തിരുവനന്തപുരം:
പ്രളയാനന്തര കേരളത്തിലെ പുനർനിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കു പിന്തുണയുമായി ഐക്യരാഷ്ട്ര സംഘടന കേരളത്തില്‍ പ്രത്യേക ദൗത്യ സംവിധാനം തുടങ്ങുന്നു. ഇതിനായി തിരുവനന്തപുരത്ത് ഉടന്‍ ഓഫീസ് ആരംഭിക്കും. പുനർനിർമ്മാണ പ്രവര്‍ത്തനങ്ങളില്‍ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിലുള്ള ഏജന്‍സികളുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കുന്നതിനൊപ്പം, വിദേശ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും സഹായം ലഭ്യമാക്കാനും ലക്ഷ്യമിട്ടാണ് യു എന്നിന്റെ ഈ പ്രവര്‍ത്തനം.
നിലവില്‍ യു.എന്‍.ഡി.പി, യുനിസെഫ്, ഡബ്ല്യു.എച്ച്.ഒ, യു.എന്‍ എന്‍വയണ്‍മെന്റ്, യു.എന്‍ വിമന്‍, എഫ്.എ.ഒ, ഐ.എല്‍.ഒ, യുനെസ്‌കോ ഉള്‍പ്പെടെയുള്ള ഏജന്‍സികളില്‍ നിന്നായി അമ്പതിലേറെ വിദഗ്ദ്ധർ, പുനർനിർമ്മാണ പ്രവര്‍ത്തനങ്ങളില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളുമായി ഇപ്പോള്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരുടെ സേവനം ക്രോഡീകരിച്ച് കൂടുതല്‍ ഫലപ്രദമായി ഉപയോഗപ്പെടുത്താനാണ് യു.എന്‍ ലക്ഷ്യം.
കേരളത്തിന്റെ പുനർനിർമ്മാണത്തിനു 31,000 കോടി രൂപ വേണ്ടിവരുമെന്ന് പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ്സ് അസസ്മെന്റ് (പി.ഡി.എന്‍.എ) വഴി യു.എന്‍ കണക്കാക്കിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ലോകബാങ്കിന്റെ നേതൃത്വത്തിലുള്ള പുനർനിർമ്മാണ പ്ലാന്‍ തയാറാക്കല്‍ അന്തിമഘട്ടത്തിലാണ്. ഈ പ്ലാനിന്റെ അടിസ്ഥാനത്തില്‍ രാജ്യാന്തര വിദഗ്ദ്ധരുടെ സേവനം ലഭ്യമാക്കാനും, സംസ്ഥാന സര്‍ക്കാരിന്റെ റീബില്‍ഡ് കേരള ഇനീഷ്യേറ്റീവിന് പിന്തുണ നല്‍കാനും തയ്യാറാണെന്ന് യു.എന്‍ അറിയിച്ചിരുന്നു. ഉന്നതതല ചര്‍ച്ചകള്‍ക്കായി ഇന്ത്യയിലെ യു. എന്‍ റസി. കോ ഓര്‍ഡിനേറ്ററുടെ ചുമതലയുള്ള ഡോ. യാസ്മിന്‍ അലി ഹഖ് അടുത്ത ദിവസം കേരളത്തിലെത്തും. അഞ്ചുവര്‍ഷമാണ് പുനര്‍നിര്‍മ്മാണ കാലാവധിയായി കണക്കാക്കുന്നത്. ഇത്രയും കാലം യു.എന്‍ വിദഗ്ദ്ധരുടെ സേവനം കേരളത്തിനു ലഭിക്കും.