Sun. Dec 22nd, 2024
കൊച്ചി:

നടി ദിവ്യ ഗോപിനാഥ് ഉന്നയിച്ച മീടൂ ആരോപണത്തില്‍, നടന്‍ അലന്‍സിയര്‍ പരസ്യമായി മാപ്പു പറഞ്ഞു. പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ അലൻസിയര്‍ പരസ്യമായി മാപ്പു പറയണമെന്ന് നേരത്തെ ദിവ്യ ആവശ്യപ്പെട്ടിരുന്നു. സിനിമാ ചിത്രീകരണത്തിനിടെ അലൻസിയർ തന്നെ ലൈംഗികച്ചുവയോടെ സമീപിച്ചെന്ന് തുറന്നു പറഞ്ഞ നടി, അഭിനേതാക്കളുടെ സംഘടനയായ അമ്മയിൽ പരാതി നല്‍കിയിരുന്നു. എന്നാൽ പരാതി കൊടുത്ത് ഒരു വർഷമായിട്ടും കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല. അലൻസിയർ പരസ്യമായി മാപ്പു പറയണമെന്ന ആവശ്യത്തിൽ ദിവ്യ ഉറച്ചു നിന്നതോടെയാണ് അലൻസിയർ പരസ്യമായി മാപ്പു പറഞ്ഞത്.

ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അലന്‍സിയര്‍ മാപ്പുപറഞ്ഞത്. ആരോപണങ്ങളെത്തുടർന്ന് താൻ അപ്രഖ്യാപിത വിലക്ക് നേരിടുകയാണെന്നും, സിനിമയിൽ നിന്ന് അവസരങ്ങൾ കുറഞ്ഞതായും അലൻസിയർ തുറന്നു പറഞ്ഞിരുന്നു. അതിനിടെ അലന്‍സിയര്‍ പരസ്യമായി ക്ഷമ ചോദിച്ചതില്‍ സന്തോഷം പ്രകടിപ്പിച്ച്‌ ദിവ്യ ഗോപിനാഥും രംഗത്തു വന്നു. അലന്‍സിയര്‍ തെറ്റ് അംഗീകരിച്ചതില്‍ തനിക്ക് സന്തോഷമുണ്ടെന്നും, അദ്ദേഹം നേരത്തെ തന്നോട് ക്ഷമ ചോദിച്ചിരുന്നതായും അവര്‍ പറഞ്ഞു.

എന്നാല്‍ തന്നോട് ക്ഷമ ചോദിച്ച്‌ മറ്റ് സ്ത്രീകളോട് ഇത്തരം പെരുമാറ്റം അദ്ദേഹം തുടരരുത്. അതുകൊണ്ടാണ് പരസ്യമായി അലന്‍സിയര്‍ ക്ഷമ ചോദിക്കണമെന്ന് താന്‍ ആവശ്യപ്പെട്ടതെന്നും ദിവ്യ പറഞ്ഞു. നമ്മളെല്ലാവരും ഒരേ മേഖലയിലാണ് ജോലി ചെയ്യുന്നത് ആരോഗ്യകരമായ ഒരു ചുറ്റുപാട് അവിടെയുണ്ടാകണം. അദ്ദേഹം മൂലമുണ്ടായ ദ്രോഹങ്ങള്‍ മനസ്സിലാക്കുകയും, കൃത്രിമത്വമില്ലാതെയാണ് അദ്ദേഹം ക്ഷമചോദിക്കുകയും ചെയ്തതെങ്കില്‍ താനത് അംഗീകരിക്കുന്നതായും ദിവ്യ പറഞ്ഞു. ഇനി ഈ കേസുമായി മുന്നോട്ട് പോകാന്‍ ആഗ്രഹിക്കുന്നില്ലെന്നും, ഇവിടെ എല്ലാം അവസാനിക്കുന്നതായും ദിവ്യ പറഞ്ഞു.

ബുദ്ധിമുട്ടേറിയ സമയത്തും തന്റെ കൂടെ നിന്ന ഡബ്ല്യു സി സി അംഗങ്ങള്‍ക്കും, കുടുംബത്തിനും, ജസ്റ്റിസ് ഹേമ കമ്മീഷനും, മാദ്ധ്യമങ്ങള്‍ക്കും, പൊതു സമൂഹത്തിനും ദിവ്യ നന്ദി പറയുകയും ചെയ്തു. ആഭാസം സിനിമയിലെ സെറ്റില്‍ ഉണ്ടായ പ്രശ്‌നങ്ങള്‍ ദിവ്യ വെളിപ്പെടുത്തിയതോടെയാണ് അലന്‍സിയര്‍ വെട്ടിലായത്. ഈ വിഷയത്തിലാണ് ഇപ്പോള്‍ അലന്‍സിയര്‍ പരസ്യമായി മാപ്പു പറഞ്ഞത്. ദിവ്യയുടെ അഭിമുഖം പ്രസിദ്ധീകരിച്ചതിനു പിന്നാലെ ദിവ്യയെ ഫോണില്‍ വിളിച്ച്‌ സംസാരിച്ചിരുന്നു. പരസ്യമായി മാപ്പു പറയുന്നതിലൂടെ മാത്രമേ വിവാദങ്ങള്‍ അവസാനിപ്പിക്കാന്‍ കഴിയുവെന്ന് ദിവ്യ വ്യക്തമാക്കി. തനിക്കും ഇതു ചെയ്യേണ്ടതായിട്ടുണ്ടെന്ന് തോന്നുന്നുവെന്നും, അതിനാലാണ് മാപ്പു പറയുന്നതെന്നും അലന്‍സിയര്‍ പറഞ്ഞു.

“എന്റെ പെരുമാറ്റം ദിവ്യയെ വേദനിപ്പിച്ചുവെന്ന് മനസ്സിലാക്കിയപ്പോള്‍ത്തന്നെ ഞാന്‍ ആത്മാര്‍ഥമായി മാപ്പു പറഞ്ഞിരുന്നു. പിന്നീട് വിഷയം പരസ്യമായപ്പോള്‍, പരസ്യമായിത്തന്നെ മാപ്പു പറയണമെന്ന് ദിവ്യ ആവശ്യപ്പെട്ടു. ഞാന്‍ വീണ്ടും എന്റെ തെറ്റിന് മാപ്പു പറയുകയാണ്. ദിവ്യയോട് മാത്രമല്ല എന്റെ പെരുമാറ്റം വേദനിപ്പിച്ചിട്ടുള്ള എല്ലാ സഹപ്രവര്‍ത്തകരോടും ഞാന്‍ ക്ഷമാപണം നടത്തുന്നു,” അലന്‍സിയര്‍ വിശദീകരിച്ചു. ‘താന്‍ വിശുദ്ധനല്ല, എല്ലാവരെയും പോലെ ഒരു മനുഷ്യന്‍ മാത്രമാണ്. തെറ്റുകള്‍ ചെയ്തിട്ടുണ്ട്. വേദനിച്ചവരുടെ അവസ്ഥ മനസിലാക്കുന്നതിനുള്ള ഒരേ ഒരു വഴി ചെയ്ത തെറ്റുകള്‍ സമ്മതിക്കുകയും അതില്‍ പശ്ചാത്തപിക്കുകയും ചെയ്യുക മാത്രമാണെന്നും’ അലന്‍സിയര്‍ പറഞ്ഞു.

പേരു വെളിപ്പെടുത്താതെ ഒരു ബ്ലോഗിലൂടെയായിരുന്നു ലൈംഗികാതിക്രമങ്ങളെക്കുറിച്ച്‌ നടി ആദ്യം വെളിപ്പെടുത്തിയത്. പിന്നീട് ഫേസ്‌ബുക്ക് ലൈവിലൂടെയും, താന്‍ പറഞ്ഞകാര്യങ്ങള്‍ സത്യമാണെന്നും, ആരുടേയും പ്രേരണ പ്രകാരമല്ല വെളിപ്പെടുത്തല്‍ നടത്തിയതെന്നും വ്യക്തമാക്കിയിരുന്നു. ആരോപണങ്ങള്‍ ശരിയാണെന്ന് ചിത്രത്തിന്റെ സംവിധായകന്‍ ജുബിത് നമ്രാടത്ത് സമ്മതിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *