കൊച്ചി:
പരസ്യരംഗത്തെ അന്താരാഷ്ട്ര കൂട്ടായ്മയായ ഇന്റർനാഷണൽ അഡ്വർടൈസിങ് അസോസിയേഷന്റെ (ഐ.എ.എ.) ലോക ഉച്ചകോടി ഫെബ്രുവരി 20 മുതൽ 22 വരെ ബോൾഗാട്ടിയിലെ ഗ്രാൻഡ് ഹയാത്ത് ലുലു ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിൽ നടക്കും.
ഐ.എ.എ.യുടെ 80 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ലോക ഉച്ചകോടിക്ക് ഒരു ഇന്ത്യൻ നഗരം വേദിയാകുന്നത്. 44-ാം ലോക സമ്മേളനമാണ് ഇത്തവണത്തേത്. രണ്ടു വർഷത്തിലൊരിക്കലാണ് സമ്മേളനം. വാഷിങ്ടൺ ഡി.സി., മോസ്‌കോ, ബീജിങ്ങ് എന്നിവിടങ്ങളിലായിരുന്നു കഴിഞ്ഞ മൂന്നു സമ്മേളനങ്ങൾ അരങ്ങേറിയത്. ‘ബ്രാൻഡ് ധർമ’ എന്നതാണ് ഇത്തവണത്തെ പ്രമേയം.
30 രാജ്യങ്ങളിൽനിന്നുള്ളവരാണ് സമ്മേളന പ്രതിനിധികളായെത്തുന്നത്. മൂന്നു ദിവസവും വിനോദ പരിപാടികളും ഒരുക്കിയിട്ടുണ്ട്. ആദ്യ ദിനം കേരളത്തിനായാണ് സമർപ്പിച്ചിരിക്കുന്നത്. രണ്ടാം ദിവസം 30 മോഡലുകളെ അണിനിരത്തിയുള്ള ഫാഷൻ ഷോയുമുണ്ട്.
ഇതിനോടകം ലോകശ്രദ്ധ പിടിച്ചുപറ്റിയ ഹ്യൂമനോയ്ഡ് റോബോട്ടായ ‘സോഫിയ’യുടെ സാന്നിധ്യമായിരിക്കും മുഖ്യ ആകർഷണങ്ങളിലൊന്ന്. ബോളിവുഡ് താരങ്ങളായ ദീപിക പദുകോൺ, കജോൾ ദേവ്ഗൺ, മുൻ ടെന്നീസ് താരങ്ങളായ ആന്ദ്രെ അഗാസി, വിജയ് അമൃത്‌രാജ് എന്നിവരുടെ സാന്നിധ്യവും സമ്മേളനത്തിന് തിളക്കം കൂട്ടും.
ബുധനാഴ്ച രാവിലെ 10 മണിക്കു നടക്കുന്ന ഉദ്ഘാടന ചടങ്ങിൽ ഇന്ത്യയിലെ ഏറ്റവും വലിയ ശതകോടീശ്വരനും റിലയൻസ് ഇൻഡസ്ട്രീസിന്റെ ചെയർമാനുമായ മുകേഷ് അംബാനി, ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചൻ, ആത്മീയാചാര്യൻ ശ്രീ ശ്രീ രവിശങ്കർ തുടങ്ങിയവർ പങ്കെടുക്കും.
ശശി തരൂർ എം.പി, യൂണീലിവർ ചെയർമാൻ പോൾ പോൾമാൻ, സ്‌കൈപ്പിന്റെ സഹ സ്ഥാപകൻ ജോനാസ് കെൽബെർഗ്, പീയുഷ് പാണ്ഡേ, നന്ദൻ നിലേകനി, സാംസങ്ങിന്റെ ആഗോള വൈസ് പ്രസിഡന്റ് പ്രണവ് മിസ്ത്രി തുടങ്ങിയ പ്രമുഖരും പ്രഭാഷകരായി എത്തുന്നു.