Thu. Jan 23rd, 2025
#ദിനസരികള് 675

“ഡ്രാക്കുളയുടെ കണ്ണുകള്‍ അസ്തമനസൂര്യന്റെ നേരെ തിരിഞ്ഞു. അവയില്‍ വെറുപ്പും ഒപ്പം തന്നെ വിജയാഹ്ലാദവും തിളങ്ങുന്നത് ഞാന്‍ കണ്ടു”. ഒരു കാലത്ത് ത്രില്ലറുകളുടെ അവസാനം ആദ്യം തന്നെ വായിച്ച് പിന്നെ ആദ്യം മുതല്‍ നോവല്‍ വായിക്കുന്ന ശീലം എനിക്കുണ്ടായിരുന്നു. ഊതിവീര്‍പ്പിച്ചു നിറുത്തിയ ഒരു ബലൂണ്‍ കൊണ്ടുനടക്കുന്നതിന് വളരെ ശ്രദ്ധയാവശ്യമാണെങ്കിലും കാറ്റുകുത്തി കൈയ്യിലൊളിപ്പിച്ചു പിടിച്ചാല്‍പ്പിന്നെ പേടിക്കേണ്ടതില്ലല്ലോ. അതുപോലെയായിരുന്നു അവസാനം എന്തെന്നറിഞ്ഞുകൊണ്ടുള്ള ആ വായനയും. എന്നാലും ഓരോ തവണ വായിക്കുമ്പോഴും ഡ്രാക്കുള എന്ന ഭയപ്പെടുത്തി. തലക്കു പിന്നിലെ ഏതോ ഇരുള്‍പ്രദേശത്തിരുന്ന തിളങ്ങുന്ന രണ്ടു കണ്ണുകള്‍ എന്നെ തുറിച്ചുനോക്കുന്നതുപോലെ. വായനയുടെ രാത്രികളില്‍ ഈ കണ്ണുകളെ പേടിച്ച് ഞാന്‍ പല തവണ തിരിഞ്ഞു നോക്കിയിട്ടുണ്ട്.

മറ്റേതു നോവലില്‍ നിന്നും വ്യത്യസ്തമായി ഡ്രാക്കുള വായിക്കാന്‍ എനിക്കു പ്രത്യേക ദിവസങ്ങളുണ്ടായിരുന്നു. പ്രേതങ്ങള്‍ തങ്ങളുടെ ശവാലയങ്ങള്‍ വിട്ട് മനുഷ്യനെ വലിച്ചു കീറി ചോരകുടിക്കാന്‍ ഇറങ്ങുന്നത് ചൊവ്വാഴ്ചകളിലും വെള്ളിയാഴ്ചകളിലുമാണല്ലോ. രാവിന്റെ മറവില്‍ അവര്‍ വാവലുകളായും മറ്റും മനുഷ്യരിലേക്ക് വന്നിറങ്ങുന്നു. കൂര്‍ത്ത പല്ലുകള്‍ കഴുത്തിലെ ഞരമ്പുകളിലേക്കാഴ്ത്തി ചില പ്രേതങ്ങള്‍ ചോര വലിച്ചു കുടിക്കുന്നു. ചിലത് മാംസം ഭക്ഷിച്ച് എല്ലും തോലും മാത്രം ബാക്കിയിടുന്നു. ചിലര്‍ രതിസാഹസകരാണ്. അവര്‍ തന്റെ ഇരയ്ക്ക് അനിര്‍വ്വചനീയമായ സുഖം പ്രദാനം ചെയ്യുന്നു. അങ്ങനെ എത്രയെത്രെ പ്രേതങ്ങളാണ് ചൊവ്വകളിലും വെള്ളികളും നമുക്കിടയില്‍ – മനുഷ്യരായ നമുക്കിടയില്‍ – വന്നുകൂടുന്നത്? അത്തരത്തിലുള്ള ദിവസങ്ങളിലാണ് ഞാന്‍ ഡ്രാക്കുളപോലെയുള്ളവ വായിക്കാനെടുക്കുക.

“ജോനാതന്റെ കൈയ്യിലെ കഠാരം വായുവില്‍ ഒരു അര്‍ദ്ധവൃത്തം നിര്‍മ്മിച്ച് തിളങ്ങി. ഡ്രാക്കുളയുടെ തൊണ്ടയിലൂടെ അതിന്റെ വായ്ത്തല ആണ്ടിറങ്ങി. ഞാനറിയാതെ നിലവിളിച്ചുപോയി. അപ്പോഴേക്കും ക്വിന്‍സിയുടെ കഠാരി അവന്റെ ഹൃദയത്തിലൂടെ പിടിവരെ ഇറങ്ങിക്കഴിഞ്ഞിരുന്നു. ഞങ്ങള്‍ കണ്ണടച്ചു തുറക്കുമ്പോഴേക്കും ഡ്രാക്കുളയുടെ ദേഹം ഒരു പിടി പൊടിമണ്ണായിക്കഴിഞ്ഞിരുന്നു,” നോവല്‍ അവസാനിക്കുകയാണ്. ഞരമ്പുകളെ വലിച്ചു മുറുക്കിയിരുന്ന ഒരഭൌമ ശക്തി അഴിഞ്ഞു തുടങ്ങിയിരിക്കുന്നു. ഡ്രാക്കുളയുടെ മരണത്തില്‍ എനിക്ക് ഇപ്പോള്‍ ഖേദം തോന്നുകയാണ്. ജോനാതനോടും കൂട്ടരോടും അതുവരെയുണ്ടായിരുന്ന ഒരു സ്നേഹം അപ്രത്യക്ഷമായിരിക്കുന്നു. പകരം തിളങ്ങുന്ന കണ്ണുകളും നീളമുള്ള മുഖവും കൂര്‍ത്ത കോമ്പല്ലുകളും ചെവി മറച്ച് ഉയര്‍ന്നു നില്ക്കുന്ന നീളന്‍ കോട്ടുമായി, ഏതു നിമിഷവും വാവലായും പല്ലിയായുമൊക്കെ മാറാന്‍ കഴിയുന്ന ഡ്രാക്കുള എന്ന പ്രതിഭാസത്തോട് എനിക്ക് സ്നേഹം തോന്നുന്നു. കൈയ്യുയര്‍ത്തുമ്പോള്‍ കുറുനരികള്‍ നിശബ്ദരാകുന്നതും ചെന്നായ്ക്കള്‍ അനുസരണയുള്ള ആട്ടിന്‍ കുട്ടികളെപ്പോലെ കല്പനക്കു കാതോര്‍ത്തു നില്ക്കുന്നതുമൊക്കെ തിളങ്ങുന്ന ഓര്‍മകളാകുന്നു.

