Sun. Dec 22nd, 2024
പാകിസ്താൻ:

ജമ്മു കശ്മീരിലെ പുൽവാമയിൽ സി ആർ പി എഫ് ജവാൻമാർക്കു നേരെ നടന്ന ആക്രമണത്തിൽ പാകിസ്താന് പങ്കുണ്ടെന്ന ഇന്ത്യയുടെ ആരോപണം, പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ നിഷേധിച്ചു.”യാതൊരു തെളിവുകളുമില്ലാതെ പുൽവാമ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇന്ത്യ പാകിസ്താന്റെ മേൽ ആരോപിച്ചിരിക്കുകയാണ്. ജഡ്ജിയും വിധികർത്താവും ഇന്ത്യ തന്നെയാകുകയാണ്. ഇന്ത്യ ആക്രമിച്ചാൽ പാകിസ്താൻ തിരിച്ചടിച്ചിരിക്കും. ഒരു യുദ്ധം തുടങ്ങാൻ എളുപ്പമാണ്. കാരണം, ഇത് തുടങ്ങുന്നത് മനുഷ്യരാണ്. പക്ഷേ, അത് എങ്ങനെ അവസാനിക്കുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ,” എന്നായിരുന്നു ഇമ്രാൻ ഖാന്റെ പ്രതികരണം. ഇന്ത്യ തെളിവുകൾ ഹാജരാക്കുകയാണെങ്കിൽ അന്വേഷണവുമായി പാകിസ്താൻ സഹകരിക്കുമെന്നും ഇമ്രാൻ ഖാൻ വ്യക്തമാക്കി.

ഇന്ത്യ പാകിസ്താനെതിരെ സൈനികനടപടിക്ക് ആലോചിക്കുകയാണെന്നും, ഐക്യരാഷ്ട്രസഭയുടെ ഇടപെടലുണ്ടാകണമെന്നും ആവശ്യപ്പെട്ട് പാകിസ്താൻ വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷി ഐക്യരാഷ്ട്രസഭ സെക്രട്ടറി ജനറൽ അന്റോണിയ ഗുട്ടറസ്സിന് കത്തയച്ചിരുന്നു. മേഖലയിലെ തങ്ങളുടെ സുരക്ഷിതത്വത്തിന് വലിയ ഭീഷണി ഉയർന്നിരിക്കുകയാണെന്നും, ഇന്ത്യ അവരുടെ സൈന്യത്തെ പാകിസ്താനെതിരെ ഉപയോഗിക്കാനുള്ള സാധ്യതയുണ്ടെന്നും ഷാ ഇന്നയച്ച കത്തിൽ പറഞ്ഞു. പ്രശ്നത്തിൽ ഐക്യരാഷ്ട്രസഭ അടിയന്തിരമായി ഇടപെടണമെന്നാണ് ഖുറേഷിയുടെ ആവശ്യം.മേഖലയിൽ സമാധാനവും സ്ഥിരതയും തങ്ങളാഗ്രഹിക്കുന്നുണ്ടെന്ന് പാക് പ്രധാനമന്ത്രി അവകാശപ്പെട്ടു. ഇന്ത്യൻ സർക്കാർ ചില ആഭ്യന്തര രാഷ്ട്രീയ സാഹചര്യങ്ങളിൽ മുതലെടുപ്പു നടത്താൻ വേണ്ടി പാകിസ്താൻ വിരുദ്ധ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്ന നിലപാടാണ് പാകിസ്താനുള്ളത്.

അതിനിടെ കശ്മീരില്‍ തോക്കെടുക്കുന്നവരെ തുടച്ചുനീക്കുമെന്ന് ഭീകരര്‍ക്ക് സൈന്യത്തിന്റെ അന്ത്യശാസനം. ഇക്കാര്യത്തില്‍ ഒരു ദയയും പ്രതീക്ഷിക്കേണ്ടെന്നും സൈന്യം വ്യക്തമാക്കി. മുഖ്യസൂത്രധാരന്‍ ഉള്‍പ്പെടെ പുല്‍വാമ ചാവേറാക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച മൂന്നു ജയ്ഷെ മുഹമ്മദ് ഭീകരരെ വധിച്ചതായി സൈന്യം സ്ഥിരീകരിച്ചു. ഭീകരാക്രമണത്തിന് പിന്നില്‍ പാക് സൈന്യവും പാക് ചാരസംഘടനയായ ഐ എസ് ഐയുമാണെന്ന് കരസേന പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *