ന്യൂഡൽഹി:
ഇന്ത്യന്‍ മോട്ടോര്‍ സൈക്കിള്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം (2019 IMOTY)സ്വന്തമാക്കിയ എന്‍ഫീല്‍ഡിന്റെ “ഇന്‍റര്‍സെപ്റ്റര്‍ 650” ബൈക്ക് പ്രേമികളുടെ ആവേശമാകുന്നു. റോയല്‍ എന്‍ഫീല്‍ഡ് അവതരിപ്പിക്കുന്ന ആധുനിക ഇരട്ട സിലിണ്ടര്‍ ബൈക്കുകളില്‍ ഒന്നായ ഇന്റര്‍സെപ്റ്റര്‍ 650 ഈ നംവംബറിലാണ് വില്‍പ്പനയ്ക്കെത്തിയത്. 2017 നവംബറില്‍ ഇറ്റലിയില്‍ നടന്ന മിലാന്‍ മോട്ടോര്‍ സൈക്കിള്‍ ഷോയിലാണ് ഇന്‍റര്‍സെപ്റ്റര്‍ 650, കോണ്‍ടിനന്‍റല്‍ ജി ടി മോഡലുകളെ കമ്പനി ആദ്യമായി പ്രദര്‍ശിപ്പിക്കുന്നത്. ബുള്ളറ്റ് ആരാധകര്‍ക്ക് രോമാഞ്ചം നല്‍കാനുള്ള എല്ലാ വകയും പുതിയ 648 സിസി ഇരട്ട സിലിണ്ടര്‍ ബൈക്കില്‍ റോയല്‍ എന്‍ഫീല്‍ഡ് ഉറപ്പുവരുത്തിയിട്ടുണ്ട്.
നിയോ റെട്രോ ബൈക്കെന്നാണ് ഇന്‍ര്‍സെപ്റ്ററിനുള്ള വിശേഷണം. 60 കളിലെ തനിമ കൈവിടാതെയാണ് ഇന്‍റർസ്പെറ്ററിന്‍റെ രൂപകല്‍പന. മിഡിൽ വെയിറ്റ് ശ്രേണിയിലെ ഏറ്റവും മികച്ച റൈഡിങ് പൊസിഷനുള്ള ബൈക്കുകളിലൊന്നാണ് ഇന്റർസെപ്റ്റർ. മുൻകാല മോഡലുകളിൽ നിന്നു വ്യത്യസ്തമായി മുകളിലേക്ക് ഉയർന്നു നിൽക്കുന്ന സൈലൻസറുകളാണ്.
10 വർഷത്തെ ഗവേഷണത്തിനൊടുവിൽ പുറത്തിറക്കിയ എസ് ഒ എച്ച് സി (സിങ്കിൾ ഓവർഹെഡ് ക്യാം) 648 സിസി എയർ കൂൾഡ് പാരലൽ ട്വിൻ എൻജിനാണ് ഇന്റർസെപ്റ്ററിൽ ഉപയോഗിച്ചിരിക്കുന്നത്. ഇംഗ്ലണ്ടിൽ വികിസിപ്പിച്ച എൻജിൻ 7,250 ആർ പി എമ്മിൽ 47 ബി.എച്ച്.പി കരുത്തും, 5,250 ആർ പി എമ്മിൽ 54 ന്യൂട്ടൺ മീറ്റർ ടോർക്കും നൽകും. രാജ്യാന്തര മിഡിൽ വെയിറ്റ് ബൈക്കുകളെ അനുസ്മരിപ്പിക്കുന്ന ശബ്ദമാണ് 270 ഡിഗ്രി ഫയറിങ് ഓഡറിലുള്ള ട്വിൻ സിലണ്ടർ എൻജിന്റേത്. ഈ മോട്ടോര്‍സൈക്കിളിനായി പ്രത്യേകം നിര്‍മ്മിച്ച സ്ലിപ്പര്‍ ക്ലച്ച് പിന്തുണയോടുള്ള സിക്സ് സ്പീഡ് ഗിയര്‍ബോക്സാണ് എന്‍ജിനുമായി ബന്ധിപ്പിച്ചിരിക്കുന്നത്.
