Wed. Jan 22nd, 2025
കാസര്‍കോട്:

പെരിയ ഇരട്ട കൊലപാതക കേസ്, ക്രൈംബ്രാഞ്ച് നാളെ ഏറ്റെടുക്കും. കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്ത മുഴുവന്‍ പേരെയും പിടികൂടിയെന്നാണ്, ലോക്കല്‍ പോലീസിന്റെ അവകാശവാദം. പ്രതികളെ സഹായിച്ച ചിലരെ മാത്രമാണ് പിടികൂടാനുള്ളത്. പെരിയ കല്യോട്ട് സ്വദേശികളായ കൃപേശ് (19), ശരത് ലാൽ എന്ന ജോഷി (24) എന്നിവരാണ് കൊല്ലപ്പെട്ടത്. മുഖ്യപ്രതി പീതാംബരൻ, രാഷ്ട്രീയ വൈരം തീര്‍ക്കാന്‍ സുഹൃത്തുക്കളുമായി സംഘം ചേര്‍ന്ന് നടത്തിയ കൊലപാതകം എന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസുമായി ബന്ധപ്പെട്ട് തെളിവു ശേഖരണവും പൂര്‍ത്തിയാക്കി. ലോക്കല്‍ പോലീസ്, കേസ് നാളെ, ക്രൈംബ്രാഞ്ച് സംഘത്തിന് കൈമാറും.

അതേസമയം, കേസിലെ ഉന്നത ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കുകയാണ് കൊല്ലപ്പെട്ടവരുടെ കുടുംബം. കോൺഗ്രസ്സ് നേതാവ് കെ സുധാകരന്‍, ഇന്ന്, കൃപേഷിന്റെയും, ശരത്തിന്റെയും വീടുകള്‍ വീണ്ടും സന്ദര്‍ശിക്കും. അക്രമം നടത്തിയവര്‍ക്കെതിരെ കേസ് ശക്തമാക്കിയിട്ടുണ്ട്. ഉദുമ എം.എല്‍.എ കെ കുഞ്ഞിരാമന്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തെ സന്ദര്‍ശിച്ചേക്കുമെന്ന സൂചനയും ഉണ്ട്.

അതേസമയം, പെരിയയില്‍ കൊല്ലപ്പെട്ട കൃപേഷിനെ വകവരുത്താന്‍, പ്രതികള്‍ നേരത്തെ തന്നെ തീരുമാനിച്ചതിന്റെ തെളിവുകള്‍ പുറത്തു വന്നിട്ടുണ്ട്. കൊലപാതകത്തിലെ അഞ്ചാം പ്രതിയായ അശ്വിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കൃപേഷിനെ കൊലപ്പെടുത്താന്‍ ഗൂഢാലോചന നടന്നതായി സൂചനയുള്ളത്. സംഭവത്തില്‍, കൃപേഷ് ബേക്കല്‍ സ്റ്റേഷനിലും, സൈബര്‍ സെല്ലിലും പരാതി നല്‍കിയതിനും തെളിവുകളുണ്ട്. കല്ലിയോട് സ്‌കൂളില്‍ എസ്‌.എഫ്‌.ഐയുടെ നേതൃത്വത്തില്‍ നടത്തിയ അഭിമന്യു കുടുംബസഹായ ഫണ്ട് പിരിവിനെതിരെ കൃപേഷ് പ്രതികരിച്ചിരുന്നു. തുടര്‍ന്ന് അശ്വിന്റെ സഹോദരന്‍, ഫേസ്ബുക്കിൽ, കൃപേഷിന്റെ ചിത്രമുള്‍പ്പെടെ വച്ച്‌ പോസ്റ്റിട്ട് ‘ഓന്‍ ചാവാന്‍ റെഡിയായി ഇവിടെ എല്ലാവരും സെറ്റ് ആയി’..എന്നും കുറിച്ചിരുന്നു.

പെരിയിലെ സഖാക്കള്‍ എന്ന പേജില്‍ പ്രത്യക്ഷപ്പെട്ട പോസ്റ്റില്‍, കൃപേഷ് കല്ലിയോട്ടെ ഒരു നേര്‍ച്ചക്കോഴിയാണെന്ന് പരസ്യമായി പറയുന്നുണ്ട്. കൃപേഷിന്റെ പ്രൊഫൈല്‍ ലിങ്ക് ഉള്‍പ്പെടെ വച്ചുകൊണ്ടാണ് പോസ്റ്റ്. ഇതുകൂടാതെ, സി.പി.എം അനുഭാവമുള്ള വിവിധ വാട്‌സാപ്പ് കൂട്ടായ്മകളിലും കൃപേഷിനെതിരെ വ്യാപകമായി പ്രചാരണം നടന്നതിനും തെളിവുകളുണ്ട്. ഇതിന്റെയെല്ലാം സ്‌ക്രീന്‍ ഷോട്ട്‌സ് ഉള്‍പ്പെടെയാണ് കൃപേഷ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. കേസില്‍ ഏഴു പേര്‍ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്. ഇന്നലെ റിമാന്‍ഡ് ചെയ്ത അഞ്ചു പ്രതികളുടെയും കസ്റ്റഡി അപേക്ഷ പൊലീസ് തിങ്കളാഴ്ച സമര്‍പ്പിക്കും.

Leave a Reply

Your email address will not be published. Required fields are marked *