കോഴിക്കോട്:
കാസര്‍കോട് പെരിയ കല്ലോട്ട് രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ സി.പി.എം നിഷ്ഠൂരമായി കൊലപ്പെടുത്തിയതിനു പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടന്നതെന്നും അടിമുടി ദുരൂഹതയുള്ള സംഭവത്തെക്കുറിച്ച് സി.ബി.ഐ അന്വേഷണം അനിവാര്യമാണെന്നും, മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടി കെ.പി.എ മജീദ്. ഇപ്പോള്‍ പിടികൂടിയ പ്രതികളെല്ലാം സി.പി.എം നിശ്ചയിച്ചു നല്‍കുന്നവരാണ്. പാര്‍ട്ടി അറിയാതെ വടക്കന്‍ മലബാറില്‍ ഒരു സി.പി.എമ്മുകാരനും കൊല ചെയ്യില്ലെന്ന് പ്രതിയുടെ കുടുംബത്തിന്റെ വെളിപ്പെടുത്തലോടെ കൂടുതല്‍ വ്യക്തമായി. പ്രതിയുടെ കുടുംബത്തെ പണം നല്‍കി സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ പുറത്തായതില്‍ അതിശയോക്തിയില്ല. രാഷ്ട്രീയ എതിരാളികളെ ഉന്മൂലനം ചെയ്യാനും കൃത്രിമ പ്രതികളെ നല്‍കാനും സി.പി.എമ്മിന് സ്ഥിരം സംവിധാനം ഉണ്ട്.
സംസ്ഥാന ഭരണത്തിന്റെ തണലില്‍ കേസ് അട്ടിമറിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. കൈയ്ക്കു സ്വാധീനം ഇല്ലെന്ന് വീട്ടുകാര്‍ വെളിപ്പെടുത്തിയ പ്രതി, കൃത്യം ചെയ്‌തെന്ന് കുറ്റസമ്മതം നടത്തുന്നതും, തുരുമ്പിച്ച ആയുധം കണ്ടെടുക്കുന്നതും നാടകമാണ്. കേന്ദ്ര ഏജന്‍സി അന്വേഷിക്കാതെ യഥാര്‍ത്ഥ കുറ്റവാളികള്‍ പിടിയിലാവുകയില്ല.
നീതി ലഭിക്കും വരെ, ജനാധിപത്യ സമൂഹം ജാഗ്രതയോടെ നിലയുറപ്പിക്കണം. കുറ്റമറ്റ അന്വേഷണത്തിന് ലോക്കല്‍ പോലീസില്‍ നിന്ന് കേസ് ഉടന്‍ സി.ബി.ഐക്ക് വിടാന്‍ ഭരണകൂടം തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.