തിരുവനന്തപുരം:
പോലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന പദ്ധതിക്ക് സംസ്ഥാനത്തു തുടക്കം. പോലീസ് ആസ്ഥാനത്തു നടന്ന ചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. രാജ്യത്ത് ആദ്യമായാണ് ഇത്തരമൊരു പദ്ധതിക്കു തുടക്കം കുറിക്കുന്നത്. കേരളം ഇതു നടപ്പിലാക്കിയതോടെ പോലീസില്‍ റോബോട്ടുകളെ ഉപയോഗിക്കുന്ന നാലാമത്തെ രാജ്യമെന്ന ബഹുമതിക്ക് ഇന്ത്യ അര്‍ഹമായി.
പോലീസ് ആസ്ഥാനത്തെത്തുന്ന സന്ദര്‍ശകരെ ഇനി സ്വീകരിക്കുന്നത് കെ.പി-ബോട്ട് എന്ന റോബോട്ടായിരിക്കും. സന്ദര്‍ശകര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കാനും, അവരില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനും റോബോട്ടിനു കഴിയും. ഓഫീസിലെ നടപടിക്രമങ്ങളുടെ വിശദീകരണം, ഉദ്യോഗസ്ഥരെ കാണുന്നതിന് സമയം അനുവദിക്കല്‍ എന്നിവയെല്ലാം ഈ റോബോട്ട് ചെയ്തുകൊള്ളും.
കേരള പോലീസ് സൈബര്‍ഡോമുമായി സഹകരിച്ച് കൊച്ചിയിലെ സ്റ്റാര്‍ട്ട് അപ്പ് ആണ് റോബോട്ട് വികസിപ്പിച്ചത്. ഭാവിയില്‍ മെറ്റല്‍ ഡിറ്റക്ടര്‍, തെര്‍മല്‍ ഇമേജിംഗ്, ഗ്യാസ് സെന്‍സറിംഗ് തുടങ്ങിയവ ഘടിപ്പിച്ച് റോബോട്ടിന്റെ കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും ആലോചിക്കുന്നുണ്ട്.