ഒമാൻ:
ഒമാനിൽ കൊറോണ രോഗം ബാധിച്ചു രണ്ടു പേർ കൂടി മരിച്ചതായി ആരോഗ്യ മന്ത്രാലയം. ഈ വർഷം രാജ്യത്തു പത്തു പേരിൽ മെർസ് വൈറസ് ബാധ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിൽ നാലു പേർ മരിച്ചു.
ലോകത്തു ഇതുവരെ 2100 ഓളം മെർസ് ബാധ റിപ്പോർട്ട് ചെയ്യപ്പെട്ടതായി ലോകാരോഗ്യ സംഘടനയുടെ കണക്കുകളിൽ പറയുന്നു. ഗൾഫ് മേഖലയിൽ സൗദിയിലാണ് ആദ്യമായി രോഗം റിപ്പോർട്ട് ചെയ്യപ്പെട്ടത്. അടുത്തിടെ മെർസ് ബാധയേറ്റു ചികിത്സ തേടുന്നവരുടെയും മരണപ്പെടുന്നവരുടെയും എണ്ണം വർദ്ധിക്കുന്നതിനാൽ കനത്ത ജാഗ്രതയിലാണ് ഒമാൻ ആരോഗ്യ വകുപ്പ്.
മനുഷ്യന്റെ ശ്വസന വ്യവസ്ഥയെ താറുമാറാക്കുന്ന ഈ രോഗത്തിൽ നിന്നും രക്ഷപ്പെടാനുള്ള പ്രധാന പ്രതിരോധ നടപടി ശുചിത്വമാണ്. വൈറസ് കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നത് തടയുവാൻ ആരോഗ്യകരമായ ശീലങ്ങൾ അനുഷ്ഠിക്കുന്നതിനു മന്ത്രാലയത്തിനു കീഴിൽ ബോധവത്കരണവും മുൻകരുതൽ നടപടികളും രാജ്യത്തു പുരോഗമിച്ചു വരികയാണ്.