Wed. Jan 22nd, 2025
തൂത്തുക്കുടി:

തമിഴ്‌നാട് തൂത്തുക്കുടിയില്‍ ട്രാന്‍സ്‌ജെന്‍ഡറായ പൂജാരിയെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റിലായി. 38 വയസ്സുള്ള രാജാത്തിയെ ആണ് ക്ഷേത്രത്തിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഫെബ്രുവരി 14 നാണ് സംഭവം. ക്ഷേത്രത്തിനകത്ത് പൂജയിലായിരിക്കെയാണ് രാജാത്തി കൊല്ലപ്പെടുന്നത്.

അറസ്റ്റിലായ മരുതും, സുഹൃത്ത് സ്നോവിനും ക്ഷേത്രത്തിലെത്തി രാജാത്തിയെ അരിവാളുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹത്തില്‍ നിന്നും ശിരസ്സ് വെട്ടിമാറ്റിയിരുന്നു. ശരീരം കഷ്ണങ്ങളാക്കി മുറിച്ച് വികൃതമാക്കുകയും ചെയ്തിരുന്നു. തല കണ്ടെത്തിയത് ക്ഷേത്രത്തിന് പുറത്തുനിന്നാണ്. സംഭവത്തിന് ശേഷം ഇരുവരും ഒളിവിലായിരുന്നു.

തിങ്കളാഴ്ചയാണ്, മരുത് കോടതിയില്‍ കീഴടങ്ങുന്നത്. സ്നോവിനെ അടുത്തദിവസം തന്നെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ചോദ്യം ചെയ്യലില്‍, മരുത് കുറ്റം നടത്തിയതായി സമ്മതിക്കുകയായിരുന്നു. രാജാത്തിയുമായി അടുപ്പമുണ്ടായിരുന്ന സമയത്ത് രാജാത്തി മരുതിനെ സാമ്പത്തികമായി സഹായിച്ചിരുന്നു. ക്ഷേത്രത്തിനു പുറത്ത് രാജാത്തിയുടെ സഹായത്താല്‍ മരുത് ഒരു കട തുടങ്ങുകയും ചെയ്തു. കൂടാതെ, വെള്ളം വിതരണം ചെയ്യാനായി അവര്‍ ഒരു ലോറിയും വാങ്ങിച്ചു. പിന്നീട് മരുതിന് മറ്റൊരു സ്ത്രീയുമായി അടുപ്പമുണ്ടെന്ന് രാജാത്തി അറിയുകയും, തുടര്‍ന്ന് മരുതുമായുള്ള ബന്ധം അവസാനിപ്പിക്കുകയുമായിരുന്നു.

കഴിഞ്ഞ ഒരു വര്‍ഷമായി മരുത്, രാജാത്തിയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *