ഇന്ത്യൻ സൂപ്പർ ലീഗ് ഫുടബോളിൽ ബംഗളൂരു എഫ് സി എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് എഫ് സി ഗോവയെ തോൽപ്പിച്ചു. രണ്ടാം പകുതിയിലാണ് ബംഗളൂരു മൂന്നു ഗോളുകളും നേടിയത്. ജുവാനന്‍, ഉദാന്ത സിങ്, മികു എന്നിവരാണ് ബംഗളൂരു എഫ്‌സിയുടെ ഗോളുകള്‍ നേടിയത്. വിജയത്തോടെ, ബംഗളൂരു പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനത്തെത്തി. ജയത്തോടെ ബെംഗളൂരു പ്ലേഓഫ് ഉറപ്പിക്കുകയും ചെയ്തു.
42ാം മിനിറ്റില്‍ ബംഗളുരുവിന്റെ നിഷു കുമാര്‍ രണ്ടാം മഞ്ഞക്കാര്‍ഡ് കണ്ട് പുറത്തായി. എന്നാല്‍ ഇതില്‍ രണ്ടാമത്തേത് കാര്‍ഡ് അര്‍ഹിക്കുന്ന ഫൗള്‍ ആയിരുന്നില്ലെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
അതിനു ശേഷം പത്തു പേരായി ചുരുങ്ങിയ ബംഗളൂരു ടീം അവിശ്വസനീയമായ പ്രകടനമാണ് ഹോം ഗ്രൗണ്ടിൽ പുറത്തെടുത്തത്.
65 ശതമാനം ബോൾ പൊസഷൻ ഗോവയ്ക്കുണ്ടായെങ്കിലും ലക്‌ഷ്യം കാണുന്നതിൽ അവർ പരാജയപ്പെട്ടു. മൂന്നു ഗോളും പിറന്നത് നിഷു കുമാര്‍ ചുവപ്പ് കാര്‍ഡ് കിട്ടി പുറത്ത് പോയ ശേഷമായിരുന്നു. 17 മത്സരങ്ങളില്‍ 34 പോയിന്റാണ് ബംഗളൂരുവിനുള്ളത്. ഇത്രയും മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ എഫ്‌സി ഗോവയ്ക്ക് 31 പോയിന്റുമായി ലീഗിൽ രണ്ടാമതാണ്. രണ്ടു ടീമിനും ഓരോ മത്സരങ്ങൾ അവശേഷിക്കുന്നുണ്ട്.