തൃശൂര്‍:
തിരിച്ചടവു മുടങ്ങിയ കാര്‍ഷിക, കാര്‍ഷികേതര വായ്പകളില്‍ കര്‍ഷകര്‍ക്കു ജപ്തി നോട്ടീസ് അയയ്ക്കുന്നതു താത്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ തീരുമാനം. ഇതിനായി എല്ലാ ജില്ലകളിലും ബാങ്ക് പ്രതിനിധികളുടെ യോഗം വിളിച്ചു ചേര്‍ക്കാനും, കളക്ടര്‍മാര്‍ക്ക് കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍ കുമാര്‍ നിര്‍ദ്ദേശം നല്‍കി. ഇടുക്കിയിലെയും വയനാട്ടിലെയും കര്‍ഷക ആത്മഹത്യകളുടെ പശ്ചാത്തലത്തിലാണ് തീരുമാനം.
ആത്മഹത്യയ്ക്കിടയാക്കുന്ന സാഹചര്യം ഒഴിവാക്കാന്‍ കര്‍ഷകര്‍ക്കു കൗണ്‍സിലിങ്ങും നല്‍കും. കൃഷി വായ്പയെടുത്ത കര്‍ഷകര്‍ കടക്കെണിയില്‍പ്പെട്ട് ആത്മഹത്യ ചെയ്യുന്നതു മാത്രമാണ് നിലവില്‍ കര്‍ഷക ആത്മഹത്യയുടെ പരിധിയില്‍പ്പെടാറുള്ളത്. ഇതിനു പകരം കൃഷി മുഖ്യവരുമാന മാര്‍ഗമായി സ്വീകരിച്ചിട്ടുള്ളവരുടെ ഏതു വായ്പയിലും ജപ്തി നോട്ടീസ് അയയ്ക്കുന്നതു തത്ക്കാലത്തേക്കു നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. ജപ്തി നോട്ടീസ് ലഭിക്കുന്നതു കര്‍ഷകരെ സമ്മര്‍ദ്ദത്തിലാഴ്ത്തുകയും, ആത്മഹത്യയിലേക്കു നയിക്കുകയും ചെയ്യുമെന്നതിനാലാണ് നടപടി.
കൃഷിവായ്പ ലഭിക്കാത്തതിനാല്‍ മറ്റു സ്‌കീമുകളില്‍ വായ്പയെടുത്തവര്‍ക്കും, കൃഷിഭൂമിക്കു പട്ടയമില്ലാത്തതിനാല്‍ ബന്ധുക്കളുടെ പേരില്‍ വായ്പയെടുത്തവര്‍ക്കും പുതിയ തീരുമാനം ആശ്വാസമാകും. സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകള്‍ തോറും കൃഷി ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്കു കൗണ്‍സലിങ് നല്‍കും. ബാങ്ക് പ്രതിനിധികളുടെ സാന്നിധ്യം കൗണ്‍സിലിങ്ങില്‍ ഉറപ്പുവരുത്താന്‍ കൃഷി ഓഫിസര്‍മാര്‍ക്കു നിര്‍ദ്ദേശം ലഭിച്ചിട്ടുണ്ട്. വ്യക്തിപരമായ കൗണ്‍സിലിങ്ങും നല്‍കും. പ്രതിസന്ധിയില്‍ നില്‍ക്കുന്ന കര്‍ഷകര്‍ക്ക് ആശ്വാസം പകരുകയാണ് ലക്ഷ്യം. കര്‍ഷക ആത്മഹത്യയുണ്ടായാല്‍ ഉടന്‍ റിപ്പോര്‍ട്ടു ചെയ്യണമെന്നും വീടുസന്ദര്‍ശനം നടത്തണമെന്നും പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍മാര്‍ വഴി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.