ഉത്തർ പ്രദേശ്:
ഈയിടെ അഡിഷണൽ ഡയറക്ടർ ജനറലായി നിയമിതനായ മുതിർന്ന ഐ.പി.എസ് ഓഫീസർ ജസ്‌വീർ സിങിനെ ഉത്തർപ്രദേശ് ഗവണ്മെന്റ് സസ്‌പെൻഡ് ചെയ്തു.
2002 ൽ നാഷണൽ സെക്യൂരിറ്റി ആക്റ്റിന്റെ ഭാഗമായി അദിത്യനാഥിനെ കസ്റ്റഡിയിൽ എടുത്തിരുന്നു. ഇതിന്റെ പ്രതികാരമെന്നോണമാണ് നടപടിയെന്ന് ഉന്നത വൃത്തങ്ങൾ വിലയിരുത്തുന്നു. രാജസ്ഥാൻ പത്രികയിലുള്ള റിപ്പോർട്ട് പ്രകാരം 1992 ബാച്ചിലെ പോലീസ് ഓഫീസർ ആയ ഇദ്ദേഹത്തെ പുറത്താക്കാനുള്ള കാരണമായി പറയുന്നത് ഹഫിങ് ടൺ പോസ്റ്റിനു നൽകിയ വിവാദകരമായ അഭിമുഖമാണ്. “അവർക്ക് രാഷ്ട്രീയ പ്രവർത്തകരോടു മാത്രം കൂറുള്ള ഉദ്യോഗസ്ഥരെയാണ് ആവശ്യം. ഇത് ഭരണഘടനയ്ക്ക് എതിരാണ്. ഇത്തരം കാര്യങ്ങൾ എതിർത്തില്ലെങ്കിൽ വ്യവസ്ഥിതി മാറാൻ പോവുന്നില്ല.” എന്നാണ് സിങ് അഭിമുഖത്തിൽ പറഞ്ഞത്.
ഇത്തരത്തിൽ ആളുകളെ വശീകരിക്കാൻ വലിയ ശ്രമങ്ങൾ നടക്കുമ്പോൾ പ്രതികരിക്കുകയും എതിർക്കുകയുമാണ് വേണ്ടതെന്നും അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
2002 ൽ മഹാരാജ ഗഞ്ചിലെ സൂപ്രണ്ടായുള്ള പോലീസ് ഓഫീസർ ആയിരുന്നു സിങ്. എൻ.എസ്.എ യുടെ കീഴിൽ ആദിത്യനാഥിനെ പ്രതിരോധ തടങ്കലിൽ ഇടുകയും ചെയ്‌തിരുന്നു. ബി.ജെ.പിയുടെയും മറ്റും കടുത്ത സമ്മർദ്ദങ്ങളെ അതിജീവിച്ചാണ് അദ്ദേഹം നിയമ നടപടികളുമായി മുന്നോട്ടു പോയിരുന്നത്. ആദിത്യനാഥിനെ അറസ്റ്റു ചെയ്തു രണ്ടു ദിവസത്തിന് ശേഷം സിങ്ങിനെ, ഉത്തർപ്രദേശ് പൊലീസിലെ ഫുഡ് സെല്ലിലേക്ക് മാറ്റി.
“എന്റെ പേരിൽ നിരവധി കേസുകൾ നിലവിലുണ്ട്. ഒരു ഡിപ്പാർട്മെന്റ്തല അന്വേഷണം എന്നെ സംബന്ധിച്ചു ചെറിയ കാര്യമാണ്. പുലർച്ചെ മൂന്നു മണിക്കെഴുന്നേറ്റു കാർഷിക പ്രവർത്തികളിലേർപ്പെടുന്നതിനേക്കാളും എളുപ്പം.” സിങ് പറയുന്നു.