എഴുതുന്ന സമയത്ത് ബ്രോംസ്റ്റോക്കറെപ്പോലും ഡ്രാക്കുള പ്രഭു ഭയപ്പെടുത്തിയിട്ടുണ്ടെന്നു പറയുന്നത് ആ സൃഷ്ടിയുടെ അസാമാന്യത സൂചിപ്പിക്കുന്നതിനു സഹായിക്കുമെങ്കിലും യഥാര്‍ത്ഥത്തില്‍ നിലവിലുള്ള സ്ഥലങ്ങളേയും ഹോട്ടലുകളേയും കൊട്ടാരങ്ങളേയുമൊക്കെ തന്റെ കഥയിലേക്ക് കൊണ്ടുവരിക വഴി ആളുകളില്‍ ഡ്രാക്കുള പ്രഭുവിനെ വളരെ വിദഗ്ദ്ധമായി സ്ഥാപിച്ചെടുക്കാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.

കാര്‍പാത്യന്‍ മലനിരകളിലെവിടെയോയുള്ള ഒരു കൊട്ടാരം ലോകമാസകലമുള്ള ഡ്രാക്കുള പ്രേമികളുടെ മനസ്സില്‍ നടുക്കമുണ്ടാക്കുന്ന ഒന്നായി മാറി. എന്തിനധികം? അങ്ങകലെയോതോ രാജ്യത്തെ രക്തദാഹിയായ ഒരു പ്രഭു നമ്മുടെ കേരളത്തിലെ ഒരുപാടു വായനക്കാരുടെ മനസ്സുകളേയും ഭയം വിതറി. കന്യകമാരുടെ രക്തമൂറ്റിക്കുടിക്കാന്‍ പാതിരാത്രികളിലെത്തുന്ന ആ ദീര്‍ഘകായന്‍ നമുക്ക് സൌന്ദര്യമുള്ള പേടിയെ സമ്മാനിച്ചു. ആ പേടിയെ നാം ശരിക്കും ആസ്വദിച്ചു.

നമ്മുടെ പ്രേതങ്ങളില്‍ യക്ഷിയൊഴിച്ച് ബാക്കിയെല്ലാം വെറുതെ മനുഷ്യനെ പേടിപ്പിക്കുവാന്‍ വേണ്ടി പടച്ചു വിട്ടവയാണ്. യക്ഷി മാത്രമാണ് നമുക്ക് സൌന്ദര്യമുള്ള പേടിയെ സമ്മാനിച്ചത്. നിലാവുള്ള രാത്രികളില്‍ മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളും ആരേയും വശീകരിക്കുന്ന കണ്ണുകളുമായി ഒരു നനുത്ത അപ്പൂപ്പന്‍ താടിയെപ്പോലെ അവള്‍ നമ്മളിലേക്ക് ഇറങ്ങി വന്ന് നമ്മുടെ കാമനകളെ തൊട്ടുണര്‍ത്തി. നുള്ളിയെടുത്തുകൊണ്ടുപോയി ആവോളം രസംപകര്‍ന്നു. ദീര്‍ഘദീര്‍ഘമായ അത്തരം സുരതങ്ങളില്‍ നമ്മുടെ മുത്തച്ഛന്മാര്‍ ലയിച്ചാറാടി എല്ലാം മറന്നു. എല്ലാത്തിനും അവസാനം അവള്‍ നമ്മളെ കൊന്നുതിന്നുമെന്ന് ഏതോ പാണന്മാര്‍ വെറും നുണകളുടെ പാട്ടുകളുണ്ടാക്കി.

നമുക്കു കിട്ടിയ പാരമ്പര്യ സങ്കല്പങ്ങളില്‍ ഏറ്റവും മധുരമുള്ള ഒരാളായിരുന്നു യക്ഷി. പേടിപ്പെടുത്തുകയും രസംപിടിപ്പിക്കുകയും ചെയ്ത എന്തൊക്കെ രസകരങ്ങളായ കഥകളാണ് ബാല്യകൌമാരങ്ങളെ പരുവപ്പെടുത്തിയത്. അക്കഥകളില്‍ ഡ്രാക്കുളയും യക്ഷിയുമൊക്കെ പ്രധാന വേഷങ്ങളില്‍ ഇന്നും തിളങ്ങി നില്ക്കുന്നു.

മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *