Mon. Dec 23rd, 2024
വയനാട്:

വയനാട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ അഞ്ചു ദിവസമായുള്ള കാട്ടു തീ തുടരുന്നു. നീലഗിരി ജൈവമണ്ഡലത്തിനു കീഴില്‍വരുന്ന ബന്ദിപ്പൂര്‍-മുതുമല കടുവാസങ്കേതങ്ങളിലും, ഇതിനോടു ചേര്‍ന്നുകിടക്കുന്ന വയനാട് വന്യജീവിസങ്കേതത്തിലുമാണ് കാട്ടു തീ വ്യാപകമാകുന്നത്. മുമ്പെങ്ങുമില്ലാത്ത വിധം വേനലിന്റെ തുടക്കത്തില്‍ത്തന്നെ ഇവിടെ കാട്ടു തീ അനിയന്ത്രിതമാകുകയാണ്. നൂറുകണക്കിനു ഹെക്ടര്‍ വനങ്ങളാണ് ഈ ജൈവമണ്ഡലത്തിലെ മൂന്നു വന്യജീവിസങ്കേതങ്ങളിലായി കത്തി നശിച്ചത്.

കാട്ടുതീയില്‍, വന്യജീവികളും, അപൂര്‍വയിനം സസ്യജാലങ്ങളും, സൂക്ഷ്മജീവികളും കത്തിയമര്‍ന്നിട്ടുണ്ട്. മൈസൂര്‍-ഊട്ടി ദേശീയപാത 67-ലേക്കു കൂടെ കാട്ടുതീ പടര്‍ന്നതോടെ ഈ ഭാഗത്തു കൂടിയുള്ള ഗതാഗതം തടസ്സപ്പെട്ടു. അഗ്‌നിശമനസേനയും, വനപാലകരും കാട്ടുതീ അണയ്ക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും, തീ പല ഇടങ്ങളിലേക്കും പടരുന്നുണ്ട്.

സാധാരണ, വര്‍ഷത്തിൽ, മാര്‍ച്ച് പകുതിയോടെയാണ് കാട്ടുതീ ശക്തമായിരുന്നത്. എന്നാല്‍ ഈ വര്‍ഷം വേനലിന്റെ തുടക്കത്തില്‍ത്തന്നെ ശക്തമായ കാട്ടുതീ ജൈവമണ്ഡലത്തെ ഏറെ ബാധിച്ചു.
വേനല്‍ കടുക്കുന്നതോടെ കാട്ടുതീയുടെ പ്രത്യാഘാതം കൂടും. പ്രദേശത്തെ നീരൊഴുക്കിനെ വരെ ബാധിക്കുന്ന രീതിയിലാണ് തീപിടുത്തം. കത്തിയമരുന്ന വനത്തിലെ മണ്ണിന്റെ ഘടനയിലെ മാറ്റം ജലസ്രോതസ്സുകളെയും ബാധിക്കും. അഞ്ചുദിവസത്തിനുള്ളില്‍ ചെതലയം, കുറിച്യാട്, ബത്തേരി റെയ്ഞ്ചുകളിലായി മുപ്പത്തിയാറിലേറെ സ്ഥലങ്ങളിലായാണ് കാട്ടുതീ പടര്‍ന്നത്. കാട്ടു തീ പടരുന്നതോടെ വന്യജീവികളും കാടിറങ്ങാനുള്ള സാധ്യതയുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *