Sun. Dec 22nd, 2024
ചെന്നൈ:

ഏകപക്ഷീമായ മൂന്നു സെറ്റുകളില്‍ യു മുംബയെ കീഴടക്കി കാലിക്കറ്റ് ഹീറോസ് പ്രോ വോളിബോള്‍ ലീഗ് ഫൈനലില്‍. സ്‌കോര്‍: 15-12, 15-9, 16-14 നീണ്ട റാലികളും സൂപ്പര്‍ പോയന്റുകളിലൂടെയുള്ള മുന്നേറ്റവും മിന്നുന്ന സ്‌പൈക്കുകളുമായി മത്സരം ആവേശഭരിതമായിരുന്നു. സ്‌പൈക്കുകളിലൂടെ കാലിക്കറ്റ് മുന്നേറിയപ്പോള്‍ തകര്‍പ്പന്‍ ബ്ലോക്കുകളിലൂടെ മുംബയും കാണികളുടെ മനംകവര്‍ന്നു.

ആദ്യ സെറ്റിന്റെ തുടക്കത്തിൽത്തന്നെ യൂ മുംബ തുടരെ 2 സർവ് പാഴാക്കിയാണ് മത്സരം തുടങ്ങിയത്. പക്ഷേ സൂപ്പർ പോയിന്റ് നേടി അവർ തൊട്ടുപിന്നിലെത്തി. എങ്കിലും അവസാനം വീണ്ടും സർവുകൾ പാഴായതോടെ ആദ്യ സെറ്റ് കൈവിട്ടു.

രണ്ടാം സെറ്റിൽ നായകൻ ജെറോം വിനീതിന്റെ സ്പൈക്കുകളിലൂടെ മുന്നേറിയ കാലിക്കറ്റ്, മുംബയ്ക്കു തിരിച്ചു വരാൻ ഒരു അവസരവും കൊടുത്തില്ല. വെറും 18 മിനിറ്റിൽ കാലിക്കറ്റ് സെറ്റ് നേടി.

ആദ്യംമുതല്‍ മുംബ ആക്രമിച്ചുകയറിയ മൂന്നാം സെറ്റില്‍ അടിമുടി ആവേശമായിരുന്നു. 7-12 ന് പിന്നിലായ കാലിക്കറ്റ് സൂപ്പര്‍ പോയന്റും സൂപ്പര്‍ സര്‍വീസും വിളിച്ച് തിരിച്ചുവന്നു. രണ്ടും വിജയമായതോടെ സ്‌കോര്‍ 11-12 എന്നനിലയിലായി. ജെറോമിന്റെ സ്പൈക്കും കാർത്തിക്കിന്റെ കിടിലൻ സർവും പിന്നെ, മുംബയുടെ വിനീത് കുമാറിന്റെ പിഴവും ചേർന്നപ്പോൾ, മൂന്നാം സെറ്റും ഫൈനൽ പ്രവേശനവും ചെമ്പട നേടി.

12 പോയന്റുമായി കാലിക്കറ്റിന്റെ നായകന്‍ ജെറോം വിനീത്, ടോപ് സ്‌കോറർ ആയി. ജെറോം വിനീത് തന്നെയാണ് കളിയിലെ താരവും. ലീഗിൽ കളിച്ച ഒരു മത്സരം പോലും തോൽക്കാതെയാണ് കാലിക്കറ്റ് ഹീറോസ് ഫൈനലിലേക്ക് മാർച്ച് ചെയ്തത്. രണ്ടാം സെമിയിൽ കൊച്ചി ബ്ലൂ സ്പൈക്കേഴ്സും ചെന്നൈ സ്പാർട്ടൻസും തമ്മിൽ മൽസരിക്കും.

Leave a Reply

Your email address will not be published. Required fields are marked *