ഓടിക്കുമ്പോള്‍ മൂവായിരം ആര്‍ പി എമ്മില്‍ താഴെത്തന്നെ എണ്‍പതു ശതമാനം ടോര്‍ഖും എഞ്ചിനില്‍ നിന്ന് ഇരച്ചെത്തും. ഇക്കാരണത്താല്‍ കുറഞ്ഞ വേഗത്തിലും റൈഡിംഗ് തൃപ്തികരമായിരിക്കും. നഗര ഉപയോഗത്തില്‍ 23 കിലോമീറ്ററും ഹൈവേ യാത്രയില്‍ 27 കിലോമീറ്ററുമാണ് ബൈക്ക് മൈലേജ് നല്‍കിയത്. ഏറ്റവും വേഗം കൂടിയ റോയല്‍ എന്‍ഫീല്‍ഡ് ബൈക്കായും ഇന്റര്‍സെപ്റ്ററിനെ വിശേഷിപ്പിക്കാം. പൂജ്യത്തില്‍ നിന്നും നൂറു കിലോമീറ്റര്‍ വേഗം തൊടാന്‍ ആറര സെക്കന്‍ഡുകള്‍ മതി ബൈക്കിന്. മണിക്കൂറില്‍ 170 കിലോമീറ്ററിന് മുകളില്‍ പായാന്‍ ഇന്റര്‍സെപ്റ്ററിന് കെല്‍പ്പുണ്ട്.
പിരെലി സ്‌പോര്‍ട്‌കോമ്പ് ടയറുകളാണ് ഇന്റര്‍സെപ്റ്റര്‍, കോണ്‍ടിനന്റല്‍ ജിടി മോഡലുകളില്‍. ഇറ്റാലിയന്‍ ടയര്‍ കമ്പനിയായ പിരെലി റോയല്‍ എന്‍ഫീല്‍ഡ് 650 മോഡലുകള്‍ക്കായി പ്രത്യേകം രൂപകല്‍പന ചെയ്ത ടയറുകളാണിത്. 320 mm ഡിസ്‌ക്ക് മുന്‍ ടയറിലും 240 mm ഡിസ്‌ക്ക് പിന്‍ ടയറിലും വേഗം നിയന്ത്രിക്കാനുണ്ട്. എബിഎസ് സുരക്ഷ ബൈക്കിലെ അടിസ്ഥാന ഫീച്ചറാണ്.
സ്പീഡോമീറ്റര്‍ ഡയലിനുള്ളിലെ ചെറിയ ഡിസ്‌പ്ലേ ഓഡോമീറ്റര്‍, ട്രിപ്പ് മീറ്റര്‍ വിവരങ്ങളും ലഭ്യമാക്കും. ഓറഞ്ച് ക്രഷ്, ഗ്ലിറ്റര്‍ & ഡസ്റ്റ്, സില്‍വര്‍ സ്‌പെക്ടര്‍, ബേക്കര്‍ എക്‌സ്പ്രസ്, മാര്‍ക്ക് ത്രീ, റാവിഷിംഗ് റെഡ് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന നിറങ്ങള്‍ ബൈക്കിലുണ്ട്. ഇതില്‍ ഓറഞ്ച് ക്രഷ് നിറപ്പതിപ്പിനാണ് ഏറ്റവും കുറഞ്ഞ വില. ഗ്ലിറ്റര്‍ & ഡസ്റ്റ് പതിപ്പിന് 20,000 രൂപ കൂടുതലാണ്.
കൊച്ചിയില്‍ റോയല്‍ എന്‍ഫീല്‍ഡിന്റെ പുതിയ ഷോറൂം ഉദ്ഘാടനം ചെയ്ത സിനിമാതാരം ഫഹദ് ഫാസിലിന് സമ്മാനമായി ഇന്റര്‍സെപ്റ്റര്‍ 650 നല്‍കിയിരുന്നു. ലണ്ടനിൽ കോമൺവെൽത്ത് രാജ്യങ്ങളുടെ നേതാക്കളെ സ്വാഗതം ചെയ്തുള്ള ചടങ്ങിൽ പ്രദർശിപ്പിച്ചിരുന്ന ഇന്റർസെപ്റ്റർ 650 മോട്ടോർ സൈക്കിൾ വില്യം രാജകുമാരന്റെ മനം കവർന്നിരുന്നു.
2.5 ലക്ഷം മുതൽ 2,85 ലക്ഷം രൂപ വരെയാണു ഈ ബൈക്കിന്റെ എക്സ് ഷോറൂം വില.