ഗുജറാത്ത്:
ബി.ജെ.പി യുടെ അഴിമതികളെ സംബന്ധിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. പ്രമുഖ മാദ്ധ്യമമായ ‘നാഷണൽ ഹെറാൾഡി’ൽ ഗുജറാത്തിലെ മുതിർന്ന മാദ്ധ്യമപ്രവർത്തകനായ ആർ കെ മിശ്ര എഴുതിയ റിപ്പോർട്ടിലാണ് ഗുജറാത്തിൽ എയിംസിന്റെ പേരിൽ നടന്ന അഴിമതിയുടെ കഥകൾ വ്യക്തമാവുന്നത്.
ആദ്യ എൻ ഡി എ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ സമയത്താണ് ആദ്യമായി ഡൽഹിക്കു പുറത്ത് എയിംസിന് പദ്ധതിയിടുന്നത്. ഇന്ത്യ- പാകിസ്ഥാൻ ബോർഡർ ആയ കച്ചിലാണ് സ്ഥലം നിർദ്ദേശിക്കപ്പെട്ടത്. 2001 ജനുവരി 26 നു ഇന്ത്യ നടുങ്ങിയ ഭൂകമ്പത്തിൽ ഭുജിലെ ഏക ഗവൺമെൻറ് ആശുപത്രി കെട്ടിടം തകരുകയും 200 ൽ അധികം ഡോക്ടർമാരും നഴ്സുമാരും മരണപ്പെടുകയും ചെയ്തു. സ്ഥലത്തു നേരിട്ടെത്തി ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ വാജ്‌പേയ് പഴയ ആശുപത്രിക്കു പകരം പുതിയ ആശുപത്രിയുടെ തറക്കല്ലിട്ടാണ് മടങ്ങിയത്.
അത്യാധുനിക സൗകര്യങ്ങളുള്ളതും രാജ്യത്തിന്റെ പടിഞ്ഞാറേ മേഖലയിലെ ഏറ്റവും വലുതുമായ ഒരു ആശുപത്രിയാണ് നിർമ്മിക്കാൻ ഉദ്ദേശിച്ചത്. ഇതിനായി പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് 100 കോടി രൂപ അനുവദിക്കുകയും ചെയ്‌തു. ആവശ്യമെങ്കിൽ നൂറു കോടിയിലധികം രൂപ ചിലവഴിക്കാൻ തയ്യാറാണെന്നും അന്നത്തെ ഗുജറാത്ത് മുഖ്യ മന്ത്രിയായ കേശു ഭായ് പട്ടേലിനെ അറിയിക്കുകയും ചെയ്തു. 100 കോടിയിലധികം ചെലവിട്ടാണ് ആശുപത്രി കെട്ടിടം നിർമ്മിച്ചത്. ചൈന, അമേരിക്ക, ജപ്പാൻ എന്നിവിടങ്ങളിലെ ഭൂകമ്പ നിഴൽ പ്രദേശങ്ങളിലെ ആശുപത്രി നിർമ്മാണ മാതൃകകൾ കണ്ടു മനസ്സിലാക്കിയിട്ടാണ് സാങ്കേതിക മികവോടെ അന്താരാഷ്ട്ര സൗകര്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് ആശുപത്രി നിർമ്മിച്ചത്.
വാജ്‌പേയിയുടെ വ്യക്തിപരമായ താല്പര്യവും ഇതിനു പുറകിൽ ഉണ്ടായിരുന്നു. ആശുപത്രി നിർമ്മാണത്തിന്റെ വളർച്ച അറിയുന്നതിനായി ഗുജറാത്തിലെ സീനിയർ ബി.ജെ.പി നേതാവിനെ രഹസ്യ റിപ്പോർട്ടുകൾ നൽകാനായി അദ്ദേഹം നിയോഗിച്ചിരുന്നതായി മിശ്ര വ്യക്തമാക്കുന്നു. 2004 ൽ വാജ്‌പേയ് ആശുപത്രി ഉത്‌ഘാടനം ചെയ്യുമ്പോഴേക്കും ഗുജറാത്ത് മുഖ്യമന്ത്രിയായി നരേന്ദ്ര മോദി അധികാരത്തിലെത്തി.
