Sun. Dec 22nd, 2024

കൊച്ചി:

കാസർകോട് ഇരട്ട കൊലപാതകത്തിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ആഹ്വാനം ചെയ്ത ഹർത്താലിലുണ്ടായ നഷ്ടം യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഡീന് കുര്യാക്കോസിൽ നിന്നും ഈടാക്കണമെന്ന് ഹൈക്കോടതി. സംസ്ഥാനത്തുണ്ടായ മുഴുവൻ നഷ്ടങ്ങൾക്കും തുല്യമായ തുക ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കും. കാസർകോട് ജില്ലയിൽ ഹർത്താലിന് ആഹ്വാനം ചെയ്തത് യു.ഡി.എഫായതിനാൽ ജില്ലയിലെ നാശനഷ്ടങ്ങളുടെ ചിലവ് കാസർകോട് യു.ഡി.എഫ് ചെയർമാൻ എം.സി.കമറുദ്ദീൻ, കൺവീനർ ഗോവിന്ദൻ നായർ എന്നിവരിൽ നിന്നും ഈടാക്കാനും കോടതി നിർദ്ദേശിച്ചു. നഷ്ടം ഈടാക്കുന്നതു കൂടാതെ, ഹർത്താൽ ആഹ്വാനം ചെയ്തത് കണക്കിലെടുത്ത് പ്രേരണക്കുറ്റം ചുമത്തിയും ഡീന് കുര്യാക്കോസിനേയും യു.ഡി.എഫ് കാസർകോട് ഭാരവാഹികളേയും പ്രതിയാക്കി കേസെടുക്കാനും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

ഏഴു ദിവസം മുമ്പെങ്കിലും പ്രഖ്യാപിച്ചിട്ടേ ഹർത്താൽ നടത്താവൂ എന്ന് നേരത്തെ കോടതി വിധിയുണ്ടായിരുന്നു. എന്നാൽ കാസർകോട് പെരിയയിൽ യുവാക്കൾ കൊല്ലപ്പെട്ടതിനു പിന്നാലെ അർദ്ധരാത്രി ഒരു മണിയോടെയാണ് ഫേസ്ബുക്കിലൂടെ ഹർത്താൽ നടത്തുന്ന കാര്യം ഡീൻ കുര്യാക്കോസ് പ്രഖ്യാപിച്ചത്. ഇതിനെതിരെ ലഭിച്ച പരാതിയിലാണ് കേരള ഹൈക്കോടതി കർശന നടപടി സ്വീകരിച്ചത്.

തനിക്കെതിരായ കോടതിയലക്ഷ്യക്കേസിൽ എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ ഡീൻ കുര്യാക്കോസ് സമയം നീട്ടിച്ചോദിച്ചിരുന്നു. ഇത് അംഗീകരിച്ച കോടതി കേസ് മാർച്ച് ആറാം തീയതിയിലേക്ക് മാറ്റി. തുടർന്ന് ഹർത്താലുമായി ബന്ധപ്പെട്ട മറ്റു ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് യൂത്ത് കോൺഗ്രസ് ഹർത്താലിനിടെ ഉണ്ടായ നാശനഷ്ടങ്ങൾ ഡീൻ കുര്യാക്കോസിൽ നിന്നും ഈടാക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. ഹർത്താലിലെ യഥാർത്ഥനഷ്ടം എത്രയാണ് എന്നു കണ്ടെത്താൻ പ്രത്യേക കമ്മീഷനെ നിയമിക്കുമെന്നും ഈ കമ്മീഷൻ നല്കുന്ന റിപ്പോർട്ട് അനുസരിച്ചുള്ള തുക നേതാക്കളിൽ നിന്നും ഈടാക്കണമെന്നും കേരള ഹൈക്കോടതി വ്യക്തമാക്കി.

യൂത്ത് കോൺഗ്രസ് ഹർത്താലിൽ ഉണ്ടായ നാശനഷ്ടങ്ങൾ സംബന്ധിച്ച് സർക്കാർ ഹൈക്കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ കെ.എസ്.ആർ.ടിസിക്ക് മാത്രം ഹർത്താലിൽ 1.35 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു. മറ്റു നാശനഷ്ടങ്ങൾ സംബന്ധിച്ച വിവരങ്ങൾ കണക്കാക്കുന്നതേയുള്ളൂ. നഷ്ടം, ഹർത്താൽ ആഹ്വാനം ചെയ്തവരിൽ നിന്നും ഈടാക്കണം എന്ന നിലപാടാണ് സർക്കാരും ഹൈക്കോടതിയെ അറിയിച്ചത്.
നേരത്തെ ഹർജി പരിഗണിക്കുന്നതിനിടെ രൂക്ഷമായ വിമർശനമാണ് കേരള ഹൈക്കോടതി ഡീൻ കുര്യാക്കോസിനു നേരെ നടത്തിയത്. ഡീൻ എൽ.എൽ.ബി പഠിച്ച ആളല്ലേ, നിയമം അറിയില്ലേ എന്ന് ഹൈക്കോടതി ചോദിച്ചു. എന്നാൽ, ഡീൻ, എൽ.എൽ.ബി പൂർത്തിയാക്കി എന്നല്ലാതെ പ്രാകടീസ് ചെയ്യുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *