Sun. Dec 22nd, 2024
കൊ​ച്ചി:

ബാങ്ക് വായ്പയ്ക്ക് ജാമ്യം നിന്ന് കുടിയിറങ്ങേണ്ടി വന്ന പ്രീത ഷാജിക്ക് വീട് തിരിച്ചു കൊടുക്കാൻ ഹൈക്കോടതി ഉത്തരവ്. വീടും പുരയിടവും ലേലത്തിൽ വിറ്റ നടപടി റദ്ദാക്കിക്കൊണ്ടാണ് ഉത്തരവ്. ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണലിന്‍റെ ഉത്തരവിറങ്ങി എട്ടുവർഷത്തിലേറെ കഴിഞ്ഞു നടത്തിയ ലേല വിൽപനയ്ക്കു നിയമസാധുതയില്ലെന്ന് ആരോപിച്ച് എം.വി. ഷാജി സമർപ്പിച്ച ഹർജിയാണ് ഉത്തരവ്. വാ​യ്പാ തു​ക​യും പ​ലി​ശ​യും ബാ​ങ്കി​ല്‍ തി​രി​കെ അ​ട​ച്ചാ​ല്‍ സ്വ​ത്ത് കൈ​വ​ശം വ​യ്ക്കാ​മെ​ന്നും ഹൈ​ക്കോ​ട​തി അ​റി​യി​ച്ചു.

43.35 ലക്ഷം രൂപ ബാങ്കിനു നല്‍കിയാല്‍ സ്വത്ത് കൈവശം എടുക്കാം. ഒരു ലക്ഷത്തി എണ്‍പത്തി ഒമ്പതിനായിരം രൂപ മുമ്പ് ലേലത്തില്‍ വാങ്ങിയ രതീഷിന് നല്‍കണം. പ്രീതാ ഷാജിക്കെതിരായ എല്ലാ മുന്‍ ഉത്തരവുകളും ഹൈക്കോടതി റദ്ദാക്കി. ബാങ്കിന് നൽകാൻ നിർദേശിച്ച തുക ഒരു മാസത്തിനകം കെട്ടി വയ്ക്കണമെന്നാണ് നിർദേശം. അതിന് കഴിയാതെ വന്നാൽ ബാങ്കിന് പുതിയ നിയമ നടപടിക്രമങ്ങൾ തുടങ്ങാമെന്നും ചീഫ് ജസ്റ്റിസ് ഋഷികശ് റോയ്, ജസ്റ്റിസ് എ.കെ. നമ്പ്യാർ എന്നിവരുടെ ഡിവഷനൽ ബഞ്ചിന്റെ ഉത്തരവിലുണ്ട്. സുഹൃത്തിന‌് ജാമ്യം നിന്നതിന്‍റെ പേരില്‍ വായ‌്പാ കുടിശ്ശിക തിരിച്ചടയ‌്ക്കാന്‍ നിവൃത്തിയില്ലാതെ ജപ‌്തി നേരിട്ട പ്രീത ഷാജിയും കുടുംബവും 26 ന‌് വീട‌് ഒഴിയണമെന്ന‌് ഹൈക്കോടതി നേരത്തെ ഉത്തരവായിരുന്നു.

ലേല നടപടി നിയമപരമായി നിലനില്‍ക്കില്ലെന്ന‌് ചൂണ്ടിക്കാട്ടി പ്രീതയുടെ ഭര്‍ത്താവ‌് എം വി ഷാജി സമര്‍പ്പിച്ച ഹര്‍ജിയിലാണ്‌ ഹൈക്കോടതി വിധി. 2005 ലാണ‌് ട്രിബൂണല്‍ വിധി നടപ്പാക്കാന്‍ നിര്‍ദേശിച്ചത‌്. മൂന്നുവര്‍ഷത്തെ കാലാവധിക്കുള്ളില്‍ വിധി നടപ്പാക്കണമെന്ന വ്യവസ്ഥ ബാങ്ക‌് പാലിച്ചില്ലെന്നും, ഒമ്പതു വര്‍ഷം കഴിഞ്ഞ‌് 2018 ലാണ‌് വസ‌്തു ലേലത്തില്‍ വിറ്റതെന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

1994 ല്‍ സുഹൃത്തിന് രണ്ട് ലക്ഷം രൂപ വായ്പയെടുക്കാന്‍ ജാമ്യം നിന്ന കുടുംബം 2.7 കോടി രൂപയുടെ കടക്കെണിയില്‍ പെടുകയായിരുന്നു. തുടര്‍ന്ന് സ്വകാര്യ ബാങ്ക് ജപ്തി നടപടികളിലേക്ക് കടന്നു. 18.5 സെന്റ് വരുന്ന കിടപ്പാടം കേവലം 37.5 ലക്ഷം രൂപക്കാണ് ഡെബ്റ്റ് റിക്കവറി ട്രിബ്യൂണല്‍ (ഡിആര്‍ടി) ലേലത്തില്‍ വിറ്റത്. ഇതിനെ ചോദ്യം ചെയ്താണ് എം വി ഷാജി അപ്പീല്‍ ഫയല്‍ ചെയ്തത്.

പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീത ഷാജിക്കും ഭർത്താവ് എം.വി. ഷാജിക്കും 2009 മാർച്ച് 31 നു നിലനിന്ന വായ്പാ കുടിശിക എത്രയെന്ന് അറിയിക്കാൻ ബാങ്ക് അധികൃതരോട് ഹൈക്കോടതി നിർദേശിച്ചിരുന്നു. ഡെബ്റ്റ് റിക്കവറി ട്രൈബ്യൂണൽ ഉത്തരവ് 2005 ജൂൺ 10 നായിരുന്നു. 2014 ഫെബ്രുവരി 24 നാണു വസ്തുവിന്റെ ലേല വിൽപന നടന്നത്. ചട്ടപ്രകാരം ലേലവിൽപനയ്ക്ക് അനുവദനീയ സമയപരിധി 2009 മാർച്ച് 31 നു കഴിഞ്ഞെന്നാണു ഹർജിക്കാർ വാദിച്ചത്.

കൃത്രിമ കണക്കുണ്ടാക്കി എച്ച്.ഡി.എഫ്.സി ബാങ്ക് തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് പ്രീത ഷാജിയുടെ കുടുംബം ആരോപിച്ചിരുന്നു. ഭീമമായ തുക തിരിച്ചടക്കാന്‍ കഴിയാതായതോടെ രണ്ടു കോടി വിലമതിക്കുന്ന വസ്തു ലേലത്തില്‍ വിറ്റു. റിയല്‍ എസ്റ്റേറ്റ് മാഫിയ ഇടപെട്ട് രണ്ടു കോടിയുടെ വസ്തു 30 ലക്ഷത്തിന് വിലയ്ക്കു വാങ്ങിയെന്നാണ് കുടുംബത്തിന്‍റെ ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *