#ദിനസരികള് 673
കാസര്‍കോട് പെരിയ കല്യോട്ട് രണ്ട് യൂത്ത് കോണ്‍ഗ്രസു പ്രവര്‍ത്തകര്‍ ദാരുണമായി കൊല്ലപ്പെട്ടു. കൊന്നത് സി പി.ഐ.എമ്മാണെന്ന് പ്രചരിപ്പിക്കപ്പെട്ടു. പ്രാദേശിക നേതാക്കളെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ ജയിലിലായിരുന്ന യുവാക്കളെ കൊന്നത് സി.പി.ഐ.എം തന്നെയാണ് എന്ന് ചിന്തിക്കുക സ്വാഭാവികവുമാണല്ലോ. സാധ്യതകള്‍ കണക്കിലെടുത്ത് സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്തിറങ്ങി. മാത്രവുമല്ല വിഷയം സജീവമായി നിലനിറുത്താന്‍ കൊലപാതകത്തെച്ചൊല്ലി ഒരു ഹര്‍ത്താലും പ്രഖ്യാപിക്കപ്പെട്ടു.
സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് നാട്ടിലാകമാനം പ്രചരിപ്പിക്കപ്പെടാനും ചര്‍ച്ച ചെയ്യാനുമുള്ള അവസരമായി പ്രസ്തുത കൊലപാതകങ്ങളെ രാഷ്ട്രീയ എതിരാളികള്‍ ഉപയോഗിച്ചു. ഇന്നലെ വരെ കൊലക്കത്തി താഴെ വെക്കാത്തവര്‍ ഇന്നു കുളിച്ചൊരുങ്ങി മാടപ്രാവുകളായി കൊല്ലപ്പെട്ടവരുടെ വീടുകളിലേക്കെത്തി നെഞ്ചത്തടിയും നിലവിളിയുമായി വിലാപങ്ങളില്‍ പങ്കുകൊണ്ടു. അതും സ്വാഭാവികം തന്നെയാണ്. മുതലെടുപ്പിന് ഒരവസരം കിട്ടിയാല്‍, പ്രത്യേകിച്ചും, ഇലക്ഷന്‍ പടിവാതില്ക്കലെത്തി നില്ക്കുന്ന സന്ദര്‍ഭത്തില്‍ ആരായാലും ചെയ്തുപോകും. അങ്ങനെ വിലപിച്ചവര്‍ ഇന്നലെ മറ്റൊരുത്തന്റെ നെഞ്ചിലേക്ക് കത്തി കുത്തിയിറക്കിയിരിക്കുന്നുവെന്ന വാര്‍ത്തയും പുറത്തു വന്നിരിക്കുന്നു. കൊലപാതകത്തിനെതിരെ വിലാപങ്ങളുടെ ആത്മാര്‍ത്ഥത നോക്കുക.
കൊന്നത് സി.പി.ഐ.എമ്മാണെന്ന് പ്രതിപക്ഷവും, അല്ലെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരിയും പ്രതികരിച്ചു. അഥവാ സി.പി.ഐ.എമ്മിന്റെ ഏതെങ്കിലും പ്രവര്‍ത്തകര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടെങ്കില്‍ യാതൊരു തരത്തിലുള്ള സംരക്ഷണവുമുണ്ടാകില്ലെന്നും, എത്രയും പെട്ടെന്ന് പ്രതികളെ നിയമത്തിനു മുന്നില്‍ കൊണ്ടു വരാനുള്ള നടപടികള്‍ അധികാരികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സി.പി.ഐ.എമ്മിന്റെ രാഷ്ട്രീയ നിലപാടുകള്‍ മനസ്സിലാക്കുന്ന ആരും തന്നെ ഈ കൊലപാതകം ചെയ്യുകയോ ചെയ്തവരെ ന്യായീകരിക്കുകയോ ചെയ്യില്ലെന്ന് ദേശാഭിമാനി മുഖപ്രസംഗത്തിലൂടെ വ്യക്തമാക്കി. ലോകസഭയിലേക്കുള്ള ഇലക്ഷന്‍ പടിവാതില്ക്കലെത്തി നില്ക്കുന്ന ഈ സന്ദര്‍ഭത്തില്‍ ഇത്തരമൊരു ക്രൂരകൃത്യം ചെയ്തവര്‍ക്ക് സി.പി.ഐ.എമ്മിനെക്കുറിച്ചോ നിലവിലുള്ള രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ചോ ഒന്നുമറിയില്ലെന്നും, ഇത് സി.പി.ഐ.എമ്മിനെ പ്രതിക്കൂട്ടിലേക്ക് നയിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായി കാണണമെന്നും ദേശാഭിമാനി പറയുന്നു.
