ലോസ് ആഞ്ചലസ്:
ലോകമെമ്പാടുമുള്ള ആരാധകരുടെ കണക്കുകൂട്ടലുകളെ അസ്ഥാനത്താക്കി കഴിഞ്ഞ വർഷത്തെ മികച്ച ചിത്രത്തിനുള്ള ഓസ്കാർ പുരസ്കാരം ‘ഗ്രീൻ ബുക്ക്’ കരസ്ഥമാക്കി.
മികച്ച ചിത്രം ഉൾപ്പെടെയുള്ള ഏഴു ബ്രിട്ടീഷ് അക്കാദമി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ ‘ദി ഫേവറിറ്റ്’, വെനീസ് ചലച്ചിത്രമേളയിലെ ഗോൾഡൻ ലയൺ പുരസ്ക്കാരം ലഭിച്ച റോമ’ തുടങ്ങിയ ചിത്രങ്ങൾക്കായിരുന്നു ഓസ്കാർ പ്രവചന പട്ടികകളിൽ മുൻഗണന ഉണ്ടായിരുന്നത്. എന്നാൽ അത്തരം പ്രവചനങ്ങൾ ഗ്രീൻ ബുക്കിന്റെ പുരസ്കാര പ്രഖ്യാപനത്തോടെ തെറ്റുകയായിരുന്നു.
ഡൽഹിക്ക് പുറത്ത്, ഹാപ്പൂർ ഗ്രാമത്തിൽ ആർത്തവവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദുരാചാരങ്ങൾക്കും, അന്ധവിശ്വാസങ്ങൾക്കും എതിരെ അവിടുത്തെ സ്ത്രീകൾ നടത്തുന്ന പോരാട്ടത്തെക്കുറിച്ചുള്ള ‘പിരിയഡ്. എൻഡ് ഓഫ് സെന്റൻസ്’ എന്ന ഡോക്യുമെന്ററി മികച്ച ഹ്രസ്വ ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യക്കാരികളായ ഗുനീത് മോങ്ക, മന്ദാകിനി കക്കർ എന്നിവരാണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് നിർമ്മാതാക്കൾ.
ശിഖ്യ പ്രൊഡക്ഷൻസിന്റെ നേതൃത്വത്തിലാണ് നിർമ്മാണം. അന്താരാഷ്ട്രതലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ‘ലഞ്ച് ബോക്സ്’ ‘മസാൻ’ എന്നീ ചിത്രങ്ങളുടെയും നിർമ്മാണ സാരഥ്യത്തിൽ പങ്കാളിയായിരുന്നു ഗുനീത് മോങ്ക.
“ഞങ്ങൾ വിജയിച്ചിരിക്കുന്നു. ഭൂമിയിലെ എല്ലാ പെൺകുട്ടികളോടും…നിങ്ങൾ ദേവതകളാണെന്ന് അറിയുക…സ്വർഗം കേൾക്കുന്നുവെങ്കിൽ…നോക്കൂ അമ്മേ ശിഖ്യ ഭൂപടത്തിൽ ഇടം നേടിയിരിക്കുന്നു.” ഗുനീത് മോങ്ക തന്റെ ട്വിറ്ററിൽ കുറിച്ചു.
റായിക്കാ സെതത്ബി ആണ് ‘പിരിയഡ്. എൻഡ് ഓഫ് സെന്റെൻസ്’ എന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ലോസ് ആഞ്ചലസിലെ ഓക്വുഡ് സ്കൂളിലെ വിദ്യാർത്ഥികളും, അധ്യാപികയായ മെലിസ ബെർട്ടണും ആരംഭിച്ച ‘ദ് പാഡ് പ്രൊജക്ടി’ന്റെ ഭാഗമായാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇന്ത്യൻ സ്ത്രീകളുടെ പോരാട്ടങ്ങൾ വിദേശ വനിതകൾ ചലച്ചിത്രമാക്കുക വഴി ഓസ്കാർ പുരസ്കാരം എന്ന പതിവിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഈ ചിത്രം. ‘പിരിയഡ്. എൻഡ് ഓഫ് സെന്റെൻസ്’ നെറ്റ്ഫ്ലിക്സിൽ ലഭ്യമാണ്.
