കൊച്ചി:
ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെത്തുടര്‍ന്നുണ്ടായ വിഷപ്പുകയില്‍ അപകടസാധ്യത ഒഴിവായെന്നും സ്ഥിതി നിയന്ത്രണ വിധേയമാണെന്നും വിദഗ്ദ്ധർ. ഗൗരവമായ ആരോഗ്യപ്രശ്‌നങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെങ്കിലും പ്രദേശവാസികള്‍ ജാഗ്രതാ നിര്‍ദ്ദേശം പാലിക്കണമെന്ന് ആരോഗ്യവിഭാഗം അറിയിച്ചു.
ബ്രഹ്മപുരത്ത് പ്ലാസ്റ്റിക് ഉള്‍പ്പെട്ട മാലിന്യക്കൂമ്പാരം രണ്ടു ദിവസത്തിലധികം കത്തിയപ്പോള്‍ ഗുരുതരമായ വാതകങ്ങളാണ് പുറന്തള്ളപ്പെട്ടത്. പുകയുടെ സാന്നിദ്ധ്യം അന്തരീക്ഷത്തില്‍ വരുന്ന 48 മണിക്കൂര്‍ കൂടി തങ്ങി നില്‍ക്കാന്‍ സാധ്യതയുണ്ട്. അന്തരീക്ഷത്തിലെ പുകപടലങ്ങളുടെ, അനുവദനീയമായ അളവ് സൂചിപ്പിക്കുന്ന പി.എം.10 -ന്റെ അളവ് 100 പോയിന്റില്‍ കൂടരുത്. വെള്ളി, ശനി ,ഞായര്‍ ദിവസങ്ങളില്‍ കൊച്ചിയുടെ അന്തരീക്ഷത്തില്‍ ഈ അളവ്, യഥാക്രമം 188, 207, 152 പോയിന്റായിരുന്നു. ശ്വാസകോശത്തെ ബാധിക്കുന്ന പിഎം2.5 ന്റെ അനുവദനീയമായ അളവ് 60 ആയിരുന്നെങ്കില്‍ ഇത് ശനിയാഴ്ച മൂന്നിരട്ടി വര്‍ദ്ധിച്ച് 161 വരെയെത്തി. എന്നാല്‍ ഞായറാഴ്ച ഇത് 77 ലേക്ക് കുറഞ്ഞതിനാല്‍ അപകടസാധ്യത ഒഴിവായെന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കുന്നു. എങ്കിലും, കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഹൃദ്രോഗികള്‍, ശ്വാസകോശ സംബന്ധമായ അസുഖമുള്ളവർ എന്നിവരെല്ലാം പുക ശ്വസിക്കാതെ മാറി നില്‍ക്കണം.
കടലിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന നഗരമായതിനാലാണ് കൊച്ചിയില്‍ സ്ഥിതി നിയന്ത്രണവിധേയമായത്. ഈര്‍പ്പം കെട്ടി നില്‍ക്കാത്തതും, അന്തരീക്ഷത്തിലെ ചൂടും പ്രത്യാഘാതം കുറച്ചു. മാലിന്യം സംസ്‌കരിക്കാതെ തുറസ്സായ സ്ഥലത്ത് കൂട്ടിയിടുന്നത് ഇനിയും ഇത്തരം സാഹചര്യങ്ങള്‍ ആവര്‍ത്തിക്കാനിടയാക്കുമെന്നാണ് വിദഗ്ദ്ധരുടെ മുന്നറിയിപ്പ്. ഏതു സാഹചര്യം നേരിടാനും വൈറ്റില, ഇരുമ്പനം, തൃപ്പൂണിത്തുറ എന്നീ മേഖലകളില്‍ പ്രത്യേക മെഡിക്കല്‍ സംഘം തയ്യാറാണെന്ന് ജില്ലാ ആരോഗ്യവിഭാഗം അറിയിച്ചു.