തിരുവനന്തപുരം:
പ്രളായനന്തര കേരളത്തിന്റെ പുനർനിര്‍മ്മാണത്തിനായി സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട അധിക ദിന തൊഴില്‍ ദിന പദ്ധതിയില്‍ ആറു ജില്ലകള്‍ക്ക് കൂടി കേന്ദ്രം അനുമതി നല്‍കി. എം.ജി.എന്‍.ആര്‍.ഇ.ജി.എ പദ്ധതി പ്രകാരമുള്ള തൊഴില്‍ ദിനങ്ങള്‍ 100 ൽ നിന്ന് 150 ആക്കി ഉയര്‍ത്തണമെന്ന് നേരത്തെ സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഉത്തരവു വന്നപ്പോള്‍ ഏഴ് ജില്ലകള്‍ക്ക് മാത്രമാണ് 50 തൊഴില്‍ ദിനങ്ങള്‍ അനുവദിച്ചിട്ടുള്ളത്.
സംസ്ഥാന സര്‍ക്കാര്‍ പ്രളയ ബാധിതമായ 13 ജില്ലകളിലും അധിക തൊഴില്‍ ദിനങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. ബാക്കിയുള്ള ജില്ലകള്‍ക്കു കൂടി അധിക തൊഴില്‍ ദിനങ്ങള്‍ വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് അതാതു ജില്ലകളിലെ കളക്ടര്‍മാരോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ഇതു സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാക്കി ജില്ലകളെക്കൂടി ഉള്‍പ്പെടുത്തുകയും ചെയ്തു.
തിരുവനന്തപുരം, കൊല്ലം, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ എന്നീ ജില്ലകളാണ് പുതിയതായി ഉള്‍പ്പെടുത്തിയത്. 498 വില്ലേജുകളാണ് ഈ ജില്ലകളില്‍ നിന്നും തിരഞ്ഞെടുത്തത്. നേരത്തെ, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍, വയനാട്, ഇടുക്കി എന്നീ ജില്ലകളിലെ 761 വില്ലേജുകള്‍ക്കാണ് അധിക തൊഴില്‍ ദിനങ്ങള്‍ ലഭിച്ചത്. 2018-19 സാമ്പത്തിക വര്‍ഷത്തില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി.
എന്നാല്‍ സാമ്പത്തിക വര്‍ഷം തീരാന്‍ ഒരു മാസം മാത്രം ബാക്കി നില്‍ക്കെ, അധികമായി ലഭിച്ച 50 തൊഴില്‍ ദിനങ്ങള്‍ ഉപയോഗപ്പെടുത്താനാവില്ലെന്ന് അധികൃതര്‍. നിലവില്‍ നേരത്തെയുള്ള 100 ദിനങ്ങള്‍ പൂര്‍ണമായും തീര്‍ന്നിട്ടില്ല. മാര്‍ച്ചിൽത്തന്നെ 50 ദിനങ്ങള്‍ കൂടി തീര്‍ക്കാന്‍ സാധിക്കില്ലെന്നും, സാമ്പത്തിക വര്‍ഷം കഴിഞ്ഞാല്‍ ഫണ്ടും നഷ്ടപ്പെടുമെന്നും അധികൃതര്‍ പറയുന്നു.
പ്രളയത്തെത്തുടര്‍ന്ന് സാമ്പത്തികമായി നഷ്ടം സംഭവിച്ച കുടുംബങ്ങള്‍ക്ക് വരുമാനം ഉറപ്പു വരുത്തുന്നതിനാണിത്. ഓരോ പഞ്ചായത്തിലും പ്രളയത്തില്‍ തകര്‍ന്ന അടിസ്ഥാന സൗകര്യങ്ങള്‍ ഈ അധിക തൊഴില്‍ ദിനങ്ങള്‍ വഴി പുനഃസ്ഥാപിക്കും. റോഡുകളുടെ അറ്റകുറ്റപ്പണിയും പുനഃസ്ഥാപിക്കലും, കലുങ്കുകള്‍ പുനഃസ്ഥാപിക്കല്‍, പൊതു ആസ്തികളുടെ പുനഃസ്ഥാപനം, പൊതു കിണറുകളുടെ പുനരുദ്ധാരണം, പൊതു കുളങ്ങളുടെ പുനര്‍നിര്‍മ്മാണം, ജലസേചന കനാലുകളുടെ പുനര്‍നിര്‍മ്മാണം, കമ്പോസ്റ്റ് സംവിധാനങ്ങളുടെ പുനഃസ്ഥാപനം, കൃഷിയിടങ്ങള്‍ കൃഷിയോഗ്യമാക്കല്‍, തടയണകളുടെ നിര്‍മ്മാണവും പുനഃസ്ഥാപനവും തുടങ്ങി വിവിധ പദ്ധതികളാകും ഇതു വഴി ഏറ്റെടുത്തു നടപ്പാക്കുന്നത്.