ചെന്നൈ:
പ്രോ വോളിയിൽ രണ്ടു കേരള ടീമുകളുടെ ഫൈനൽ കാത്തിരുന്ന മലയാളികൾക്ക് നിരാശ സമ്മാനിച്ചുകൊണ്ട് കൊച്ചി ബ്ലൂ സ്പൈക്കേഴ്സിനെ കീഴടക്കിയ, ചെന്നൈ സ്പാർട്ടൻസ് പ്രഥമ പ്രൊ വോളിബോൾ ലീഗിന്റെ ഫൈനലിൽ കടന്നു. രണ്ടിനെതിരെ മൂന്നു സെറ്റുകൾക്കാണ് ചെന്നൈ ടീം കൊച്ചിയെ മറികടന്നത്. സ്കോർ (16–14, 9–15, 10–15, 15–8, 15–13)
വിദേശതാരങ്ങളായ റൂഡി വെർഹോഫിന്റെയും റുസ്‌ലൻ സൊറോകിൻസിന്റെയും ഉഗ്രൻ സ്പൈക്കുകളുടെ പിൻബലത്തിലാണ് ചെന്നൈ ആദ്യ സെറ്റ് നേടിയത്. 2–ാം സെറ്റിൽ മനു ജോസഫിന്റെ കരുത്തിലായിരുന്നു കൊച്ചി സെറ്റു തിരിച്ചു പിടിച്ചത്. രണ്ടാം സെറ്റില്‍ 5-5 നിലയില്‍ നിന്ന് മനു ജോസഫിന്റെ തകർപ്പൻ സ്മാഷുകളിലൂടെ ആതിഥേയരെ തിരിച്ചു വരാൻ അനുവദിക്കാതെ കൊച്ചി സെറ്റ് എടുത്തു.
മൂന്നാം സെറ്റിലും കൊച്ചിയുടെ മേധാവിത്തം ആയിരുന്നെങ്കിലും സെറ്ററായി ഹരിഹരനു പകരം മുൻ ഇന്ത്യൻ നായകൻ കെ.ജെ. കപിൽദേവിനെ ചെന്നൈ കൊണ്ടുവന്നത് കളിയിലെ വഴിത്തിരിവായി. മൂന്നാം സെറ്റ് നഷ്ടപ്പെട്ടെങ്കിലും, പന്തു സെറ്റു ചെയ്തു കൂട്ടുകാരെക്കൊണ്ടു കളിപ്പിച്ചു വിജയിപ്പിക്കുന്നതിൽ കപിലിന്റെ കഴിവു കൈമോശം വന്നിട്ടില്ലെന്ന് ചെന്നൈ സ്റ്റേഡിയം സാക്ഷ്യം വഹിച്ചു.
നിർണായക നാലാം സെറ്റിൽ പിന്നിലായിപ്പോയ കൊച്ചി തിരിച്ചുവരവിനു ശ്രമം നടത്തിയെങ്കിലും ഫോമിലേക്കുകയർന്ന ചെന്നൈ താരങ്ങൾ സൂപ്പർ പോയിന്റുകളും തകർപ്പൻ സർവുകളുമായി നാലാം സെറ്റ് നേടുകയായിരുന്നു.
അഞ്ചാം സെറ്റിലും കടുത്ത പോരാട്ടമാണ് ഇരുടീമുകളും നടത്തിയത്. നെഞ്ചിടിപ്പു കൂട്ടിയ നീളൻ നീണ്ടറാലികൾ, കനത്ത സ്മാഷുകൾ, പിഴവുകൾ എന്നിങ്ങനെ സംഭവ ബഹുലമായിരുന്നു അഞ്ചാം സെറ്റ്. പക്ഷെ മികച്ച ഒത്തിണക്കത്തോടെയും ഭാഗ്യത്തിന്റെ അകമ്പടിയോടെയും ആതിഥേയർ സെറ്റും മത്സരവും ഫൈനൽ പ്രവേശനവും ഉറപ്പാക്കുകയായിരുന്നു.
17 പോയന്റ് നേടിയ ചെന്നൈയുടെ റസ്ലാന്‍സ് സൊറോക്കിന്‍സ് കളിയിലെ താരമായി. വെള്ളിയാഴ്ച വൈകീട്ട് ചെന്നൈ സ്പാർട്ടൻസ്, കാലിക്കറ്റ് ഹീറോസുമായി ഫൈനലിൽ ഏറ്റുമുട്ടും.