Mon. Dec 23rd, 2024
വിശാഖപട്ടണം:

ഓസ്‌ട്രേലിയയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ ട്വൻറി-20 മത്സരത്തിൽ, ഇന്ത്യയ്ക്കു തോൽവി.
വിശാഖപട്ടണത്തെ വൈ എസ് ആർ സ്റ്റേഡിയത്തിൽ, അവസാനപന്തു വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തിൽ, മൂന്നു വിക്കറ്റിനാണ് ഓസീസ് ആതിഥേയരെ കീഴടക്കിയത്. അവസാന ഓവറില്‍ വിജയിക്കാനാവശ്യമായ 14 റണ്‍സ് അടിച്ചെടുത്താണ്, ഓസീസ് വിജയം പിടിച്ചെടുത്തത്.
നേരത്തെ, ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ ആരോണ്‍ ഫിഞ്ച്, ഫീല്‍ഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക്, നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്.

കെ.എല്‍ രാഹുലിന്റെ (50) അര്‍ദ്ധസെഞ്ചുറിയായിരുന്നു ഇന്ത്യൻ ഇന്നിങ്സിന്റെ നെടുംതൂൺ. തിരിച്ചുവരവ് ആഘോഷമാക്കിയ ലോകേഷ് രാഹുല്‍, 36 പന്തില്‍ നിന്നാണ് ഒരു സിക്സും ആറു ബൗണ്ടറിയുമടക്കം 50 റണ്‍സ് നേടിയത്. എം.എസ് ധോണി 29 റണ്‍സുമായി പുറത്താവാതെ നിന്നു. വിരാട് കോലി 24 റണ്‍സെടുത്തു. പക്ഷെ രോഹിത് ശര്‍മ (5), ഋഷഭ് പന്ത് (3), ദിനേശ് കാര്‍ത്തിക് (1), ക്രുനാല്‍ പാണ്ഡ്യ (1) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ, ഇന്ത്യയ്ക്കു നല്ലൊരു സ്കോർ പടുത്തുയർത്താൻ കഴിയാതെ പോയി. മൂന്നു വിക്കറ്റ് നേടിയ നഥാന്‍ കൗള്‍ട്ടര്‍ നൈലാണ്, ഇന്ത്യയെ തകര്‍ത്തത്. ഓരോ വിക്കറ്റെടുത്ത ജേസൺ ബെഹ്റെൻഡോർഫ്, ആദം സാംപ, പാറ്റ് കമ്മിൻസ് എന്നിവരും ഇന്ത്യയെ കൂറ്റൻ സ്കോറിലേക്കു കടക്കാതെ പിടിച്ചു കെട്ടുന്നതിൽ വിജയിച്ചു.

ഇന്ത്യ ഉയര്‍ത്തിയ 127 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ഓസീസ്, തുടക്കത്തിൽത്തന്നെ അഞ്ചു റണ്‍സിന് രണ്ടു വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ച്ചയിലായിരുന്നു. പക്ഷെ ഡാര്‍സി ഷോര്‍ട്ട് (37), ഗ്ലെന്‍ മാക്‌സ്‌വെല്‍ (56) എന്നിവരുടെ 84 റൺസിന്റെ കൂട്ടുകെട്ട് ഓസീസിനെ മത്സരത്തിലേക്ക് തിരിച്ചു കൊണ്ടു വന്നു. എന്നാല്‍ മാക്‌സ്‌വെല്ലിനെ യൂസ്‌വേന്ദ്ര ചാഹല്‍ മടക്കിയതോടെ ഓസീസ് സമ്മര്‍ദ്ദത്തിലായി. ഷോര്‍ട്ടാവട്ടെ, റണ്ണൗട്ടാവുകയും ചെയ്തു. പീറ്റര്‍ ഹാന്‍ഡ്‌സ്‌കോംപ് (13), ആഷ്ടണ്‍ ടര്‍ണര്‍ (0), നഥാന്‍ കൗള്‍ട്ടര്‍നൈല്‍ (4) എന്നിവര്‍ക്ക് ഇന്ത്യന്‍ ബൗളര്‍മാർക്കെതിരെ പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല. ഇതോടെ ഇന്ത്യയ്ക്കു വിജയ പ്രതീക്ഷയായി.

അവസാന ഓവറില്‍ 14 റണ്‍സാണ് ഓസീസിനു വേണ്ടിയിരുന്നത്. പന്തെറിഞ്ഞത് ഉമേഷ് യാദവ്. പാറ്റ് കമ്മിന്‍സും ജേ റിച്ചാഡ്‌സണുമായിരുന്നു ക്രീസിൽ. ആദ്യ പന്തില്‍ ഒരു റണ്‍. രണ്ടാം പന്ത്, റിച്ചാര്‍ഡ്‌സണ്‍ ബൗണ്ടറി നേടി. മൂന്നാം പന്തില്‍ രണ്ടു റണ്‍സും, നാലാം പന്തില്‍ ഒരു റണ്ണും കൂട്ടിച്ചേര്‍ത്തു. അവസാന രണ്ടു പന്തില്‍ വേണ്ടിയിരുന്നത് ആറു റണ്‍. അഞ്ചാം പന്തില്‍ പാറ്റ് കമ്മിന്‍സ് ബൗണ്ടറി നേടി. അവസാന പന്താവട്ടെ, ലോങ് ഓണിലേക്ക് തട്ടിയിട്ട് രണ്ടു റണ്‍ ഓടിയെടുക്കുകയും ചെയ്തു. അതോടെ, വിജയിക്കാമായിരുന്ന ഒരു മത്സരം, ഇന്ത്യ, ഓസ്‌ട്രേലിയക്കു മുന്നിൽ അടിയറ വെച്ചു.

മൂന്നു വിക്കറ്റു നേടിയ ജസ്പ്രീത് ബുമ്രയാണ് ഇന്ത്യൻ ബൗളിംഗ് നിരയിൽ മികച്ചു നിന്നത്. ഇന്ത്യക്കായി സ്പിന്നർ മായങ്ക് മാർകണ്ഡേ ടി-20 യിൽ അരങ്ങേറ്റം കുറിച്ചു. ഓസ്‌ട്രേലിയയ്ക്കായി മൂന്നു വിക്കറ്റ് നേടിയ നഥാന്‍ കൗള്‍ട്ടര്‍ നൈലാണ് മാൻ ഓഫ് ദി മാച്ച്. പരമ്പരയിലെ അടുത്ത മത്സരം, 27 നു ബംഗളുരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *