Fri. Nov 22nd, 2024

കോട്ടയം നസീർ രചനയും സംവിധാനവും നിർവഹിച്ച ‘കുട്ടിച്ചൻ’ എന്ന ഹ്രസ്വ ചിത്രത്തിനെതിരെ മോഷണ ആരോപണം ഉന്നയിച്ച്‌ സംവിധായകൻ സുദേവൻ. പെയ്‌സ് ട്രസ്ററ് നിർമ്മിച്ച് സുദേവൻ രചനയും സംവിധാനവും നിർവഹിച്ച ‘അകത്തോ പുറത്തോ ‘എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്റെ ആശയവും പരിചരണ രീതിയും അതുപോലെ തന്നെ കോട്ടയം നസീർ എടുത്തിരിക്കുന്നതായിട്ടാണ് തനിക്ക് തോന്നിയത് എന്ന് സി.ആർ NO:89 എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്ക്കാരം കരസ്ഥമാക്കിയ സുദേവൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.

വാലന്റൈൻസ് ദിനത്തിൽ യൂട്യൂബിൽ റിലീസ് ചെയ്ത, കോട്ടയം നസീറിന്റെ, കുട്ടിച്ചൻ, മരണാസന്നനായ ഒരു വൃദ്ധന്റെ കാഴ്ചപ്പാടിൽ, ഒറ്റ ക്യാമറ ആംഗിളിൽ പറഞ്ഞിരിക്കുന്ന ചിത്രമാണ്. ചിത്രത്തിന്റെ അന്ത്യത്തിൽ മോഹൻലാലിന്റെ ശബ്ദം വോയിസ് ഓവർ ആയി വരുന്നുണ്ട്. ജാഫർ ഇടുക്കിയും മാല പാർവതിയുമാണ് മുഖ്യവേഷത്തിൽ എത്തിയിരിക്കുന്നത്. ഗോപി സുന്ദർ ആണ് കുട്ടിച്ചന്റെ പശ്ചാത്തല സംഗീതം.

അതേസമയം സുദേവന് പിന്തുണയുമായി സംവിധായകൻ ഡോ.ബിജുവും രംഗത്തെത്തി. ചെറിയ സ്വതന്ത്ര സമാന്തര ചിത്രങ്ങളുടെ ത്രെഡ്ഡ് പൂർണ്ണമായോ ഭാഗികമായോ കോപ്പി ചെയ്തു മുഖ്യധാരാ സിനിമകൾ ഉണ്ടാക്കുക എന്ന രീതി കഴിഞ്ഞ കുറേ കാലമായി മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതി ആണെന്ന് ബിജു പറഞ്ഞു. ലോക ക്ളാസ്സിക്കുകളുടെ വിഷയം വരെ കോപ്പിയടിച്ചുണ്ടാക്കിയ സിനിമകൾ ഇവിടെ ആഘോഷിക്കപ്പെട്ടിട്ടുണ്ട്. ചില ചെറു സമാന്തര സിനിമകളുടെ പ്രമേയം കടമെടുത്തു മെലോഡ്രാമ കുത്തി നിറച്ചു കയ്യടി നേടുന്ന മുഖ്യധാരാ സിനിമാക്കാരും ഇവിടെ ഉണ്ടാകുന്നു. ഇതിനു പുതിയ ഉദാഹരണമാണ് സുദേവന്റെ ഏറെ ശ്രദ്ധേയമായ ‘അകത്തോ പുറത്തോ’ എന്ന ചിത്രത്തിലെ ‘വൃദ്ധൻ’ എന്ന സെഗ്മെന്റ് അതേപടി കോപ്പി അടിച്ചു വെച്ചിരിക്കുന്ന, കോട്ടയം നസീറിന്റെ കുട്ടിച്ചൻ എന്ന ഹ്രസ്വ ചിത്രമെന്നും ഡോ.ബിജു നിരീക്ഷിച്ചു. പ്രമേയം മാത്രമല്ല ക്യാമറ ആംഗിൾ, ട്രീറ്റ്മെന്റ് എല്ലാം അതേ പടി ഫോട്ടോസ്റ്റാറ്റ് കോപ്പിയാണെന്നും സ്വന്തമായി സർഗ്ഗാത്മകത ഇല്ലെങ്കിൽ മറ്റു വല്ല പണിയ്ക്കും പൊയ്ക്കൂടെ ചങ്ങാതിമാരെ എന്നും പരിഹസിച്ച ഡോ.ബിജു, സുദേവൻ തീർച്ചയായും നിയമപരമായി നീങ്ങണമെന്ന് അഭിപ്രായപ്പെട്ടു.

സുദേവന്റെ കുറിപ്പ് ചുവടെ:
ശ്രീ :കോട്ടയം നസീർ അറിയുവാൻ,

അനുകരണകലയിലൂടെ മലയാളികൾക്ക് പരിചിതനായിട്ടുള്ള താങ്കൾ ഇപ്പോൾ തിരക്കഥ, സംവിധാന രംഗത്തേയ്ക്ക് കൂടി കടന്നിരിക്കുകയാണല്ലോ സന്തോഷം. അനുകരണകലയിലേതു പോലെ ഈ രംഗത്തും താങ്കൾക്ക് ശോഭിക്കുവാൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു.
താങ്കളുടെ ആദ്യത്തെ സംവിധാന സംരംഭമായ ‘കുട്ടിച്ചൻ ‘ എന്ന ഹ്രസ്വ ചിത്രം ഇന്നലെയാണ് കാണാനിടയായത്. പെയ്‌സ് ട്രസ്ററ് നിർമ്മിച്ച് ഞാൻ രചനയും സംവിധാനവും നിർവഹിച്ച “അകത്തോ പുറത്തോ” എന്ന സിനിമയിലെ വൃദ്ധൻ എന്ന ഭാഗത്തിന്റെ .. ആശയവും പരിചരണ രീതിയും അതുപോലെ തന്നെ എടുത്തിരിക്കുന്നതായിട്ടാണ് എനിക്ക് തോന്നിയത് .. ഇത് പോലെ മുന്നോട്ടു പോവുന്നത് ശെരിയായിരിക്കില്ല …എന്ന് വിചാരിക്കുന്നു

എന്തായാലും അനുകരണകലയിൽ താങ്കളുടെ ഭാവി ശോഭനമാവട്ടെ എന്ന് ആശംസിക്കുന്നു

സുദേവൻ

Leave a Reply

Your email address will not be published. Required fields are marked *