കാലിഫോർണിയ:
യഥാർത്ഥ ലോകത്തിൽ കാണുന്ന ഭൗതികമായ വസ്തുക്കളുടെ കൂടെ കമ്പ്യൂട്ടർ ജനറേറ്റഡ് ആയ ചിത്രങ്ങൾ കൂട്ടിച്ചേർത്ത് യഥാർത്ഥമായ ലോകത്തിന്റെ മികച്ച ഒരു അനുഭവം തരുന്ന ടെക്നോളജി ആണ് ഓഗ്‌മെന്റഡ് റിയാലിറ്റി അല്ലെങ്കിൽ ചുരുക്കത്തിൽ എ. ആർ എന്ന് പറയുന്നത്. സാങ്കല്പികമെങ്കിലും എന്നാൽ യാഥാർത്ഥ്യവുമായി കൂടുതൽ അടുത്തു നിൽക്കുന്ന പുതിയ അനുഭവതലമാണ് ഓഗ്‌മെന്റഡ് റിയാലിറ്റി.
ഈ ടെക്നോളജി ഉപയോഗപ്പെടുത്തി പുതിയൊരു തലത്തിലേക്ക് മാപ്‌സ് നാവിഗേഷൻ സംവിധാനങ്ങളെ കൊണ്ടു വന്നിരിക്കുകയാണ് ഗൂഗിൾ.
ഗൂഗിൾ മാപ്‌സിൽ ഇപ്പോൾ ടെസ്റ്റിംഗ് ഘട്ടത്തിലാണ് ഓഗ്‌മെന്റഡ് റിയാലിറ്റി. കാല്‍നടക്കാര്‍ക്ക് ഉപയോഗിക്കാന്‍ പാകത്തിനാണ് ഇപ്പോള്‍ ഗൂഗിള്‍ മാപ്‌സില്‍ എത്തിയ ഫീച്ചറുകള്‍ സജ്ജീകരിച്ചിരിക്കുന്നത്. ഫോണ്‍ സ്‌ക്രീനിനു മേല്‍ ഡിജിറ്റല്‍ സ്ട്രീറ്റ് സൈനുകളും വെര്‍ച്വല്‍ ആരോകളും പതിക്കുകയാണ് മാപ്‌സ് ഇപ്പോള്‍ ചെയ്യുന്നത്. ലക്ഷ്യസ്ഥാനം സെറ്റ് ചെയ്ത് ഉപഭോക്താക്കൾ ഫോൺ തങ്ങൾക്കു മുന്നിൽ ഉയർത്തിപ്പിടിക്കുമ്പോൾ മാപ്‌സിന്റെ ഓഗ്‌മെന്റഡ് റിയാലിറ്റി വേര്‍ഷന്‍ പ്രവര്‍ത്തനക്ഷമമാകുകയും ഗൂഗിൾ സ്ട്രീറ്റ് വ്യൂ അനുഭവത്തോടെ ശരിയായ ദിശ കാണിച്ചു തരികയും ചെയ്യും.
നിലവില്‍ ഉപയോഗിക്കുന്ന 2D മാപ്‌സില്‍ കാണുന്ന നീല ബിന്ദുവാണ് നമ്മൾ നിൽക്കുന്ന സ്ഥലം അടയാളപ്പെടുത്തുന്നതെങ്കിൽ എ ആർ മാപ്‌സിൽ ആരോമാർക്ക് ആണ് ഉപയോഗിക്കുന്നത്. അതിനാൽ ദിശ കൂടി എളുപ്പത്തിൽ മനസ്സിലാക്കാം. കൂടുതൽ പരീക്ഷണങ്ങളിലൂടെ കൃത്യത ഉറപ്പു വരുത്തി എ ആർ മാപ്സിനെ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് ഗൂഗിൾ.