അഹമ്മദാബാദ്:
2012 ൽ നടന്ന താൻഗഡ് ദളിത് കൊലപാതകത്തിന്റെ റിപ്പോർട്ട് ചർച്ചചെയ്യുവാൻ ആവശ്യപ്പെട്ടപ്പോൾ നിരസിച്ച് ബി.ജെ.പി സർക്കാർ. ഇത്, 1952 ലെ കമ്മീഷൻ ഓഫ് എൻക്വയറീസ് ആക്റ്റ് കമ്മീഷൻ ചെയ്തിട്ടില്ലെന്നാണ് ന്യായികരണം. ദളിത് നേതാവും, വാദ്‌ഗാം എം എൽ എ യുമായ ജിഗ്നേഷ് മേവാനിയാണ് റിപ്പോർട്ട് ചർച്ച ചെയ്യാൻ ആവശ്യപ്പെട്ടത്.
2012 ൽ താൻഗഡ് ടൗണിൽ നടന്ന പോലീസ് വെടിവെപ്പിൽ മൂന്നു ദളിതരാണ് കൊല്ലപ്പെട്ടത്. ഇതു സംബന്ധിച്ച റിപ്പോർട്ട് 2013 മെയ് – ൽ സംസ്ഥാന ആഭ്യന്തര മന്ത്രാലയത്തിനു സമർപ്പിച്ചിട്ടുണ്ട്. എന്നിട്ടും ഇത് എന്തുകൊണ്ടാണ്, നിയമസഭയിൽ ചർച്ചയ്ക്ക് വയ്കാത്തത് എന്നാണ് ജിഗ്നേഷ് മേവാനി ചോദിക്കുന്നത്.
2016 ലെ ആനന്ദി ബെൻ പട്ടേലിന്റെ നേതൃത്വത്തിലുള്ള സർക്കാരും റിപ്പോർട്ട് ചർച്ച ചെയ്തിട്ടില്ല. റിപ്പോർട്ട് തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നാണ് അന്ന് നൽകിയിരുന്ന മറുപടി. ആശാറാം ബാപ്പുവിന്റെ ആശ്രമത്തിൽ നടന്ന, രണ്ടു കുട്ടികളുടെ മരണത്തെപ്പറ്റിയുള്ള റിപ്പോർട്ടും അണിയറയിലാണെന്നാണ് സർക്കാർ പറയുന്നത്.
ആശാറാം ബാപ്പുവിന്റെ ആശ്രമത്തിൽ പഠിച്ചു കൊണ്ടിരിക്കെ രണ്ട് ആൺകുട്ടികൾ ദൂരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ട കേസിന്റെ റിപ്പോർട്ട് ഡി കെ ത്രിവേദി കമ്മീഷൻ പൂർത്തിയാക്കിയെങ്കിലും, പൊതുവായി ചർച്ച ചെയ്യാൻ സാധിക്കില്ലെന്ന് ധനേര എം എൽ എ നന്ദിതഭായി പട്ടേൽ പറഞ്ഞു. നളിയാ കൂട്ട ബലാത്സംഗകേസ് അന്വേഷിക്കുന്ന ജസ്റ്റിസ് ദവെ കമ്മിഷന് വേണ്ടി 2018 ഡിസംബർ 31 വരേയ്ക്കും 70 ലക്ഷത്തിലധികം രൂപ ചിലവിട്ടെന്നും നന്ദിതഭായി കൂട്ടി ചേർത്തു. കാലവാദിലെ കോൺഗ്രസ് എം എൽ എ പരിൻഭായിയുടെ ചോദ്യത്തിന് മറുപടിയെന്നോണമാണ് അവർ ഈ ഉത്തരം പറഞ്ഞത്. 2017 മാർച്ചിൽ ജസ്റ്റിസ് ദവെ കമ്മീഷൻ രൂപീകരിച്ചെങ്കിലും 2018 മാർച്ചിലാണ് ആദ്യമായി ഒത്തു കൂടിയത്.
കമ്മീഷൻ ഓഫ് എൻക്വയറിയുടെ കീഴിൽ, കമ്മീഷനുകൾ ആരംഭിക്കുമ്പോൾ റിപ്പോർട്ടുകൾ മൂന്നു മാസത്തിനകം സമർപ്പിക്കണമെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജ പറഞ്ഞിരുന്നു. മുൻ ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ കമ്മീഷൻ തുടങ്ങണമെന്ന് ആവശ്യപ്പെട്ടത്, പ്രതിപക്ഷമായ കോൺഗ്രസ് പാർട്ടിയാണ്.
34 കാരിയായ യുവതിയെ നിർബന്ധിച്ച് സെക്സ് റാക്കറ്റിലേക്ക് കൊണ്ടുവരികയും കൂട്ട ബലാത്സംഗത്തിനിരയാക്കുകയും ചെയ്തുവെന്നാണ് നലിയ കേസ്. ഇതിൽ ബി.ജെ.പി പാർട്ടി പ്രവർത്തകരും നേതാക്കളുമുൾപ്പെടെ പ്രതികളാണ്.