Mon. Dec 23rd, 2024
തിരുവനന്തപുരം:

മന്ത്രി കെ ടി ജലീലിന്റെ ബന്ധുനിയമനത്തോടെ വിവാദത്തിലായ, ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിലെ, ഡെപ്യൂട്ടി ജനറൽ മാനേജർ തസ്തികയിലേക്ക് വീണ്ടും അപേക്ഷ ക്ഷണിച്ചു. മന്ത്രി, ബന്ധുവിനായി മാറ്റം വരുത്തിയെന്നാരോപണമുയർന്ന അതേ യോഗ്യതകളാണ്, ഇക്കുറിയും ജനറൽ മാനേജർ തസ്തികയ്ക്ക് ആവശ്യപ്പെട്ടിരിക്കുന്നത്.

മൂനു മാസമായി ഒഴിഞ്ഞു കിടക്കുന്ന ജനറൽ മാനേജർ തസ്തികയിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ബിരുദം, എം.ബി.എ അല്ലെങ്കിൽ, ബി.ടെക്, പി.ജി.ഡി.സി.എ, സി.എ, സി.എസ്, ഐ.സി.ഡബ്ല്യൂ ആണ് യോഗ്യതയായി ആവശ്യപ്പെട്ടിരിക്കുന്നത്. ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷന്റെ ഔദ്യോഗിക വെബ്സൈറ്റിനു പുറമെ, പത്രങ്ങളിലും പരസ്യം നൽകിയിട്ടുണ്ട്.

സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, അംഗീകൃത ധനകാര്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ജോലി ചെയ്യുന്നവരിൽ നിന്നാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. അംഗീകൃത ധനകാര്യ സ്ഥാപനമെന്നത് ഇക്കുറി കൂട്ടിച്ചേർത്തതാണ്. സൗത്ത് ഇന്ത്യൻ ബാങ്കിൽ സീനിയർ മാനേജർ തസ്തികയിൽ നിന്നാണ് മന്ത്രി ബന്ധു കെ.ടി അദീബ്, ന്യൂനപക്ഷ ധനകാര്യ വികസന കോർപ്പറേഷനിൽ ഡപ്യൂട്ടേഷനിൽ നിയമിതനായത്. സൗത്ത് ഇന്ത്യൻ ബാങ്ക് പൊതുമേഖലാ സ്ഥാപനങ്ങളുടെ ഗണത്തിൽ പെടുമെന്നായിരുന്നു കോർപ്പറേഷന്റെ വാദം.
അഭിമുഖത്തിനു പോലും പങ്കെടുക്കാതിരുന്ന മന്ത്രി ബന്ധുവിനെ, യോഗ്യരായ 6 പേരെ തഴഞ്ഞ് നിയമനം നടത്തിയെന്നായിരുന്നു പരാതി. വിവാദത്തിനൊടുവിൽ, കഴിഞ്ഞ നവംബർ 11 ന് കെ ടി അദീബ് രാജിവച്ചു.

Leave a Reply

Your email address will not be published. Required fields are marked *