‘ദി ഫേവറിറ്റ്’ ലെ അഭിനയത്തിന് ഒലിവിയ കോൾമാൻ മികച്ച നടിയായി തെരഞ്ഞെടുക്കപ്പെട്ടു. എയ്‌ഡ്‌സ് രോഗബാധിതനായി മരിച്ച ബ്രിട്ടീഷ് ഗായകൻ ഫ്രെഡി മെർക്കുറിയുടെ ജീവിത കഥ പറഞ്ഞ ‘ബൊഹീമിയൻ റാപ്‌സഡി’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ ഈജിപ്ഷ്യൻ വംശജനായ റാമി മാലക് മികച്ച നടനായി. ഗ്രീൻ ബുക്കിലെ അഭിനയത്തിന് മഹേർഷാല അലി മികച്ച സഹനടനുള്ള പുരസ്ക്കാരം കരസ്ഥമാക്കിയപ്പോൾ ‘ബെയ്ൽ സ്ട്രീറ്റ് കുഡ് ടോക്ക്’ എന്ന ചിത്രത്തിലൂടെ റെജീന കിംഗ് സഹനടിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും കറുത്തവംശജരാണ്.
ഓസ്കാർ ചരിത്രത്തിലാദ്യമായി മികച്ച ചിത്രങ്ങളുടെ നോമിനേഷൻ പട്ടികയിൽ ഇടം നേടിയ ഇംഗ്ലീഷ് ഇതര ചിത്രമായ ‘റോമ’ എന്ന ചിത്രത്തിലൂടെ അൽഫോൻസോ കോറൺ മികച്ച സംവിധായകനും ഛായാഗ്രാഹകനും ഉള്ള പുരസ്ക്കാരം കരസ്ഥമാക്കി. ഇത് ആദ്യമാണ് സംവിധായകന്റെ തന്നെ ഛായാഗ്രഹണ മികവിന് ഓസ്കാർ പുരസ്കാരം ലഭിക്കുന്നത്. സ്ട്രീമിംഗ് പ്ലാറ്റ്നെഫോം ആയ നെറ്റ്ഫ്ലിക്സ് നിർമ്മിച്ച മെക്സിക്കൻ ചിത്രമായ ‘റോമ’ തന്നെയാണ് മികച്ച വിദേശ ഭാഷ ചിത്രത്തിനുള്ള പുരസ്കാരവും നേടിയത്. നെറ്റ്ഫ്ലിക്സിലൂടെ ഓൺലൈൻ ആയി വിതരണം ചെയ്തിരിക്കുന്ന ഈ ചിത്രത്തിന് ലഭിച്ച മൂന്ന് പുരസ്കാരങ്ങളും നെറ്റ്ഫ്ലിക്സ് എന്ന സ്ട്രീമിംഗ് ഭീമന്റെ ഹോളിവുഡിലെ സ്വാധീനം വിളിച്ചോതുന്നവയാണ്. സിനിമകളുടെ പ്രദർശനം തീയേറ്ററുകളിൽ നിന്നും ഇന്റെർനെറ്റിലേക്ക് പതിയെ മാറിക്കൊണ്ടിരിക്കുന്ന ഈ കാലത്ത് നെറ്റ്ഫ്ലിക്സ് ചിത്രമായ ‘റോമ’ക്ക് ലഭിച്ച പുരസ്ക്കാരം സിനിമയുടെ നിർമ്മാണ വിതരണ മേഖലയിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ ഉണ്ടാക്കും എന്ന് തന്നെയാണ് വിദഗ്ദ്ധരുടെ നിരീക്ഷണം.
2016 ൽ Whiplash എന്ന ചിത്രത്തിലൂടെ ഡാമിയൻ ചാസെല്ലെക്ക് ലഭിച്ച മികച്ച സംവിധായകനുള്ള പുരസ്കാരം മാറ്റിനിർത്തിയാൽ 2013 മുതൽ 2018 വരെ ഉള്ള മികച്ച സംവിധായകർക്കുള്ള പുരസ്കാരം ലഭിച്ചിരിക്കുന്നത് സിനിമയിലെ മെക്സിക്കൻ ത്രിമൂർത്തികളെന്ന് അറിയപ്പെടുന്ന അലേജാൻഡ്രോ ഗോൺസാൽസ് ഇനറുത് (2014,2015), അൽഫോൺസോ കോറൺ (2013,2018), ഗ്വിൽർമോ ഡെൽ ടറോ (2017) എന്നിവർക്കാണ് എന്നുള്ളതും ഒരു പ്രത്യേകതയാണ്.
ബ്ലാക്ക് പാന്തർ എന്ന ചിത്രത്തിലൂടെ മികച്ച വസ്ത്രാലങ്കാരത്തിനുള്ള പുരസ്ക്കാരം റൂത്ത് കാർട്ടർക്ക് ലഭിച്ചു. ഓസ്കാർ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു കറുത്ത വംശജക്ക് വസ്ത്രാലങ്കാരത്തിനുള്ള ഓസ്കാർ ലഭിക്കുന്നത്. ഈ പുരസ്ക്കാരവും മറ്റ് സാങ്കേതിക പുരസ്കാരങ്ങളും ഓസ്കാർ ലഭിക്കുന്ന ആദ്യ മാർവെൽ സ്റ്റുഡിയോ ചിത്രം എന്ന ബഹുമതിക്ക് ‘ബ്ലാക്ക് പാന്തർ’നെ അർഹമാക്കി.
മികച്ച മൗലിക തിരക്കഥയ്‌ക്കുള്ള പുരസ്കാരവും ഗ്രീൻ ബുക്ക് എന്ന ചിത്രത്തിനാണ്. നിക്ക് വലെലോംഗാ, ബ്രയാൻ ക്യുറി, പീറ്റർ ഫാരെൽലി എന്നിവരാണ് ഇതിന്റെ രചയിതാക്കൾ. പീറ്റർ ഫാരെല്ലിയാണ് ഗ്രീൻ ബുക്കിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. യഥാർത്ഥ കഥയെ അടിസ്ഥാനമാക്കിയുള്ള ഗ്രീൻ ബുക്ക് 1962ൽ ആഫ്രിക്കൻ-അമേരിക്കൻ ക്ലാസിക്കൽ, ജാസ് പിയാനിസ്റ്റായ ഡോൺ ഷിർലിയും (മഹേർഷാല അലി) അദ്ദേഹത്തിന്റെ ഡ്രൈവറും അംഗരക്ഷകനുമായ ടോണി വലെലോംഗ (വിഗോ മോർട്ടൻസൻ) എന്ന ഇറ്റാലിയൻ അമേരിക്കക്കാരനും ചേർന്ന് ഡീപ്പ് സൗത്തിലേക്ക് (Deep South) നടത്തിയ യാത്രയുടെ കഥയാണ് ചിത്രം പറയുന്നത്.
അമേരിക്കയിലെ അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് വർഷം തോറും, പ്രധാനമായും ഹോളിവുഡ് ചിത്രങ്ങൾക്കായി നൽകിവരുന്ന ഓസ്കാർ അവാർഡിന്റെ 2018 ലെ ചിത്രങ്ങൾക്കുള്ള പുരസ്കാരങ്ങളാണ് വിതരണം ചെയ്തത്. ലോസ് ആഞ്ചലസിലുള്ള ഹോളിവുഡിലെ ഡോളി തിയേറ്ററിൽവച്ച് നടന്ന പുരസ്കാര ചടങ്ങിലാണ് അവാർഡുകൾ വിതരണം ചെയ്തത്. ചടങ്ങിന് അവതാരകർ ആരും തന്നെ ഇല്ലായിരുന്നു എന്നത് ഇപ്രാവശ്യത്തെ ഓസ്കാറിന്റെ പ്രത്യേകതയാണ്. നേരത്തെ അമേരിക്കൻ കൊമേഡിയൻ ആയ കെവിൻ ഹാർട്ടിനെ പരിപാടിയുടെ അവതാരകനായി നിശ്ചയിച്ചിരുന്നു എന്നാൽ കെവിൻ മുൻപ് ട്വിറ്ററിൽ നടത്തിയ സ്വവർഗ്ഗാനുരാഗം വിരുദ്ധ പരമർശങ്ങൾ വിവാദമായതിനെ തുടർന്ന് അക്കാദമി അദ്ദേഹത്തെ പരിപാടിയിൽ നിന്നും ഒഴിവാക്കുകയായിരുന്നു.
ഛായാഗ്രഹണം ചിത്രസംയോജനം തുടങ്ങിയ പുരസ്കാരങ്ങൾ ചടങ്ങിന്റെ ‘പരസ്യ ഇടവേളകളിൽ’ നൽകിയാൽ മതി എന്ന അക്കാദമിയുടെ തീരുമാനവും നേരത്തെ വിവാദമായിരുന്നു. വലിയ രീതിയിലുള്ള പ്രതിഷേധങ്ങളെ തുടർന്ന് അക്കാദമി ഈ തീരുമാനം പിൻവലിക്കുകയായിരുന്നു.
മറ്റു പ്രധാന പുരസ്കാരങ്ങൾ
മികച്ച ആനിമേഷൻ ഫീച്ചർ ഫിലിം- സ്പൈഡർ-മാൻ: ഇന്റു ദി സ്പൈഡർ-വേർസ്
മികച്ച അവലംബിത തിരക്കഥ ‘ബ്ലാക്ക്ക്ലാൻസ്മാൻ’ (BlacKkKlansman) എന്ന ചിത്രത്തിന്റെ രചയിതാക്കളായ ചാർലി വാച്ച്റ്റെൽ, ഡേവിഡ് റാബിനോവിറ്റ്സ്, കെവിൻ വിൽമോട്ട്, സ്പൈക് ലീ എന്നിവർ പങ്കിട്ടു.
മികച്ച ചിത്രസംയോജനം – ജോൺ ഓട്ട്മാൻ ചിത്രം ‘ബോഹെമിയൻ റോപ്സോഡി’
മികച്ച പ്രൊഡക്ഷൻ ഡിസൈനിന്നുള്ള പുരസ്കാരം ‘ബ്ലാക്ക് പാന്തർ’ എന്ന ചിത്രത്തിലൂടെ ലഭിച്ചത് പ്രൊഡക്ഷൻ ഡിസൈൻ: ഹന്നാ ബീച്ച്ലർ; സെറ്റ് ഡെക്കറേഷൻ: ജെ ഹാർട്ട് എന്നിവർക്കാണ്.
മികച്ച ശബ്ദ മിശ്രണംത്തിനുള്ള പുരസ്കാരം ബൊഹീമിയൻ റാപ്സൊഡി എന്ന ചിത്രത്തിലൂടെ പോൾ മസി, ടിം കാവാഗീൻ, ജോൺ കാസലി എന്നിവർക്ക് ലഭിച്ചു. മികച്ച ശബ്ദ സന്നിവേശത്തിനുള്ള പുരസ്കാരവും ഇതേ ചിത്രത്തിലൂടെ ജോൺ വാർഹെർസ്റ്റ്, നിന ഹാർട്ട്സ്റ്റൺ എന്നിവർക്കു ലഭിച്ചു
മികച്ച വിഷ്വൽ എഫക്റ്റ് പുരസ്കാരം ‘ഫസ്റ്റ് മാൻ’ എന്ന ചിത്രത്തിനാണ് – പോൾ ലാംബെർട്ട്, ഇയാൻ ഹണ്ടർ, ട്രിസ്റ്റൻ മൈൽസ്, ജെ.ഡി.ഷ്വാൾമ്
മികച്ച ഒറിജിനൽ സ്കോർ ബ്ലാക്ക് പാന്തർ എന്ന ചിത്രത്തിലെ പശ്ചാത്തല സംഗീതത്തിന് ലുഡ്വിഗ് ഗോരാൺസൻ കരസ്ഥമാക്കി.
‘എ സ്റ്റാർ ഈസ് ബോൺ’ എന്ന ചിത്രത്തിലെ ‘ഷാലോ’ എന്ന പാട്ടിനാണ് മികച്ച ഗാനത്തിനുള്ള പുരസ്ക്കാരം ലേഡി ഗാഗ,മാർക്ക് റോൺസൺ, ആന്റണി റോസ്സോമാൻഡോ, ആൻഡ്രൂ വ്യാറ്റ് എന്നിവരാണ് ഇതിന്റെ സംഗീതവും ഗാനരചനയും നിർവഹിച്ചത്.
മികച്ച മേക്കപ്പും കേശാലങ്കാരവും വൈസ് എന്ന ചിത്രത്തിനാണ് ലഭിച്ചത് 1981 മുതലാണ് ഈ വിഭാഗത്തിൽ ഓസ്കാർ പുരസ്കാരം ഏർപ്പെടുത്തിയത്.
ഫ്രീ സോളോ എന്ന ചിത്രമാണ് മികച്ച ഡോക്യുമെന്ററി ഫീച്ചർ
മികച്ച ആനിമേഷൻ ഹ്രസ്വ ചിത്രം – ബാവോ (Bao)
മികച്ച ഹ്രസ്വ ചിത്രം ‘സ്കിൻ’, ഗൈ നാട്ടിവ്, ജെയ്ം റേ ന്യൂമാൻ എന്നിവരാണ് സംവിധാനം