ബ്രിഡ്‌ജ്ടൌൺ:
കെന്‍സിങ്ടണ്‍ ഓവലില്‍ ഇംഗ്ലണ്ടിനെതിരായ ഒന്നാം ഏകദിന ക്രിക്കറ്റിലെ തകര്‍പ്പന്‍ പ്രകടനത്തിലൂടെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം എന്ന റെക്കോർഡ് വെസ്റ്റ് ഇൻഡീസ് വെടിക്കെട്ടു ബാറ്റ്സ്മാൻ ക്രിസ് ഗെയിൽ സ്വന്തമാക്കി. 476 സിക്സറുകള്‍ നേടിയിട്ടുള്ള മുന്‍ പാകിസ്താൻ ക്യാപ്റ്റന്‍ ഷഹീദ് അഫ്രീദിയുടെ റെക്കോര്‍ഡാണ് ഗെയിൽ മറികടന്നത്.
രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം വിന്‍ഡീസ് ടീമില്‍ തിരിച്ചെത്തിയ ക്രിസ് ഗെയിൽ തകര്‍പ്പന്‍ സെഞ്ച്വറിയുമായാണ് തിരിച്ചു വരവ് ആഘോഷിച്ചത്. ഇംഗ്ലണ്ടിനെതിരെ 129 പന്തില്‍ 135 റണ്‍സടിച്ച ഗെയിൽ 12 സിക്സറുകളാണ് പറത്തിയത്. ഇതിലൊരു സിക്‌സര്‍ സ്റ്റേഡിയവും കടന്ന് 121 മീറ്റര്‍ ദൂരെയെത്തി. ലയാം പ്ലംകെറ്റ് എറിഞ്ഞ 27-ാം ഓവറിലെ രണ്ടാം പന്തിലായിരുന്നു ഗെയിൽ പന്ത് സ്റ്റേഡിയത്തിന്‍റെ പുറത്തേക്ക് പായിച്ചത്.
ഗെയിലിന്റെ സെഞ്ചുറി മികവില്‍ വിന്‍ഡീസ് 50 ഓവറില്‍ എട്ടു വിക്കറ്റ് നഷ്ടത്തില്‍ 360 റണ്‍സടിച്ചെങ്കിലും ജേസണ്‍ റോയ്((85 പന്തില്‍123), ജോ റൂട്ട്(97 പന്തില്‍ 102) എന്നിവരുടെ സെഞ്ചുറികളുടെ മികവില്‍ ഇംഗ്ലണ്ട് 48.4 ഓവറില്‍ നാലു വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മത്സരം വിജയിച്ചു.
444 മത്സരങ്ങളില്‍ നിന്ന് 477 സിക്സറുകളാണ് ഇപ്പോള്‍ ഗെയിൽ അടിച്ചിട്ടുള്ളത്. പക്ഷെ 476 സിക്സറുകള്‍ നേടാൻ അഫ്രീദിക്കു 524 മത്സരങ്ങൾ വേണ്ടി വന്നിരുന്നു. ഏകദിനങ്ങളില്‍ 276 ഉം, ടി20 യില്‍ 103 ഉം ടെസ്റ്റില്‍ 98 ഉം സിക്സറുകളുമാണ് ഗെയ്‌ലിന്റെ പേരിലുള്ളത്. 398 സിക്സറുകള്‍ നേടിയിട്ടുള്ള ബ്രെണ്ടന്‍ മക്കല്ലമാണ് പട്ടികയില്‍ മൂന്നാമത്. സനത് ജയസൂര്യ(352), രോഹിത് ശര്‍മ(349) എന്നിവരാണ് ആദ്യ അഞ്ചിലുള്ളത്.
ഏകദിനത്തിലെ 24–ാം സെഞ്ചുറി കുറിച്ച ഗെയിലിന്റെ പേരിലാണ് വെസ്റ്റ് ഇൻഡീസ് താരത്തിന്റെ ഏറ്റവും കൂടുതൽ ഏകദിന സെഞ്ചുറികളുടെ റെക്കോർഡ്. ബ്രയാൻ ലാറ കഴിഞ്ഞാൽ ഏകദിനത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ വിന്‍ഡീസ് താരവും ഗെയിൽ തന്നെ. 10,405 റൺസാണ് ഏകദിനത്തിൽ ലാറയുടെ പേരിലുള്ളത്. 285 മൽസരങ്ങളിൽനിന്ന് 9862 റൺസാണ് ഗെയിലിന്റെ ഇതുവരെയുള്ള സമ്പാദ്യം.