ക്വറ്റ:
ബലൂചിസ്ഥാൻ പ്രവിശ്യയുടെ തലസ്ഥാനമായ ക്വറ്റയിൽ പാക്ക് പട്ടാളത്തിന്റെ വാഹനവ്യൂഹത്തിനുനേരെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 9 സൈനികർ കൊല്ലപ്പെട്ടു. 11 പേർക്കു പരുക്കേറ്റു. ബലൂചിസ്ഥാൻ വിമോചന മുന്നണിയായ “ബലൂച് രാജി അജോയ് സംഗാർ” ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.
തുർബത്തിനും പഞ്ചഗുറിനും മധ്യേ, ചൈന-പാകിസ്താൻ സാമ്പത്തിക ഇടനാഴിയിൽ ആയിരുന്നു ആക്രമണം നടന്നത്. സൗദി രാജകുമാരൻ മുഹമ്മദ് ബിൻ സൽമാന്റെ സന്ദർശനത്തിനു മണിക്കൂറുകൾക്കു മുൻപായിരുന്നു ആക്രമണം.
കശ്മീരിലെ പുൽവാമയിൽ വ്യാഴാഴ്ച 40 സി.ആർ.പി.എഫ് ജവാന്മാരുടെ ജീവനെടുത്ത ചാവേർസ്ഫോടനത്തിന്റെ അതേ മാതൃകയിലാണു പാകിസ്താനിലും കഴിഞ്ഞ ആഴ്ച ഇറാനിലും ആക്രമണം നടന്നത്. ഉന്നത സൈനിക വിഭാഗമായ റവല്യൂഷനറി ഗാർഡ്സ് അംഗങ്ങളായ 27 സൈനികരാണു ഇറാനിൽ കൊല്ലപ്പെട്ടത്. ഭീകരരെ പാക്ക് സൈന്യം സഹായിക്കുന്നുവെന്നു കുറ്റപ്പെടുത്തിയ ഇറാൻ, ടെഹ്റാനിലെ പാക്കിസ്ഥാൻ സ്ഥാനപതിയെ വിളിച്ചുവരുത്തി.