തെലങ്കാന:
തെലങ്കാന നിയമസഭയിലെ ഏക ബി.ജെ.പി എം എൽ എ, ടി രാജ സിങ് തെലങ്കാന സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസിഡർ പദവിയിൽ നിന്നും ടെന്നീസ് താരം സാനിയ മിർസയെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ടു. സാനിയ “പാകിസ്താന്റെ മരുമകൾ” ആണെന്ന് പ്രഖ്യാപിച്ചാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വിവാദപരമായ ഇത്തരം പ്രസ്താവനകൾക്ക് പേരുകേട്ട ഇദ്ദേഹം, മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനയച്ച വീഡിയോ സന്ദേശത്തിലാണ് പാകിസ്താനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കണമെന്നു പറയുന്നത്.
കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ പുൽവാമയിലുണ്ടായ ഭീകരാക്രമണത്തിൽ നാല്പത്തിലധികം ഇന്ത്യൻ പട്ടാളക്കാരാണ് കൊല്ലപ്പെട്ടത്. ഈ സംഭവത്തോടനുബന്ധിച്ച് പ്രതികരിക്കുകയായിരുന്നു സിങ്.
പാകിസ്താന്റെ സഹായത്തോടെ ഇന്ത്യയിലെത്തി നമ്മുടെ സൈനികരെ കൊലപ്പെടുത്തിയ ഭീകരരുടെ നടപടി പൊറുക്കാനാവാത്തതാണെന്നും, അയൽരാജ്യം നമ്മോടു ചെയ്ത ക്രൂരതയ്ക്ക് രാജ്യം മുഴുവൻ അനുശോചിക്കുകയാണെന്നും അദ്ദേഹം വീഡിയോയിൽ പറയുന്നുണ്ട്.
സൈനികരുടെ മരണത്തിൽ അപലപിച്ചകൊണ്ട് കെ ചന്ദ്രശേഖര റാവു തന്റെ പിറന്നാളാഘോഷം ഒഴിവാക്കിയിരുന്നു. ഇതേ ഉത്സാഹം തന്നെ സാനിയയെ പുറത്താക്കുന്നതിലും കാണിക്കണമെന്ന് സിങ് കൂട്ടിച്ചേർത്തു. ഒരു പാകിസ്താനിയെ വിവാഹം ചെയ്തതിലൂടെ സാനിയയ്ക്ക് ഇന്ത്യയുമായുള്ള ബന്ധം തന്നെ അവസാനിച്ചുവെന്നുമാണ് സിങ് പറയുന്നത്.
ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്താനുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണ്. അപ്പോൾ ഒരു സംസ്ഥാനത്തിന്റെ ബ്രാൻഡ് അംബാസഡർ ആയി പാക്കിസ്താൻ ബന്ധങ്ങളുള്ള സാനിയയെ തുടരാനനുവദിക്കുന്നത് ഭൂഷണമല്ലെന്നാണ് സിങ്ങിന്റെ നിലപാട്.
2010 ഏപ്രിലിലാണ് പാക്കിസ്താനി ക്രിക്കറ്റ് താരം ഷൊയബ് അക്തറുമായി സാനിയ വിവാഹിതയാവുന്നത്. ഇരുവരും താമസിയ്ക്കുന്നത് ദുബായിലാണ്. കഴിഞ്ഞ ഒക്ടോബര് 30 നു ഇരുവർക്കും ആൺകുഞ്ഞു പിറന്നു.
തെലങ്കാന സംസ്ഥാനത്തിന് മറ്റു കായിക മേഖലകളിൽ ഒട്ടനവധി പുരസ്‌ക്കാരങ്ങൾ കരസ്ഥമാക്കിയ പിവി സിന്ധു, സൈന നെഹ്‌വാൾ, വി വി എസ് ലക്ഷ്മണൻ തുടങ്ങിയ കായിക താരങ്ങളുണ്ടെന്നും അവരിലാരെയെങ്കിലും ഈ പദവിയിലേക്ക് കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
2014 ലാണ് സാനിയ മിർസ തെലങ്കാനയുടെ ബ്രാൻഡ് അംബാസഡർ ആയി നിയമിതയാവുന്നത്. അന്നു മുതൽ സംസ്ഥാനത്തിന്റെ എല്ലാ ഔദ്യോഗിക പരിപാടികളിലും സാനിയ പങ്കെടുക്കാറുണ്ട്. സിങ്ങിന്റെ അപകീർത്തികരമായ പ്രസ്താവനയ്ക്ക് സാനിയ മറുപടി നൽകിയിട്ടില്ല.
എന്നാൽ ട്വിറ്ററിൽ പോസ്റ്റു ചെയ്ത തന്റെ ഫോട്ടോയ്ക്ക് നേരെ മോശമായ കമന്റുകളിട്ട ആളുകൾക്ക് സാനിയ വളരെ രൂക്ഷമായ രീതിയിൽ തന്നെ മറുപടി കൊടുത്തു. ‘എന്റെ രാജ്യസ്നേഹമോ ദേശീയതയോ എനിക്ക് നിങ്ങളെ പോലെ സോഷ്യൽ മീഡിയയിൽ വിളിച്ചു കൂവേണ്ടതില്ലെന്നും ഭീകരവാദത്തിന് ഞാൻ എതിരാണെന്നും’ സാനിയ വ്യക്തമാക്കി.
“ഞാൻ എന്റെ രാജ്യത്തിനു വേണ്ടിയാണ് കളിക്കുന്നത്. അതിലൂടെയാണ് ഞാൻ എന്റെ രാജ്യത്തെ സേവിക്കുന്നത്. മരിച്ചുപോയ സി ആർ പി എഫ് ജവാന്മാരുടെയും അവരുടെ കുടുംബത്തിന്റെയും കൂടെയാണ് ഞാൻ. എന്റെ പ്രാർത്ഥനകളിലും അവരുണ്ട്. ഫെബ്രുവരി 14 നമ്മുടെ രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം കറുത്ത ദിനമാണ്. ഇനി ഇത്തരം രക്തരൂക്ഷിത കലാപങ്ങൾ ഉണ്ടാവാതിരിക്കട്ടെ, എന്റെ പ്രാർത്ഥനകളിലും ഇവരുണ്ട്.”