പാലക്കാട്:
അന്തിയുറങ്ങാൻ വീടില്ലാത്ത സഹപാഠികളുടെ സങ്കടം വിദ്യാര്‍ത്ഥികള്‍ ഹൃദയത്തിലേറ്റുവാങ്ങിയപ്പോൾ പാലക്കാട് ചിറ്റിലഞ്ചേരിയില്‍ ഒരു വര്‍ഷം കൊണ്ട് ഉയര്‍ന്നത് 5 പുതിയ വീടുകൾ. എം.എൻ.കെ.എം ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് അംഗങ്ങളാണ് തങ്ങളുടെ സഹപാഠികള്‍ക്ക് വേണ്ടി വീടു നിര്‍മ്മിച്ചു നല്‍കി മാതൃകയായത്. എൻ.എസ്.എസ്സിന്റെ രജതജൂബിലിയോടനുബന്ധിച്ച് രജതഭവനമെന്ന പേരിൽ ഒരു വീട് നിർമ്മിച്ചുനൽകാനായിരുന്നു ആദ്യ തീരുമാനം.
അതിനായി സ്കൂളിലെ വീടില്ലാത്ത വിദ്യാര്‍ത്ഥികളെ കണ്ടുപിടിക്കാനായി അപേക്ഷ ക്ഷണിച്ചു. സഹോദരങ്ങളായ 3 സഹപാഠികൾക്കായി വീടു നിർമ്മിച്ചു നൽകാൻ തീരുമാനിക്കുകയും ചെയ്തു. വിദ്യാര്‍ത്ഥികളുടെ പുതിയ സംരംഭത്തിന് പല ഭാഗങ്ങളില്‍ നിന്ന് സഹായങ്ങള്‍ എത്തിയതോടെ വീടു നിർമ്മാണത്തിനുള്ള സ്ഥലം വാങ്ങി. സ്വന്തമായി നിർമ്മിച്ച ചന്ദനത്തിരി, സോപ്പ്, സോപ്പ് ലായനി എന്നിവ വീടുകളിലെത്തി വിറ്റ് കിട്ടിയ തുകകൊണ്ട് വീടു നിർമ്മാണം ആരംഭിച്ചു. അധ്യാപകരുടെയും നാട്ടുകാരുടെയും വലിയ രീതിയിലുള്ള സഹായവും പിന്തുണയും ഇതിനായി വിദ്യാര്‍ത്ഥികള്‍ക്കു ലഭിച്ചു.
വീടു നിര്‍മ്മാണത്തിന്റെ കൂടെ തന്നെ കിണറും നിർമ്മിച്ചു. വിദ്യാര്‍ത്ഥികളുടെ വീടു നിർമ്മാണം ഒന്നിൽ നിന്നില്ല. ഒരു വർഷത്തിനുള്ളിൽ നാലു വീടുകൾ കൂടി ഉയർന്നു. ചിറ്റിലഞ്ചേരി ശ്രുതിവർമ, രാഹുൽവർമ, നീർക്കലാംകോട്ടിലെ സഹോദരിമാരായ ദേവി, വിജയലക്ഷ്മി, കല്ലങ്കോട്ടിലെ മേഘ, കല്ലത്താണി ജിസ്ന, തണ്ടലോട് വിബിന എന്നിവർക്കാണു വീട് നിർമ്മിച്ചു നൽകിയത്. പണം കണ്ടെത്താൻ സ്വന്തമായി പച്ചക്കറി കൃഷി ഉള്‍പ്പെടെ പല മാര്‍ഗങ്ങള്‍ സ്വീകരിച്ചു. 12 വർഷമായി തരിശായി കിടന്നിരുന്ന സ്ഥലത്തടക്കം കൃഷിയിറക്കി.
വീടു നിർമ്മാണത്തിൽ ഒതുങ്ങുന്നതല്ല ഇവരുടെ കാരുണ്യപ്രവർത്തനം. ഡയാലിസിസിനു വിധേയമാകുന്ന രോഗിക്ക് സഹായം നൽകിയത് മുട്ടക്കോഴി വളർത്തി സ്വരൂപിച്ച തുകകൊണ്ടാണ്. വടക്കഞ്ചേരിയിൽ ബസ് കാത്തിരിപ്പ് കേന്ദ്രം നിർമ്മിച്ച നൽകിയ ഇവർ ചിറ്റിലഞ്ചേരി, നെന്മാറ, വടക്കഞ്ചേരി എന്നിവിടങ്ങളിലെ ബസ് കാത്തിരിപ്പ് കേന്ദ്രം നിറം നൽകി ശുചീകരിച്ചു. കാൻസറിനെ പ്രതിരോധിക്കാൻ ജൈവ മഞ്ഞൾ കൃഷിയിറക്കിയതായിരുന്നു മറ്റൊരു പ്രവർത്തനം. ദേഹമാസകലം തീപ്പൊള്ളലേറ്റ് ഇനി പഠനം അസാധ്യമെന്നു കരുതിയ വിദ്യാര്‍ത്ഥിനിയെ പ്ലാസ്റ്റിക് സർജറി ചെയ്ത് വീണ്ടും പഠനത്തിനായി സ്കൂളിലെത്തിച്ചത് മറ്റൊരു മാതൃക.
