തൃശൂര്‍:
സാംസ്‌കാരിക നായകര്‍ക്ക് വാഴപ്പിണ്ടി സമര്‍പ്പിച്ചതിന്റെ പേരില്‍, യൂത്ത് കോണ്‍ഗ്രസ്സിനെതിരെ പൊലീസ് കേസ്സെടുത്തതോടെ, മുഖ്യമന്ത്രിയുടെ വസതിയിലേക്ക്, വാഴപ്പിണ്ടി അയയ്ക്കല്‍ സമരം, പ്രവര്‍ത്തകര്‍ വേഗത്തിലാക്കി. തൃശ്ശൂരിലെ പ്രകടനത്തിനു ശേഷം, സ്പീഡ് പോസ്റ്റോഫീസിലെത്തിയാണ്, ക്ലിഫ് ഹൗസിലേക്ക് വാഴപ്പിണ്ടി പാഴ്‌സല്‍ സമരം നടന്നത്. എന്നാല്‍ സമരത്തെ പോലീസ് തടയുകയും വാഴപ്പിണ്ടി
പാഴ്‌സല്‍ ആയി കൈപ്പറ്റുന്നത് പോസ്റ്റല്‍ അധികൃതര്‍ വിലക്കുകയും ചെയ്തു. തുടര്‍ന്ന് സ്വകാര്യ പാഴ്‌സല്‍ സര്‍വ്വീസ് മുഖേനയാണ് മുഖ്യമന്ത്രിക്ക് വാഴപ്പിണ്ടി അയച്ചത്.
കാസര്‍കോട്ടെ പെരിയ ഇരട്ടക്കൊലപാതക വിഷയത്തില്‍ സംസ്‌കാരിക നായകരുടെ മൗനത്തില്‍ പ്രതിഷേധിച്ചാണ് സാഹിത്യ അക്കാദമിയില്‍ വാഴപ്പിണ്ടി വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിച്ചത്. എന്നാൽ, സമരം നടത്തിയവര്‍ സാമൂഹ്യവിരുദ്ധരെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ വിമര്‍ശിച്ചിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി പിണറായി വിജയന് വാഴപ്പിണ്ടി അയക്കുമെന്ന് യൂത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചത്.
തൃശൂര്‍ ഡി.സി.സി ജനറല്‍ സെക്രട്ടറിയും യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ജോണ്‍ ഡാനിയല്‍, യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി അഡ്വ സുനില്‍ ലാലൂര്‍ തുടങ്ങി പത്തോളം പേര്‍ക്കെതിരെയാണ് ടൗണ്‍ ഈസ്റ്റ് പൊലീസ് കേസ് എടുത്തത്. സമരത്തിനെതിരെ മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ് വന്നതിനു ശേഷമാണ് കേസ് എടുത്തത്. ഇതോടെ വാഴപ്പിണ്ടി സമരം ശക്തമാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് തീരുമാനിക്കുകയായിരുന്നു.