സംസ്ഥാന സര്‍ക്കാറിനെതിരെ ഉന്നയിക്കാന്‍ ആക്ഷേപങ്ങളൊന്നുമില്ലാതെ പ്രതിപക്ഷമാകെ വിഷമിച്ചു നില്ക്കുന്ന സന്ദര്‍ഭത്തിലാണ് ഇക്കൊല നടക്കുന്നതെന്നും, അതുകൊണ്ട് ഒരു തരത്തിലും ഇതിനെ ന്യായീകരിക്കാനോ പിന്തുണയ്ക്കുവാനോ ഇല്ലെന്നുമുള്ള വ്യക്തമായ സന്ദേശം പതിവിലുമേറെ രോഷത്തോടെ ദേശാഭിമാനി പ്രകടിപ്പിച്ചു. രാഷ്ട്രീയമായി മുതലെടുപ്പു നടത്തുന്ന വലതുപക്ഷത്തേയും പ്രതിരോധിക്കാന്‍ ശ്രമിക്കുന്ന ഇടതുപക്ഷത്തേയും മാറ്റി നിറുത്തുക. മരിച്ച മക്കളെ മടിയില്‍ കിടത്തി വിലപിക്കുന്ന അമ്മമാരെ, പെറ്റ വയറിന്റെ വേദനകളെ മാത്രം ഒരു ജനത എന്ന നിലയില്‍ നാം നെഞ്ചേറ്റുക.
“നാന്‍ പെറ്റ മകനേ എന്‍ കിളിയേ” എന്ന വിലാപത്തിന്റെ ഉഗ്രത കേരളം മറന്നിട്ടില്ല. മഹാരാജാസിന്റെ അങ്കണത്തില്‍ കുത്തേറ്റു വീണു മരിച്ച മകനെ ചേര്‍ത്തു പിടിച്ചു കൊണ്ട് അലറിക്കരഞ്ഞ ഒരമ്മയുടെ വേദന അങ്ങനെ പെട്ടെന്നൊന്നും നമുക്കു മറക്കാനുമാകില്ല. ആ കരച്ചിലില്‍ കേരളം കൂടെക്കരഞ്ഞു. ആ അമ്മയ്ക്ക് താങ്ങായി ഒപ്പം നിന്നു. അവര്‍ മകനേ എന്നു വിലപിച്ചപ്പോൾ കേരളത്തിലെ ഓരോ അമ്മമാരും തന്റെ മക്കളോട് അമ്മേ എന്നു വിളികേള്‍ക്കാന്‍ ആവശ്യപ്പെട്ടു. ആ മറുവിളികള്‍ കൊലപാതകികള്‍ക്ക് തിരുത്താനുള്ള പ്രേരണയാകമെന്ന് നാം പ്രതീക്ഷിച്ചു. ഒരു മാറ്റവുമുണ്ടായില്ല. അമ്മമാരുടെ വേദനകളെ അവരുടെ മക്കള്‍ മനസ്സിലാക്കിയിട്ടേയില്ലെന്ന് പിന്നീടും തെളിയിക്കപ്പെട്ടു.
ഇപ്പോഴിതാ കേരളത്തിന്റെ തെരുവോരത്ത് രണ്ടമ്മമാര്‍ അശരണരായി ആര്‍ത്തലയ്ക്കുന്നു. മാറ്റങ്ങളുണ്ടായേ പറ്റൂ. പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുമായി രംഗംകൊഴുപ്പിക്കുന്നവര്‍ ഈ അരുംകൊലകളെ അവസാനിപ്പിക്കുവാനുള്ള പ്രായോഗികപദ്ധതികളെ ആവിഷ്കരിച്ചേ പറ്റൂ. തങ്ങള്‍ക്കു പ്രിയപ്പെട്ടവന്‍ കൊല്ലപ്പെടുമ്പോള്‍ മാത്രം പൊട്ടിപ്പുറപ്പെടുന്ന വികാര പ്രകടനങ്ങളായി നമ്മുടെ പ്രതിഷേധങ്ങള്‍ അവസാനിക്കരുത്.
ഇന്ന് നിങ്ങളുടെ ഒരാള്‍ കൊല്ലപ്പെട്ടപ്പോള്‍ നിങ്ങള്‍ വിലപിക്കുന്നു. ഇന്നലെ കൊല്ലപ്പെട്ടവന്റെ ചോര നിങ്ങളുടെ കൈകളില്‍ പറ്റിപ്പിടിച്ചിരിക്കുന്നുവെന്ന കാര്യം വിസ്മരിക്കുന്നു. ആ അവസ്ഥായാണ് മാറേണ്ടത്. ഏതൊരാളിന്റേയും ജീവന്‍ വിലപിടിച്ചതാണെന്ന മൂല്യബോധമാണ് വേരുറയ്ക്കേണ്ടത്.
ഇത്തരം കിരാതമായ ആക്രമണങ്ങളില്‍ നിന്നുള്ള വിടുതല്‍ കൂടിയാണ് ആധുനിക സമൂഹത്തിലേക്ക് നമ്മെ നയിക്കുന്നതെന്ന ബോധ്യമുണ്ടാകണം. പല്ലിനു പല്ല് എന്ന നിലയ്ക്കുള്ള പ്രാകൃതമായ ആക്രമണ പ്രത്യാക്രമണങ്ങളല്ല നമുക്ക് മാതൃകയാകേണ്ടത്. അതുകൊണ്ട് ഇനിയും ഒരമ്മയുടേയും കണ്ണുനീര്‍ ഇവിടെ വീഴാനനുവദിക്കില്ലെന്ന് രാഷ്ട്രീയ കേരളം പ്രതിജ്ഞ ചെയ്യുക. വിശപ്പിന് ഒരു കഷണം അപ്പമെടുത്തവനെ തല്ലിക്കൊന്ന ഒരു ജനത, ഇപ്പോള്‍ പരസ്പരം വെട്ടിക്കൊന്ന് രസിക്കുന്നുവെന്ന് ലോകം നമ്മെ പരിഹസിക്കാതിരിക്കട്ടെ!
മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.