തിരുവനന്തപുരം:
അമിതവേഗതയ്ക്ക് നോട്ടീസ് കിട്ടിയിട്ടും പിഴത്തുക അടയ്ക്കാത്ത വാഹന ഉടമകള്‍ക്കെതിരെ കടുത്ത നടപടിയ്ക്കൊരുങ്ങി മോട്ടോര്‍ വാഹന വകുപ്പ്. പോലീസിന്റെ ക്യാമറയില്‍ കുടുങ്ങി നോട്ടീസയച്ചിട്ടും പിഴ അടക്കാത്തവര്‍ക്കെതിരെയാണ് നടപടി. ഇത്തരം വാഹനങ്ങളുടെ രജിസ്‌ട്രേഷനും ഉടമയുടെ ഡ്രൈവിങ് ലൈസന്‍സും വരെ റദ്ദാക്കാനാണ് നീക്കം.
അഞ്ചു തവണ അമിതവേഗത്തിനു പിടിയിലായാല്‍ ലൈസന്‍സ് റദ്ദാക്കുമെന്ന് നേരത്തെ തന്നെ തീരുമാനമുണ്ട്. അമിത വേഗതയ്ക്ക് കഴിഞ്ഞ വര്‍ഷം മാത്രം 4.6 ലക്ഷം വാഹനയുടമകള്‍ കുടുങ്ങിയിട്ടും ഇതില്‍ 15 % പേര്‍ പോലും പിഴയടച്ചിട്ടില്ലെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ സാഹചര്യത്തിലാണ് വാഹന ഉടമകള്‍ക്കെതിരെ കര്‍ശന നടപടിയുമായി അധികൃതര്‍ രംഗത്തു വരുന്നത്.
2017-2018 കാലഘട്ടത്തില്‍ മാത്രം 48,000 വാഹനങ്ങളാണ് അമിതവേഗത്തില്‍ അഞ്ചു തവണയും അതിലേറെ തവണയും കുടുങ്ങിയിട്ടുള്ളത്. അഞ്ചു തവണയിലേറെ കുടുങ്ങിയിട്ടും പിഴ അടയ്ക്കാത്ത 26,322 പേര്‍ക്കാണ് നോട്ടിസ് അയയ്ക്കുന്നത്. ഒരു തവണ ക്യാമറയില്‍ കുടുങ്ങിയാല്‍ 400 രൂപയാണ് പിഴ. നോട്ടീസ് തപാല്‍ വഴിയാണ് ലഭിക്കുക.