കോട്ടയം നസീറിന്റെ ‘കുട്ടിച്ചൻ’ എന്ന ഹ്രസ്വ ചിത്രം, തന്റെ സിനിമയുടെ മോഷണം ആണെന്ന് സംസ്ഥാന അവാർഡ് ജേതാവായ സംവിധായകൻ സുദേവൻ ഇന്നലെ ആരോപിച്ചിരുന്നു.
പെയ്‌സ് ട്രസ്ററ് നിർമ്മിച്ച് സുദേവൻ രചനയും സംവിധാനവും നിർവഹിച്ച ‘അകത്തോ പുറത്തോ ‘എന്ന സിനിമയിലെ ‘വൃദ്ധൻ’ എന്ന ഭാഗത്തിന്റെ ആശയവും പരിചരണ രീതിയും അതുപോലെ തന്നെ കോട്ടയം നസീർ എടുത്തിരിക്കുന്നതായിട്ടാണ് തനിക്ക് തോന്നിയത് എന്നാണ് സി.ആർ NO:89 എന്ന ചിത്രത്തിലൂടെ മികച്ച ചിത്രത്തിനുള്ള സംസ്ഥാന പുരസ്ക്കാരം കരസ്ഥമാക്കിയ സുദേവൻ ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞത്.
അതേസമയം സുദേവന് പിന്തുണയുമായി സംവിധായകൻ സനൽകുമാർ ശശിധരൻ രംഗത്തെത്തി. സുദേവന്റെ, അകത്തോ പുറത്തോ എന്ന സിനിമയിലെ വൃദ്ധൻ എന്ന ഖണ്ഡം, വള്ളിപുള്ളി വിടാതെ മോഷ്ടിച്ച് സ്വന്തം പേരിലാക്കി ദൈവത്തിനും മമ്മൂട്ടിക്കും മോഹൻലാലിനും നന്ദിപറഞ്ഞ് മുട്ടിനു മുട്ടിനു പരസ്യവും വെച്ച് യൂട്യൂബിലിട്ടിട്ടുണ്ട് കോട്ടയം നസീർ എന്നൊരു വിദ്വാൻ, എന്നു തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ സനൽകുമാർ പരിഹസിച്ചു.
സുദേവൻ സംസ്ഥാന അവാർഡൊക്കെ വാങ്ങിച്ചിട്ടുള്ള ആളാണെങ്കിലും, ദൈവത്തിനും, മമ്മൂട്ടിക്കും, ലാലേട്ടനുമൊന്നും നന്ദിപറയാത്തവനായതുകൊണ്ട് നാട്ടുകാരൊന്നും യഥാർത്ഥ പടം കാണാനിടയില്ല എന്ന ധൈര്യത്തിലായിരിക്കണം ഇത്തരമൊരു നാണംകെട്ട പരിപാടിക്ക് നസീർ ഇറങ്ങിത്തിരിച്ചിട്ടുള്ളത്. പക്ഷെ നസീറിന് തെറ്റി. സുദേവന്റെ സിനിമ ഞങ്ങളിൽ കുറേപ്പേർ കണ്ടിട്ടുണ്ട്. നിങ്ങൾ ചെയ്തിരിക്കുന്നത് പച്ചയായ മോഷണമാണ്. നാട്ടുകാർ തിരിച്ചറിയും എന്ന് പറഞ്ഞ സനൽകുമാർ, സുദേവൻ ഇതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും അഭിപ്രായപ്പെട്ടു.
മോഷണ വസ്തുവിന്റെ ഒറിജിനൽ കാണാൻ ആഗ്രഹിക്കുന്നവർ ഒറിജിനൽ വസ്തുവിന്റെ പൈറസി ലിങ്ക് തേടി പോകേണ്ടിവരുന്ന ദുരവസ്ഥയെ ഇന്നത്തെ മലയാളം സ്വതന്ത്ര സിനിമ എന്ന് വിളിക്കാം എന്ന് സനൽകുമാർ ശശിധരൻ മറ്റൊരു കുറിപ്പിൽ പറഞ്ഞു.
സുദേവന് പിന്തുണയുമായി സംവിധായകൻ ഡോ.ബിജുവും രംഗത്തെത്തിയിരുന്നു. ചെറിയ സ്വതന്ത്ര സമാന്തര ചിത്രങ്ങളുടെ ത്രെഡ്ഡ് പൂർണ്ണമായോ ഭാഗികമായോ കോപ്പി ചെയ്തു മുഖ്യധാരാ സിനിമകൾ ഉണ്ടാക്കുക എന്ന രീതി കഴിഞ്ഞ കുറേ കാലമായി മലയാളത്തിൽ കണ്ടു വരുന്ന ഒരു രീതി ആണെന്നും, ഇതിനു പുതിയ ഉദാഹരണമാണ് സുദേവന്റെ ഏറെ ശ്രദ്ധേയമായ ‘അകത്തോ പുറത്തോ’ എന്ന ചിത്രത്തിലെ ‘വൃദ്ധൻ’ എന്ന ഭാഗം അതേപടി കോപ്പി അടിച്ചു വെച്ചിരിക്കുന്ന, കോട്ടയം നസീറിന്റെ കുട്ടിച്ചൻ എന്ന ഹ്രസ്വ ചിത്രമെന്നും ഡോ.ബിജു ഫേസ്ബുക്കിൽ പറഞ്ഞു.