ഭുജിലെ പുതിയ സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിലുള്ള ആശുപത്രിയായി മാറ്റുകയും, വർഷത്തിൽ 15 കോടിയോളം മെയിന്റനൻസിനായി നല്കാൻ ഉത്തരവാകുകയും ചെയ്തു. എന്നാൽ, സംസ്ഥാന സർക്കാർ പിന്നീട് കച്ചിലെ എയിംസിനായി മുറവിളി കൂട്ടിത്തുടങ്ങി. എന്നാൽ എയിംസ് പദ്ധതി പരാജയപ്പെടുകയും പകരം ഭുജിലെ പുതിയ ആശുപത്രി കോർപ്പറേറ്റ് ഭീമനായ അദാനിക്ക് 99 വർഷത്തെ കരാറിൽ 2009 ൽ നരേന്ദ്രമോദി സർക്കാർ നടത്തിയ നിയമഭേദഗതിയിലൂടെ കൈമാറുകയും ചെയ്തു. പിന്നീട് അത് ഗുജറാത്ത് അദാനി ഇന്സിറ്റിട്യൂട് ഓഫ് മെഡിക്കൽ സയൻസസ് (ഗെയിംസ്) ആയി അറിയപ്പെടുകയും ചെയ്തു.
എന്നാൽ ഈ നീക്കം വലിയൊരു നിയമയുദ്ധത്തിന് വഴിയൊരുക്കി. ആദം ചാകിയും അദ്ദേഹത്തിന്റെ അഡ്വക്കേറ്റ് ഹാഷിം ഖുറേഷിയും ഗുജറാത്ത് ഹൈക്കോടതിയിൽ ഇതിനെതിരെ പൊതുതാത്പര്യഹർജി നൽകുകയും ചെയ്തു. ഇപ്പോൾ ഈ പെറ്റീഷൻ സുപ്രീം കോടതിയുടെ കീഴിലാണ്.
വ്യക്തമായ കാരണങ്ങളില്ലാതെയാണ്, നാരായൺ ഹൃദയാലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയാക് സയൻസസ്, ബെംഗളൂരു മണിപ്പാൽ ഗ്രൂപ്പ് ഓഫ് എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് തുടങ്ങി മികച്ച ഗ്രൂപ്പുകളെ തള്ളുകയും മെഡിക്കൽ വിദ്യാഭ്യാസ രംഗത്തും പൊതു ജനാരോഗ്യത്തിലും യാതൊരു വിധ മുൻപരിചയവുമില്ലാത്ത അദാനി ഗ്രൂപ്പിനെ തിരഞ്ഞെടുക്കയും ചെയ്തത് എന്നാണ് പൊതുതാത്പര്യഹർജിയിൽ പറയുന്നത്. എന്നാൽ ഈ ഹർജി ഹൈക്കോടതിയിൽ തള്ളുകയും പ്രൈവറ്റ്- സർക്കാർ പങ്കാളിത്തത്തിൽ ഇത്തരം സംരംഭങ്ങൾ തുടങ്ങുന്നതിൽ തെറ്റില്ലെന്നാണ് അന്നു വിധി പ്രസ്‌താവിച്ചു കൊണ്ട് ചീഫ് ജസ്റ്റിസ് ആയ ഭാസ്കർ ഭട്ടാചാര്യയും ജസ്റ്റിസ് ജെ ബി പാർഡിവാലയും പറഞ്ഞത്.
മെഡിക്കൽ കോളേജിൽ 10% സീറ്റുകളും കച്ചിലെ വിദ്യാർത്ഥികൾക്കായി സംവരണം ചെയ്തിട്ടുണ്ടെന്നും, പാവപ്പെട്ട രോഗികൾക്കും സർക്കാർ ഉദ്യോഗസ്ഥർക്കും സൗജന്യ ചികിത്സയും, മറ്റു ആനുകൂല്യങ്ങളും നൽകുന്നുണ്ടെന്നും ഹൈക്കോടതി കണ്ടെത്തി. കൂടാതെ സർക്കാരും, അദാനി ഗ്രൂപ്പിലെ അംഗങ്ങളും ചേർന്നാണ് കമ്മിറ്റികൾ ഉണ്ടാക്കിയിരിക്കുന്നതെന്നും കോടതി നിരീക്ഷിച്ചു. 2014 ൽ ചാകി പുതിയൊരു പരാതിയുമായി വീണ്ടും ഹൈക്കോടതിയിലെത്തി. 2012 ലെ കോടതി നിർദ്ദേശങ്ങളിൽ പലതും പാലിക്കുന്നില്ലെന്നായിരുന്നു പരാതി. ഈ പരാതി സുപ്രീം കോടതിയിലെത്തുകയും 2016 ൽ തള്ളിപ്പോവുകയും ചെയ്തു.
ഇതിനിടയിൽ വീണ്ടും മോദി സർക്കാർ, ഗുജറാത്ത് എയിംസ് എന്ന ആവശ്യം കൊണ്ടുവരികയും മുൻ മുഖ്യമന്ത്രി ആനന്ദി ബെൻ പട്ടേലും സൗരഭ് പട്ടേലും ഇതിനെ ഉയർത്തിപ്പിടിക്കുകയും ചെയ്തു.