയ്റോ ഇന്ത്യ 2019 ലെ ‘വനിതാ ദിന’ത്തിന്റെ ഭാഗമായിട്ടായിരുന്നു സിന്ധുവിന്റെ തേജസ് പറത്തൽ.
രണ്ടു സീറ്റുള്ള തേജസ് വിമാനത്തിൽ സഹപൈലറ്റായി പറന്ന സിന്ധു അഞ്ചു മിനിറ്റോളം പോർവിമാനം സ്വന്തമായി പറത്തുകയും ചെയ്തു. ഉച്ചയ്ക്ക് 12.10 നാണ് സിന്ധു വ്യോമസേനയുടെ പച്ച നിറമുള്ള യൂണിഫോം അണിഞ്ഞു 31 മിനിറ്റോളം സഹപൈലറ്റായി പറന്നത്. തേജസ്സിന്റെ ട്രെയിനർ വിമാനമായ പ്രോട്ടോടൈപ്പ് വെഹിക്കിൾസ് – 5 (പിവി–5)ൽ സിദ്ധാർഥ് സിങ്ങായിരുന്നു മുഖ്യ പൈലറ്റ്. സിന്ധു എളുപ്പത്തിൽ വിമാനത്തിന്റെ നിയന്ത്രണ സംവിധാനങ്ങൾ പഠിച്ചെടുത്തു എന്ന് പൈലറ്റ് അഭിപ്രായപ്പെട്ടു.
“തേജസ് പോർവിമാനത്തിലെ യാത്ര മഹത്തായൊരു അനുഭവമായിരുന്നു. മാത്രമല്ല, മികച്ചൊരു അവസരം കൂടിയായിരുന്നു ഇത്. യുദ്ധസമയത്തുള്ള പ്രകടനങ്ങളുള്‍പ്പെടെയുള്ളവ പൈലറ്റ് എനിക്കു കാട്ടിത്തന്നു. തേജസ് യഥാർത്ഥത്തിൽ ഒരു ഹീറോ തന്നെ” യാത്രയ്ക്കു ശേഷം സിന്ധു പറഞ്ഞു. വൻ ജനാവലിയായിരുന്നു ഈ അഭ്യാസപ്രകടനത്തിനു സാക്ഷ്യം വഹിക്കാൻ എത്തിയിരുന്നത്.