കോഴിക്കോട്:
132 വര്‍ഷം പഴക്കമുള്ള കല്‍ക്കരി എന്‍ജിൻ തീവണ്ടിക്ക് കോഴിക്കോട് റെയില്‍വേ സ്റ്റേഷനില്‍ പുതുജീവന്‍. പൈതൃക സംരക്ഷണത്തിന്റെ ഭാഗമായി തീവണ്ടി പ്രവര്‍ത്തിപ്പിച്ച് സന്ദര്‍ശകര്‍ക്ക് വേറിട്ട അനുഭവം ഒരുക്കിയിരിക്കുകയാണ് റെയില്‍വേ. നാലാം പ്ലാറ്റ്‌ഫോമിനു പുറത്താണിത്. ഏഴു വര്‍ഷം മുമ്പ് റെയില്‍വേയുടെ 125-ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്ഥാപിച്ച കല്‍ക്കരി എന്‍ജിന്‍ തീവണ്ടിയാണ് വീണ്ടും പ്രവര്‍ത്തിപ്പിച്ചത്. എന്‍ജിനില്‍ നിന്ന് പുക ഉയരുന്നതും ചക്ര സഞ്ചാരവും ശബ്ദവുമെല്ലാം കാഴ്ചക്കാർക്ക് വേറിട്ട അനുഭവമൊരുക്കി.
ഇന്ത്യന്‍ റെയില്‍വേക്കായി 1887-ല്‍ സ്‌കോട്ട്‌ലന്റ് കമ്പനി ഷാര്‍പ്പ് സ്റ്റുവര്‍ട്ട് ലിമിറ്റഡാണ് ഇത് നിര്‍മ്മിച്ചത്. 15 ടണ്ണാണ് ലോക്കോയുടെ ഭാരം. സമതലത്തില്‍ 40 കിലോമീറ്റര്‍ വേഗതില്‍ ഓടിയിരുന്ന എന്‍ജിനാണിത്. രണ്ടു പവര്‍ സിലിണ്ടറുകളുണ്ട്. വാല്‍ഷെര്‍ട്ട്‌സ് വാല്‍വ് ഗിയര്‍ മെക്കാനിസമാണ് ഉപയോഗിക്കുന്നത്. 5.87 മീറ്റര്‍ നീളവും 1.75 മീറ്റര്‍ വീതിയും 2.55 മീറ്റര്‍ ഉയരവുമാണ് എന്‍ജിന്റെ അളവ്. ഇതിനോട് ചേര്‍ന്ന് ഷൊര്‍ണ്ണൂര്‍-മംഗലാപുരം പാതയിലെ അവസാന സെമഫോര്‍ സിഗ്‌നലും സ്ഥാപിച്ചിട്ടുണ്ട്.
ഏകദേശം ഒരു ലക്ഷം രൂപ ചെലവിലാണ് നവീകരണ പ്രവൃത്തികള്‍ നടത്തിയത്. ഇതിനു പിന്നിലായി 20 സെന്റ് സ്ഥലത്ത് മനോഹരമായ പൂന്തോട്ടവും റെയില്‍വേ ഒരുക്കുന്നുണ്ട്. ഇതിന്റെ നിര്‍മ്മാണ പ്രവൃത്തികളും ആരംഭിച്ചിട്ടുണ്ട്. എതാണ്ട് ആറു ലക്ഷം രൂപ ചെലവഴിച്ചാണ് പൂന്തോട്ട നിര്‍മാണം. പൂന്തോട്ടവും പൈതൃക തീവണ്ടിയും ദേശീയ പതാകയുമൊക്കെയായി യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ദൃശ്യ വിരുന്നൊരുക്കുക തന്നെയാണ് റെയില്‍വേയുടെ ലക്ഷ്യം.
ആഴച്ചയിലൊരിക്കല്‍ യാത്രക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുമായി തീവണ്ടി എന്‍ജിന്‍ പ്രവര്‍ത്തിപ്പിക്കും. സതേൺ റെയില്‍വേ പ്രിന്‍സിപ്പല്‍ സി.എം.ഇ എ.കെ. കട്‌പാൽ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ചു. സീനിയര്‍ ഡി.എം.എ ബി. വേണുഗോപാല്‍, സീനിയര്‍ സെക്ഷന്‍ എന്‍ഞ്ചിനീയര്‍ കെ. ഹാരിസ് തുടങ്ങിയവര്‍ പങ്കെടുത്തു.