Sun. Dec 22nd, 2024
#ദിനസരികള് 676

നോട്ട (None of the Above) നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് People’s Union for Civil Liberties (PUCL) നല്കിയ ഹരജി തീര്‍പ്പാക്കിക്കൊണ്ട് സുപ്രീംകോടതി ഇങ്ങനെ പറഞ്ഞു “We direct the Election Commission to provide necessary provision in the ballot papers/EVMs and another button called “None of the Above” (NOTA) may be provided in EVMs so that the voters, who come to the polling booth and decide not to vote for any of the candidates in the fray, are able to exercise their right not to vote while maintaining their right of secrecy.” (Wiki) മത്സരരംഗത്തുള്ള സ്ഥാനാര്‍ത്ഥികളെല്ലാവരും തന്നെ തനിക്ക് അനഭിമതരാണെന്നും, അതുകൊണ്ടുതന്നെ അവര്‍‌ക്കെതിരെ പ്രതിഷേധ വോട്ടു ചെയ്യാനുമുള്ള അവകാശം പൌരന്മാര്‍ക്ക് അനുവദിക്കുന്ന ഈ നിര്‍‌ദ്ദേശത്തിന് നമ്മുടേതു പോലെയുള്ള ജനാധിപത്യരാജ്യത്ത് വലിയ പ്രസക്തിയും പ്രാധാന്യവുമുണ്ട്. അതോടൊപ്പം, തങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ ഉയര്‍ന്ന ധാര്‍മികതയും നീതിബോധവുമുള്ളവരുമായിരിക്കണമെന്ന് രാഷ്ട്രീയപ്പാര്‍ട്ടികളെക്കൊണ്ട് കര്‍ശനമായും ചിന്തിപ്പിക്കുവാന്‍ നോട്ട സഹായകമാകുമെന്ന പ്രത്യാശയും കോടതി പ്രകടിപ്പിക്കുന്നുണ്ട്.

നിശ്ചയിക്കപ്പെട്ട ഒരു നിര സ്ഥാനാര്‍ത്ഥികളില്‍ നിന്ന്, ഒരാളെ തെരഞ്ഞെടുക്കുകയെന്ന നിര്‍ബന്ധത്തില്‍ അഭിപ്രായ വ്യത്യാസത്തിന് ഏറെ സാധ്യതയുണ്ട്. വ്യക്തമായി പറഞ്ഞാല്‍, പത്തു കള്ളന്മാരില്‍ നിന്നും ഒരാളെ സ്വീകരിക്കണം എന്ന അവസ്ഥയുണ്ടാകുന്നത് വളരെ ദയനീയമാണല്ലോ. പിന്നീട് ഈ കള്ളന്റെ കീഴില്‍ വരുന്ന അഞ്ചുകൊല്ലക്കാലം നാം കീഴടങ്ങേണ്ടിവരുന്നുവെന്ന ദുര്യോഗത്തിന് നോട്ട അവസാനംകുറിക്കുമെന്നാണ് പ്രതീക്ഷ. കൊള്ളാവുന്നവരും, ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുന്നവരുമായ ആളുകളെ, സ്ഥാനാര്‍ത്ഥികളാക്കാന്‍ രാഷ്ട്രീയ പാര്‍ട്ടികളെ നിര്‍ബന്ധിതരാക്കുമെന്നതും, നോട്ട നല്കുന്ന ഗുണപരമായ സേവനം തന്നെയാണ്.

എന്നാല്‍, സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വ്യക്തികളുടെ ഇഷ്ടാനിഷ്ടങ്ങള്‍‌ക്കപ്പുറം നോട്ട ജനാധിപത്യ ഭരണക്രമത്തെ ശക്തിപ്പെടുത്തുന്നതാണോ എന്ന ചോദ്യത്തിനു പ്രസക്തിയുണ്ട്. അല്ല എന്നാണുത്തരം. ജനാധിപത്യം നിലനില്ക്കുന്നതുതന്നെ ജനകീയമായ പങ്കാളിത്തങ്ങളുടെ അടിത്തറയിലാണ്. വിഖ്യാതമായ നിര്‍വചനത്തില്‍ ജനങ്ങള്‍ക്കു വേണ്ടി, ജനങ്ങളാല്‍, ജനങ്ങളുടെ എന്നാണല്ലോ ജനാധിപത്യത്തെ വിശേഷിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ പ്രക്രിയയില്‍ നിന്നും ഏതെങ്കിലും തരത്തിലുള്ള വിട്ടുനില്ക്കലുകള്‍ വിശാലമായ‌ ആ സങ്കല്പത്തെ ദുര്‍ബലപ്പെടുത്തുമെന്ന കാര്യത്തില്‍ സംശയം വേണ്ട. മാറി നില്ക്കലുകളല്ല, കൂടിച്ചേരലുകളാണ് ജനാധിപത്യത്തിന്റെ ശക്തി എന്ന കാര്യം വളരെ സുവ്യക്തമാണല്ലോ.

വ്യക്തിസ്വാതന്ത്ര്യമെന്നത്, വളരെ വിശാലമായ അര്‍ത്ഥത്തില്‍ സംവദിക്കപ്പെടേണ്ടതും, പരിഗണിക്കപ്പെടേണ്ടതുമായ ഒന്നാണെങ്കിലും, പരിമിതികളില്ലാത്തത് എന്നൊരര്‍ത്ഥം അതിനു വന്നു ചേരുന്നത് ഗുണത്തെക്കാളേറെ ദോഷം ചെയ്യുകയേയുള്ളുവെന്നാണ് എന്റെ അഭിപ്രായം. ഭരണഘടന വിഭാവനം ചെയ്യുന്ന ജനാധിപത്യം ശക്തിപ്പെടണമെങ്കില്‍ അത്തരമൊരു പരിമിതിയെക്കുറിച്ചു കൂടി നാം ബോധവാന്മാരാകേണ്ടതുണ്ട്. അതുകൊണ്ടുതന്നെ, ജനാധിപത്യത്തിലെ തിരഞ്ഞെടുപ്പുകള്‍ വോട്ടു ചെയ്യാതിരിക്കാനുള്ള അവകാശത്തെ വകവെച്ചു തരുന്നതല്ല, മറിച്ച് തന്റെ രാജ്യത്തിലെ ജനതയോട് ഫലപ്രദമായി വോട്ടുചെയ്യാന്‍ നിരന്തരം പ്രേരിപ്പിച്ചുകൊണ്ടിരിക്കുന്നതാണ്. ഫലപ്രദമായി എന്ന പദത്തിന്റെ വിവക്ഷകളെ അങ്ങേയറ്റത്തോളം വലിച്ചു നീട്ടിയതാണ് നോട്ട. എന്നാല്‍ വ്യക്തിസ്വാതന്ത്ര്യത്തെ സംരക്ഷിക്കുന്നതെന്ന് നമുക്ക് വാദിക്കാമെങ്കിലും ആത്യന്തികമായി ജനാധിപത്യത്തെ ദുര്‍ബലപ്പെടുത്തുക വഴി ജനതയുടെ നിലനില്പിനെത്തന്നെ അപകടത്തിലാക്കുകയാണ് ചെയ്യുന്നത് എന്നതാണ് വസ്തുത.

അതുപോലെത്തന്നെ നോട്ട നല്ക്കുന്ന നിഷ്പക്ഷനായിരിക്കാനുള്ള അവകാശത്തെക്കുറിച്ചും, തിളങ്ങുന്ന വിശേഷണങ്ങള്‍ നാം കേള്‍ക്കാറുണ്ട്. തനിക്ക് രാഷ്ട്രീയത്തില്‍ താല്പര്യമില്ലെന്നും എല്ലാം കണക്കാണെന്നും മറ്റും ഉപരിപ്ലവമായി വാദിച്ചു രസിക്കുന്നവര്‍ നമുക്കിടയിലുണ്ട്. കക്ഷിരാഷ്ട്രീയത്തിന്റെ നന്മതിന്മകളെ ജനാധിപത്യം അവകാശപ്പെടുന്ന രാഷ്ട്രീയത്തില്‍ നിന്നും വേര്‍തിരിച്ചു കാണാന്‍ ശേഷിയില്ലാത്ത അക്കൂട്ടരുടെ പ്രലപനങ്ങള്‍ ജനാധിപത്യ സങ്കല്പത്തില്‍ ആരും വിലമതിക്കുമെന്ന് കരുതുന്നില്ല.

ആത്യന്തികമായി, നിഷ്പക്ഷത, ജനാധിപത്യത്തില്‍ ഒരു അവകാശമോ അലങ്കാരമോ അല്ല. രാജ്യത്തെ മുന്നോട്ടു നയിക്കാന്‍ കഴിയുന്ന, ജനതയെ ഒന്നിച്ചു നിറുത്താന്‍ കഴിയുന്ന, ബൌദ്ധികവും സാംസ്കാരികവുമായ ഉണര്‍ച്ചകള്‍ക്ക് നിദാനമായിരിക്കുന്ന മൂല്യവത്തായ കാഴ്ചപ്പാടുകളോട് ചേര്‍ന്നു നടക്കുകയാണ് ജനാധിപത്യബോധമുള്ളവര്‍ ചെയ്യേണ്ടത്. വിയോജിപ്പുകളെ പരിധിയില്ലാതെ വലിച്ചു നീട്ടി എക്കാലത്തേക്കുമായി സംരക്ഷിച്ചു നിറുത്തുകയെന്നത് നല്ലൊരു കീഴ്വഴക്കമായി വ്യാഖ്യാനിക്കപ്പെടരുത്. ഭരണഘടന പ്രദാനം ചെയ്യുന്ന അവകാശങ്ങളെ സംരക്ഷിച്ചു നിറുത്തണമെങ്കില്‍ ജനാധിപത്യപ്രക്രിയയില്‍ പൌരന്മാരുടെ സജീവമായ പങ്കാളിത്തം അനുപേക്ഷണീയമാണ്. ഭിന്നിച്ച് മാറിനില്ക്കുമ്പോള്‍ വിഘടന – വിഭജന സ്വഭാവമുള്ളവര്‍ അരങ്ങു കൈയ്യേറുന്ന ദുസ്ഥിതിയായിരിക്കുമുണ്ടാകുക.

വര്‍ത്തമാനകാലത്ത്, രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പ്രവര്‍ത്തനങ്ങളിലും, ഇടപെടലുകളിലും പൊതുജനങ്ങള്‍ക്ക് അഭിപ്രായവ്യത്യാസവും താല്പര്യക്കുറവും വര്‍ദ്ധിച്ചിരിക്കുന്നു. അരാഷ്ട്രീയത സജീവമായ ഒരു മൂല്യമായിപ്പോലും പരിഗണിക്കപ്പെടുന്നു. താനൊന്നിലും കക്ഷിയല്ലെന്ന് പൊതുവേദികളില്‍ പ്രഖ്യാപിക്കുന്നത് അഭിമാനകരമായ ഒന്നാണെന്ന ധാരണ പരക്കുന്നു. നിഷ്പക്ഷരായ കലാകാരന്മാര്‍ സവിശേഷമായി പ്രോത്സാഹിക്കപ്പെടുന്നു. എന്നാല്‍, ഇതൊക്കെ താല്കാലികവും രാഷ്ട്രത്തിന്റെ നിലനില്പിനെപ്പോലും അസ്ഥിരപ്പെടുത്തുന്നതുമാണെന്ന തിരിച്ചറിവ് നമുക്കുണ്ടാകേണ്ടതുണ്ട്. അതല്ലെങ്കില്‍, നമ്മെ നിഷ്ക്രിയരായി നിറുത്തി സക്രിയരായ സങ്കുചിത മതജാതി താല്പര്യക്കാര്‍ നാളെ നമുക്കുമുകളില്‍ മേലാളന്മാരായി അവരോധിക്കപ്പെടുമെന്ന തിരിച്ചറിവ് ഇനിയെങ്കിലുമുണ്ടാകേണ്ടതുണ്ട്.

അതുകൊണ്ട് നിഷ്പക്ഷനായിരിക്കാന്‍ ജനാധിപത്യത്തില്‍ നിങ്ങള്‍ക്ക് അവകാശമില്ല എന്നാണ് നാം പ്രഖ്യാപിക്കേണ്ടത്.

മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *