ബെർലിൻ:
കഴിഞ്ഞ ദിവസം സമാപിച്ച ബെർലിൻ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ ബെർലിനാലെ ഷോർട്സ് വിഭാഗത്തിൽ മത്സരിച്ച മലയാളി സംവിധായകന്റെ ‘ഒമർസ്ക’ (Omarska) എന്ന ഹ്രസ്വ ചിത്രത്തിന് മികച്ച ഹ്രസ്വ ചിത്രത്തിനുള്ള ഓഡിയുടെ (Audi) പ്രത്യേക പരാമർശം ലഭിച്ചിരുന്നു. വരുൺ ശശീന്ദ്രൻ എന്ന യുവ ചലച്ചിത്രകാരനാണ് ഈ സിനിമയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത്. ചിത്രത്തെക്കുറിച്ചും, ബെർലിൻ ചലച്ചിത്രോത്സവ വിശേഷങ്ങളെക്കുറിച്ചും, വരുൺ ശശീന്ദ്രനിൽ നിന്നും അറിയാൻ ബന്ധപ്പെട്ടപ്പോൾ, തന്നെക്കുറിച്ച് എന്തെങ്കിലും എഴുതുന്നതിനേക്കാൾ കൂടുതൽ, തന്റെ ചിത്രം കണ്ട് അതിനെക്കുറിച്ച് എഴുതിക്കാണാനാണ് ആഗ്രഹിക്കുന്നതെന്ന് അഭിപ്രായപ്പെട്ട വരുൺ, പൊതു ഇടത്തിൽ ഇതുവരെയും ലഭ്യമാക്കിയിട്ടില്ലാത്ത ‘ഒമർസ്ക’ കാണുവാനുള്ള അവസരവുമുണ്ടാക്കി.
മുഖ്യമായും ഫ്രഞ്ച് ഭാഷയിലുള്ള ‘ഒമർസ്ക’ 1992 ലെ ബോസ്നിയൻ യുദ്ധ സമയത്തു ബോസ്നിയ ഹെർസെഗോവിനയുടെ വടക്ക് പ്രവർത്തിച്ചിരുന്ന ഒമർസ്ക എന്ന കോൺസെൻട്രേഷൻ ക്യാമ്പിനെ (concentration camp) കുറിച്ചുള്ള, ലൈവ് ആക്ഷനും 3D അനിമേഷനും സമ്മേളിക്കുന്ന കഥേതര ചിത്രമാണ്. 18 മിനിട്ടും 55 സെക്കന്ഡുമാണ് ചിത്രത്തിന്റെ ദൈർഘ്യം.
സെർബിയൻ റിപ്പോർട്ടുകൾ പ്രകാരം ഒമർസ്ക ആളുകളെ കൊണ്ടുവരുകയും (assembly point) അന്വേഷണം നടത്തുകയും ചെയ്യുന്ന കേന്ദ്രമായിരുന്നു. എന്നാൽ സെർബിയൻ ഡെമോക്രാറ്റിക് പാർട്ടിയുടെ (Serbian democratic party) കീഴിൽ സെർബുകൾ (Serbs) ബലപ്രയോഗത്തിലൂടെ പ്രിയെഡോർ (Prijedor) സർക്കാരിന്റെ അധികാരം പിടിച്ചെടുക്കുകയും, 1992 മേയ് മുതൽ ആഗസ്ത് വരെ, ആയിരക്കണക്കിന് ആളുകളെ (non-serbs) ഇവിടെ പാർപ്പിച്ച് ക്രൂരമായി പീഡിപ്പിക്കുകയും, ബലാത്സംഗം ചെയ്യുകയും, കൊല്ലുകയും ചെയ്തു. ഇപ്പോൾ ഒമർസ്ക കോൺസെൻട്രേഷൻ ക്യാമ്പ് പ്രവർത്തിച്ചിരുന്ന കെട്ടിടം ആഴ്സലോർ മിത്തലിന്റെ (Arcelor Mittal) ഒരു നിർമ്മാണ ശാലയായി പ്രവർത്തിക്കുകയാണ്. ഒമർസ്കയിൽ കൊല്ലപ്പെട്ടവരുടെ സ്മരണാർത്ഥം ഇതുവരെയും പ്രതീകങ്ങൾ ഒന്നും നിർമ്മിക്കപ്പെട്ടിട്ടില്ല.
യുദ്ധം പൊട്ടിപ്പുറപ്പെടുന്നതുവരെയും പ്രിജെഡറിൽ ഒരു ന്യായാധിപയായി പ്രവർത്തിച്ചിരുന്ന നുസ്രത്ത് ശിവാക്കിന്റെ ഒമർസ്ക കോൺസൺട്രേഷൻ ക്യാമ്പിൽ എത്തിപ്പെട്ടതിനു ശേഷമുള്ള വേദനാജനകമായ ഓർമ്മകളുടെ വിവരണത്തോടെയാണ് ചിത്രം തുടങ്ങുന്നത്. ഒമർസ്ക കോൺസെൻട്രേഷൻ ക്യാമ്പിലേക്ക് നുസ്രത്തിനെ ബലമായി കൊണ്ടുപോകുകയും, അവിടെ അവർക്ക് അടുക്കള ജോലി നൽകുകയുമായിരുന്നു. ക്യാമ്പിൽ തടവിലാക്കപ്പെട്ടവർക്ക് മേൽ ഏൽപ്പിച്ചിരുന്ന പീഡനങ്ങൾക്ക് അവിടെ നിന്ന് അവർ സാക്ഷിയാകുകയും, സ്വയം, അതിക്രമങ്ങൾക്ക് ഇരയാവുകയുമായിരുന്നു.
ചിത്രത്തിൽ നുസ്രത്തിന്റെ അനുഭവങ്ങൾ ഇംഗ്ലീഷിലേക്ക് തർജ്ജമ ചെയ്യുന്ന ഒരു ആൾ ഉണ്ട്. ഒരു ഘട്ടത്തിൽ നുസ്രത്തിന്റെ വിവരണത്തിലൂടെ അനുഭവവേദ്യമാവുന്ന ഒമർസ്ക കോൺസെൻട്രേഷൻ ക്യാമ്പിലെ ക്രൂരമായ പീഡനങ്ങൾ കേട്ട് മരവിച്ചു പോവുന്ന അവർ തർജ്ജമ ചെയ്യാൻ കഴിയാതെ നിശ്ശബ്ദയാവുന്നു. താൻ നേരിട്ട് അനുഭവിച്ചതുമായി തട്ടിച്ചു നോക്കുമ്പോൾ തന്റെ വിവരണം ഒന്നുമല്ലെന്ന് പറഞ്ഞു നുസ്രത് അവരെ ആശ്വസിപ്പിക്കുന്നു.
ഒമർസ്ക കോൺസെൻട്രേഷൻ ക്യാമ്പ് എന്ന ഭൂതകാല ഇടത്തെ (Space), അതിനെ അതിജീവിച്ചവരുടെ ഓർമ്മകളുടെയും ലഭ്യമായ ചരിത്ര രേഖകളുടെയും, ദൃശ്യങ്ങളുടെയും, ബ്ലൂപ്രിന്റുകളുടെയും സഹായത്തോടെ 3D ആനിമേഷനിലൂടെ നിർമ്മിച്ചെടുക്കുകയാണ് ചിത്രം. ഒമർസ്കയിലെ പീഡനങ്ങൾ ഏൽക്കേണ്ടി വന്നവർക്കും, കൊല്ലപ്പെട്ടവർക്കും ഒരു വിർച്വൽ (Virtual) സ്മാരകം നിർമ്മിക്കാനാണ് ഇതിലൂടെ വരുൺ ശശിധരൻ ശ്രമിക്കുന്നത്. ചിത്രത്തിന്റെ ഒരു ഘട്ടത്തിനു ശേഷമുള്ള 3D ആനിമേഷനിലൂടെയുള്ള ആഖ്യാനത്തിന് കോൺസെൻട്രേഷൻ ക്യാമ്പിന്റെ വിവരണങ്ങളാണ് അകമ്പടിയാവുന്നത്.
ആനിമേഷനിലൂടെയുള്ള കോൺസെൻട്രേഷൻ ക്യാമ്പിന്റെ പുനർനിർമ്മിതി, ഒരു സ്മാരകം പണിയൽ എന്നതിനോടൊപ്പം തന്നെ, ചിത്രത്തിൽ ഒരു ആഖ്യാന ഉപകരണം (narrative tool) കൂടിയായാണ് പ്രവർത്തിക്കുന്നത്. ഇടത്തിന്റെയും (space), മുറിവേറ്റ ഓർമ്മകളുടെയും (traumatic memory) ഇത്തരത്തിലുള്ള പുനർനിർമ്മിതിയുടെ സാംഗത്യം ഒരു പക്ഷെ പ്രശ്നവൽക്കരിക്കപ്പെടാനും വിമർശനാത്മകമായ ചർച്ചകൾക്ക് വഴിതുറക്കാനുമുള്ള സാധ്യതയുണ്ട്.
ഒമർസ്ക കോൺസെൻട്രേഷൻ ക്യാമ്പിൽ നടന്ന ക്രൂരതകളും അതിനെ അതിജീവിച്ചവരിൽ ഉണ്ടാക്കിയിട്ടുള്ള ഓർമ്മകളും (memory) ആഘാതവും (trauma) അതിന്റെ തീവ്രതയിൽ വിനിമയം ചെയ്യാൻ ഒരു ഹ്രസ്വ ചിത്രമെന്ന നിലയിൽ ‘ഒമർസ്ക’ക്ക് പരിമിതികൾ ഉണ്ടാവുന്നുണ്ട്. അതേസമയം തന്റെ ചിത്രത്തിന്റെ ഈ ഒരു പരിമിതിയെക്കുറിച്ച് സംവിധായകൻ ബോധവാനായതിനാൽത്തന്നെ ആവാം അതിനുവേണ്ടിയുള്ള വികലമായ ശ്രമങ്ങളിലേക്ക് പോവാതെ വളരെ കയ്യടക്കത്തോടെ ചിത്രത്തിന്റെ രൂപത്തിലും (Form) വിർച്വൽ സ്മാരകം എന്ന ആശയത്തിലും സംവിധായകൻ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
ബെർലിനാലിന് നൽകിയ അഭിമുഖത്തിൽ ഓമർസ്കയിൽ തടവിലാക്കപ്പെടുകയും, പിന്നീട് കൊല്ലപ്പെടുകയും ചെയ്ത
ഹൈറയെക്കുറിച്ച് (Hajra) വരുൺ പറയുന്നുണ്ട്. ഹൈറയെക്കുറിച്ചും, അവളുടെ അന്ത്യ നാളുകളെക്കുറിച്ചും കൂടുതൽ അറിയാൻ തനിക്ക് താല്പര്യമുണ്ടെന്നും, അവരെക്കുറിച്ച് ഒരു സിനിമ ചെയ്യുക എന്നത് തന്റെ ആഗ്രഹമാണെന്നും വരുൺ അഭിമുഖത്തിൽ പറയുന്നു. അങ്ങനെ നോക്കുമ്പോൾ ഈ ചിത്രം ഒമർസ്കയെക്കുറിച്ച് ഭാവിയിൽ സാധ്യമായേക്കാവുന്ന വരുണിന്റെ തന്നെ കൂടുതൽ ശക്തമായ ദൃശ്യാഖ്യാനത്തിലേക്കുള്ള ഒരു മുഖവുര മാത്രമാണ്.
നാസി കോൺസെൻട്രേഷൻ ക്യാമ്പുകളെക്കുറിച്ചുള്ള അലൻ റെനെയുടെ (Alain Resnais) 32 മിനിറ്റ് ദൈർഘ്യം ഉള്ള ഫ്രഞ്ച് ഡോക്യുമെന്ററി ചിത്രമായ നൈറ്റ് ആൻഡ് ഫോഗ് (Night and Fog -1956), ക്ലോഡ് ലാൻസ്മാൻ (Claude Lanzmann) സംവിധാനം ചെയ്ത ഹോളോകോസ്റ്റിനെക്കുറിച്ചുള്ള 566 മിനിറ്റ് ദൈർഘ്യമുള്ള ഫ്രഞ്ച് ഡോക്യുമെന്ററി ഷൊഹ (Shoah-1985) തുടങ്ങിയ ചിത്രങ്ങൾ ലോക സിനിമ ആസ്വാദകരിൽ ഉണ്ടാക്കിയിട്ടുള്ള സ്വാധീനം വളരെ വലുതാണ്. കോൺസൺട്രേഷൻ ക്യാമ്പുകളെക്കുറിച്ചും, ഹോളോകോസ്റ്റ്/കൂട്ടക്കൊലകളെക്കുറിച്ചുള്ള ചരിത്ര ആഖ്യാനങ്ങൾ സ്വാഭാവികമായും മനസ്സിനെ പിടിച്ചു കുലുക്കുന്നവയാണ്. അതിനെ, ചലച്ചിത്ര കലയെയും അതിന്റെ ഭാഷയെത്തന്നെയും മുന്നോട്ടു നയിക്കുന്ന തരത്തിൽ സൃഷ്ടിച്ചിരിക്കുന്നു എന്നുള്ളതാണ് മേൽ പറഞ്ഞ ചിത്രങ്ങളെ കലാതിവർത്തിയാക്കുന്നത്.
ഇത്തരത്തിൽ, മനുഷ്യന്റെ ക്രൂരതയുടെ ഉദാഹരണങ്ങളായ കോൺസെൻട്രേഷൻ ക്യാമ്പുകളുടെ കഥ പറഞ്ഞ ആയിരക്കണക്കിന് ചിത്രങ്ങളുടെ കൂട്ടത്തിൽ സമീപ ചരിത്രത്തിലെ ഒമർസ്‌ക കോൺസെൻട്രേഷൻ ക്യാമ്പിനെക്കുറിച്ച് ഒരു ഹ്രസ്വ ചിത്രം നിർമ്മിക്കാൻ മലയാളിയായ വരുൺ ശശിധരന് അവസരം ലഭിച്ചു എന്നതും ആ ചിത്രത്തിന് ബെർലിൻ ചലച്ചിത്രോത്സവത്തിൽ ഇടം ലഭിക്കുകയും അംഗീകരിക്കപ്പെടുകയും ചെയ്തു എന്നതും അഭിമാനകരമായ കാര്യമാണ്.
ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് പഠിച്ച വരുൺ നാലു വർഷം സോഫ്റ്റ്‌വെയർ എഞ്ചിനീയർ ആയി ജോലി ചെയ്യുകയും തുടർന്ന് 2012 ൽ ചലച്ചിത്രങ്ങളിൽ ആകൃഷ്ടനായി ജോലി ഉപേക്ഷിച്ച് കാലിക്കറ്റ് സർവകലാശാലയിൽ വിഷ്വൽ മീഡിയ പഠിക്കാൻ ചേരുകയുമായിരുന്നു. പിന്നീട് സാരാജെവോ ഫിലിം അക്കാഡമിയിൽ (Sarajevo Film Academy) മാസ്റ്റർ ബിരുദത്തിന് ചേർന്ന വരുൺ അവിടെ വച്ച് സംവിധായകൻ അലൈൻ ഫ്ലെച്ചറുടെ (Alain Fleischer) നേതൃത്വത്തിലുള്ള ഒരു വർൿഷോപ്പിൽ പങ്കെടുക്കുകയും ഫ്രാൻസിലെ ഫ്രെസ്നോയ് – സ്റ്റുഡിയോ നാഷണൽ ദെസ് ആർട്സ് കോണ്ടംപൊറൈൻസ് (Le Fresnoy – Studio National des Arts Contemporains in France)നെക്കുറിച്ച് അറിയുകയും തുടർന്ന് അവിടെ പഠിക്കാൻ പോവുകയുമായിരുന്നു. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് ഒരു ചിത്രമൊരുക്കുക എന്ന ആഗ്രഹവും കണ്ണൂർ സ്വദേശി കൂടിയായ വരുൺ ബെർലിനിൽ പങ്കുവച്ചിരുന്നു.