കാലിഫോർണിയ:
ഉപഭോക്താക്കളുടെ സ്വകാര്യത ചോർത്തുന്നതു സംബന്ധിച്ചു ഫേസ്ബുക്ക്, വാട്‌സാപ്പ്, ടിക് ടോക് പോലുള്ള പല മുന്‍നിര കമ്പനികളും പ്രതിക്കൂട്ടിൽ നിൽക്കുമ്പോൾ, ഗൂഗിളിനെക്കുറിച്ചും ഒരു ആരോപണം വന്നിരിക്കുന്നു. വീടുകളില്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ നല്‍കുന്നതിനായി ഗൂഗിള്‍ പുറത്തിറക്കിയ നെസ്റ്റ് ഗാര്‍ഡ് ഉപകരണത്തില്‍ രഹസ്യ മൈക്ക് ഉണ്ടെന്ന് ഉപഭോക്താക്കൾ കണ്ടെത്തിയതാണ് വിവാദമായിരിക്കുന്നത്.
അടുത്തിടെ, ശബ്ദം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന ഗൂഗിള്‍ അസിസ്റ്റന്റ് ഫീച്ചര്‍, നെസ്റ്റ് ഗാര്‍ഡിന്റെ പുതിയ സോഫ്റ്റ് വെയര്‍ അപ്‌ഡേറ്റില്‍ അപ്‌ഡേറ്റില്‍ ലഭ്യമാക്കുമെന്ന് ഗൂഗിള്‍ അറിയിച്ചപ്പോഴാണ്, അതില്‍ ഒരു മൈക്ക് ഒളിഞ്ഞിരുന്നിരുന്നു എന്ന കാര്യം ഉപയോക്താക്കള്‍ അറിഞ്ഞത്. ഇതോടെ നിരവധിയാളുകൾ ഇത് ഗൂഗിളിന്റെ സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണെന്ന് ആരോപിച്ചു രംഗത്തെത്തി. വീടുകളിൽ വെച്ചിരിക്കുന്ന സുരക്ഷാ ഉപകരണങ്ങളിലൂടെ തങ്ങളുടെ സംസാരം ചോർന്നിട്ടുണ്ടാകുമോ എന്ന ആശങ്കയാണ് അവർ പങ്കു വെച്ചത്.
മൈക്രോഫോണ്‍, ഉപകരണത്തില്‍ ഉണ്ടായിരുന്നു എന്നു സമ്മതിച്ച ഗൂഗിൾ, അത് രഹസ്യമായി വെച്ചതല്ലെന്നാണ് നൽകുന്ന വിശദീകരണം. ഗ്ലാസ് പൊട്ടുന്നതു പോലുള്ള ശബ്ദങ്ങളും മറ്റും തിരിച്ചറിഞ്ഞുള്ള സുരക്ഷാ സംവിധാനങ്ങള്‍ ഭാവിയില്‍ ഉള്‍പ്പെടുത്താമെന്നത് മുന്നില്‍ കണ്ടാണ്, നെസ്റ്റ് ഗാര്‍ഡില്‍, മൈക്രോ ഫോണ്‍ ഉള്‍പ്പെടുത്തിയത് എന്നാണു ഗൂഗിൾ പറയുന്നത്. കൂടാതെ, ഉപഭോക്താവിനു മാത്രമേ, മൈക്ക് പ്രവർത്തിക്കാനാവൂ എന്നും കമ്പനി പറയുന്നു. മറ്റു സവിശേഷതകള്‍ക്കൊപ്പം മൈക്രോഫോണ്‍ ഉള്ള കാര്യവും പറയേണ്ടതായിരുന്നു. അത് ഞങ്ങളുടെ ഭാഗത്തു നിന്നുമുണ്ടായ പിഴവാണ് എന്ന് ഗൂഗിള്‍ പ്രതിനിധി പറഞ്ഞു.
2014 ലാണ് ഗൂഗിള്‍ നെസ്റ്റിനെ സ്വന്തമാക്കിയത്. സ്‌മോക്ക് ഡിറ്റക്റ്ററുകള്‍, വീഡിയോ ഡോര്‍ബെല്ലുകള്‍, സെക്യൂരിറ്റി ക്യാമറ തുടങ്ങി നിരവധി ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ് (ഐ.ഒ.ടി) ഉത്പന്നങ്ങള്‍ നെസ്റ്റ് നിർമ്മിക്കുന്നുണ്ട്.
നേരത്തെ ഗൂഗിളിന്റെ സ്ട്രീറ്റ് വ്യൂ കാറുകള്‍, സുരക്ഷിതമല്ലാത്ത വൈഫൈ നെറ്റ് വര്‍ക്കുകളില്‍ നിന്നും, അബദ്ധത്തില്‍, ഇമെയില്‍ ഉള്‍പ്പെടെയുള്ള വ്യക്തിവിവരങ്ങള്‍ ശേഖരിച്ചതായി ഗൂഗിള്‍ വെളിപ്പെടുത്തിയിരുന്നു.