ആദ്യം മേലാർകോട് പഞ്ചായത്തിലെ മൂന്നാം വാർഡ് ദത്തെടുത്തു. പിന്നീട് ദത്തു ഗ്രാമമായി നാലാം വാർഡിനെ മാറ്റി. രോഗികൾക്കു കട്ടിൽ നൽകിയത്, പ്രളയത്തിൽ ദുരിതമനുഭവിച്ച കുട്ടനാട്ടിലെ കുട്ടികൾക്ക് നോട്ടുബുക്കുകൾ എത്തിച്ചത്, കുമരപുരത്ത് ഭക്ഷണം, വസ്ത്രങ്ങൾ, പായ, അരി എന്നിവ നൽകിയത്, ചിറ്റടിയിലെ അനുഗ്രഹഭവനിലേക്ക് അലക്കുയന്ത്രം സമ്മാനിച്ചത്, ദൈവദാൻ സെന്ററിൽ മാസത്തിലൊരിക്കൽ സന്ദർശനം നടത്തുന്നത് അടക്കം കാരുണ്യവഴിയിൽ മുന്നേറുകയാണ് ഈ മിടുക്കർ.
ഈ വര്‍ഷത്തെ നാഷണല്‍ സര്‍വീസ് സ്കീമിന്റെ പ്രധാനപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഒന്നായിരുന്നു ‘സഹപാഠിക്കൊരു സ്നേഹവീട്’ എന്ന് പ്രോഗ്രാം ഓഫീസര്‍ സോളി സെബാസ്റ്റ്യന്‍ വോക്ക് മലയാളത്തോട് പറഞ്ഞു. എന്‍.എസ്.എസ് ആരംഭിച്ചിട്ട് ഇരുപത്തിയഞ്ചു വര്‍ഷം പൂര്‍ത്തിയായതിന്റെ ഓര്‍മ്മയ്ക്കായിട്ടാണ് വീടുകള്‍ക്ക് രജതഭവനം എന്ന പേര് നല്‍കിയത് എന്ന് സോളി സെബാസ്റ്റ്യന്‍ പറയുന്നു. തങ്ങള്‍ ജീവിക്കുന്ന സമൂഹത്തെ മനസ്സിലാക്കാനും മറ്റുള്ളവരുടെ ദുഃഖങ്ങള്‍ മനസ്സിലാക്കി സമൂഹത്തിനു വേണ്ടി ജീവിക്കാനുമുള്ള സന്ദേശം വളണ്ടിയേഴ്സില്‍ എത്തിക്കാന്‍ പദ്ധതി കൊണ്ടു സാധിച്ചതായി അവര്‍ വോക്ക് മലയാളത്തോട് പറഞ്ഞു.
എന്‍.എസ്.എസ് യുണിറ്റിന്റെ കീഴില്‍ പണി പൂര്‍ത്തിയാക്കിയ മൂന്നു വീടുകളുടെ താക്കോല്‍ദാനം ഫെബ്രുവരി 17 ന് ഞായറാഴ്ച ആലത്തൂര്‍ എം.പി പി.കെ ബിജു നിര്‍വഹിച്ചു. അഞ്ചു വീടുകളാണ് ഇതുവരെ പണി പൂര്‍ത്തിയാക്കിയതെന്നും, തികച്ചും മാതൃകാപരവും അഭിമാനമുണ്ടാക്കുന്നതുമായ പ്രവര്‍ത്തനങ്ങളാണ് വിദ്യാര്‍ത്ഥികളുടെ ഭാഗത്തു നിന്നുണ്ടായതെന്നും പി.ടി.എ പ്രസിഡണ്ട് എ.പ്രഭാകരന്‍ വോക്ക് മലയാളത്തോടു പറഞ്ഞു. എന്‍.എസ്.എസ് വളണ്ടിയര്‍മാരുടെ നിശ്ചയദാര്‍ഢ്യത്തിന്റെയും, കൂട്ടായ്മയുടെയും ഫലമായിട്ടാണ് അഞ്ചു വീടുകള്‍ നിര്‍മ്മിച്ചു നല്‍കാന്‍ സാധിച്ചതെന്നും, ആത്മവിശ്വാസവും ജോലി ചെയ്യാനുള്ള മനസ്സും ഉണ്ടെങ്കില്‍ അസാധ്യമായി ഒന്നും ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍ തെളിയിച്ചതായി സ്കൂള്‍ പ്രിന്‍സിപ്പല്‍ സി.രാധാകൃഷ്ണന്‍ വോക്ക് മലയാളത്തോടു പറഞ്ഞു.