Wed. Jan 22nd, 2025
ലോസ് ആഞ്ചലസ് :

ഓസ്കാർ പുരസ്കാര പ്രഭയിൽ ഇന്ത്യയിൽ നിർമ്മിച്ച ഡോക്യുമെന്ററിയും. ഡൽഹിക്കടുത്തുള്ള ഗ്രാമപ്രദേശത്തു നിന്നും ചിത്രീകരിച്ച “പീരീഡ്. എൻഡ് ഓഫ് സെന്റൻസ്” എന്ന ഡോക്യുമെന്ററിക്കാണ്, ഷോർട്ട് ഡോക്യുമെന്ററി വിഭാഗത്തിൽ തൊണ്ണൂറ്റി ഒന്നാമത് അക്കാദമി അവാർഡ് ലഭിച്ചത്. നിരവധി അവാർഡുകൾ വാരിക്കൂട്ടിയ രായ്ക സിഹ്റാബിഷിയാണ് സംവിധായിക.

ഇന്ത്യക്കാരിയായ ഗുണീത് മോംഗയുടെ ശിഖ്യാ എന്റർടൈൻമെന്റ് ആണ് ചിത്രം നിർമിച്ചിരിക്കുന്നത്. ലോസ് ആഞ്ചലസ്സിലെ ഓക് വുഡ് സ്കൂളിലെ വിദ്യാർത്ഥികളുടെ പാഡ് പ്രൊജക്റ്റ് എന്ന പദ്ധതിയുടെ ഭാഗമായാണ് ചിത്രം തയ്യാറാക്കിയിരിയ്ക്കുന്നത്.

ആർത്തവത്തെക്കുറിച്ച് പറയാൻ നാണിക്കുന്ന, സാനിറ്ററി നാപ്‌കിനെപ്പറ്റി കേട്ടുകേൾവി പോലുമില്ലാത്ത ഒരു ഗ്രാമത്തിൽ, ഒരു സ്ത്രീയുടെ നേതൃത്വത്തിൽ, ആളുകളുടെ ചിന്താധാരയെ വരെ മാറ്റി മറിയ്ക്കുന്ന രീതിയിൽ ഉണ്ടായ വിപ്ലവാത്മകമായ മാറ്റങ്ങളാണ് ഈ ഡോക്യുമെന്ററിയിൽ ചിത്രീകരിച്ചിരിയ്ക്കുന്നത്. പാഡുകൾ ഉപയോഗിക്കാൻ ആരംഭിച്ചതിനോടൊപ്പംതന്നെ, അവ മറ്റുള്ളവരെ ഉപയോഗിക്കാൻ പ്രേരിപ്പിക്കുകയും, പാഡുകളുടെ നിർമ്മാണ യൂണിറ്റുകൾ ആരംഭിക്കുകയും, അതുവഴി സ്വയം പര്യാപ്തത നേടിയ ഒരുപറ്റം യുവതികളുടെ കഥയാണ് ചിത്രം പറയുന്നത്. ആർത്തവമായാൽപ്പിന്നെ സ്കൂൾ വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെടുന്ന, ഡൽഹിക്കു പുറത്തുള്ള ഹപുർ ഗ്രാമത്തിലാണ് കഥ ചിത്രീകരിച്ചിരിക്കുന്നത്.

ഇത് ഹപുർ ഗ്രാമത്തിന്റെ മാത്രം കഥയല്ല. ഒട്ടുമിക്ക കുഗ്രാമങ്ങളിലും ഇതു തന്നെയാണ് അവസ്ഥ. ആർത്തവത്തെ അശുദ്ധമായി കാണുകയും, അതിനെക്കുറിച്ച് സംസാരിക്കുന്നതുപോലും പാപമായി കരുതുന്നൊരു കാലഘട്ടത്തിൽത്തന്നെയാണ് ഇന്ത്യ ഇന്നും ജീവിക്കുന്നത്. അതിനുള്ള ഉദാഹരണങ്ങൾ ശബരിമല വിഷയത്തിൽ ഒരുപാട് കണ്ടതാണല്ലോ. ആർത്തവ ശുചിത്വത്തിനും ആർത്തവുമായി ബന്ധപ്പെട്ട അശുദ്ധിയെ തുടച്ചു നീക്കുന്നതിനെപ്പറ്റിയും ഒട്ടനവധി ചർച്ചകൾ ഇവിടെ നടക്കേണ്ടതിന്റെ ആവശ്യകത കൂടെ ഈ ചിത്രം പറയുന്നുണ്ട്. ആർത്തവ ശുചിത്വമില്ലാത്തതിനാൽ, നിരവധി അസുഖങ്ങൾ ബാധിക്കുന്ന സ്ത്രീകളുടെ എണ്ണം ദിനംപ്രതി കൂടി വരികയാണ്. ഈ മേഖലയിൽ നിരവധി എൻ ജി ഒകളും ഫെമിനിസ്റ്റ് ഗ്രൂപ്പുകളും പ്രവർത്തിക്കുന്നുണ്ട്. അവരുടെ പ്രവർത്തനങ്ങൾക്കെല്ലാം വലിയൊരു ഊർജ്ജം പകരാൻ ഈ പുരസ്കാരം കൊണ്ടു സാധിച്ചേക്കും.

Leave a Reply

Your email address will not be published. Required fields are marked *