കോഴിക്കോട്:
വളയം ഗവ ആശുപത്രി കെട്ടിടം ഉദ്ഘാടനം ചെയ്ത് മടങ്ങുകയായിരുന്ന ആരോഗ്യ വകുപ്പ് മന്ത്രി പ്രദേശത്തെ കനത്ത ഗതാഗത കുരുക്കില്‍പ്പെട്ടു വലഞ്ഞു. മന്ത്രി പരിപാടികളെല്ലാം നേരത്തെ അറിയിച്ചിരുന്നെങ്കിലും ഗതാഗത കുരുക്കൊഴിവാക്കാന്‍ പോലീസിനു സാധിച്ചിരുന്നില്ല. ഈ ദേഷ്യം മന്ത്രിക്ക് പിന്നാലെ വന്ന മാദ്ധ്യമ പ്രവര്‍ത്തകരോട് തീര്‍ക്കുകയായിരുന്നു പോലീസ്.
രാവിലെ പത്തരയോടെ ഉദ്ഘാടനം കഴിഞ്ഞ്, കോഴിക്കോട് എം.എല്‍.എ എ. പ്രദീപ് കുമാറിന്റെ അമ്മ മരിച്ച വീട്ടിലേക്കും, അവിടെ നിന്ന് മറ്റൊരു പരിപാടിയിലും പങ്കെടുക്കാന്‍ പോകുകയായിരുന്ന മന്ത്രി, അര മണിക്കൂറോളമാണ് വളയത്ത് കുരുങ്ങി കിടന്നത്. കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുന്ന കാര്യം നേരത്തെ അറിയിച്ചെങ്കിലും, ഗതാഗത കുരുക്ക് ഒഴിവാക്കാനാവശ്യമായ നടപടികള്‍ പോലീസും കൈക്കൊണ്ടില്ല.
മന്ത്രിയുടെ വാഹനവ്യൂഹത്തിന് മുന്നില്‍ രണ്ട് വോള്‍വോ ബസ്സുകള്‍ വന്നതോടെ ഗതാഗതം പൂര്‍ണ്ണമായി തടസ്സപ്പെടുകയായിരുന്നു. ഏറെ പ്രയത്നിച്ചാണ് മന്ത്രിയുടെ വാഹന വ്യൂഹം കടന്ന് പോയത്. ഇതിനു പിന്നാലെ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന മാദ്ധ്യമ പ്രവര്‍ത്തകരോട്, ഗതാഗത കുരുക്കുണ്ടാക്കി എന്നാരോപിച്ച് എസ് ഐ വി.എം. ജയന്‍ തട്ടിക്കയറുകയും രാഷ്ട്രദീപിക ലേഖകന്‍ ടി.ഇ. രാധാകൃഷണനെയും, ദേശാഭിമാനി ലേഖകന്‍ സി. രാഗേഷിനെയും, അസംഭ്യം പറയുകയും, ബൈക്കിന്റെ താക്കോല്‍ ബലമായി പിടിച്ചു വാങ്ങുകയുമായിരുന്നു.
ഒടുവില്‍ ഇ.കെ.വിജയന്‍ എം എല്‍ എയും, നാദാപുരം ഡി വൈ എസ് പിയും ഇടപെട്ടാണ് ബൈക്കിന്റെ താക്കോല്‍ തിരിച്ച് നല്‍കിയത്.