ഇടുക്കി:
പ്രളയാനന്തര കേരളത്തില്‍ ഇടുക്കിയില്‍ ഏഴാഴ്ചയ്ക്കിടെ ആത്മഹത്യ ചെയ്തത് അഞ്ചു കര്‍ഷകര്‍. കടക്കെണിയും ബാങ്കില്‍ നിന്നുള്ള ജപ്തി ഭീഷണിയുമൊക്കെയാണ് ആത്മഹത്യയ്ക്കു പിന്നില്‍. ശനിയാഴ്ച വൈകുന്നേരം പെരിഞ്ചാംകുട്ടി ചെമ്പകപ്പാറ സ്വദേശി നക്കരയില്‍ ശ്രീകുമാര്‍ (55)-ആണ് ആത്മഹത്യ ചെയ്തത്. ബാങ്ക് വായ്പ എടുത്ത് കൃഷിയിറക്കിയ ശ്രീകുമാറിന് ഏകദേശം 17 ലക്ഷത്തോളം രൂപയുടെ കടമുണ്ടായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നു.
കാലവര്‍ഷത്തിലും പ്രളയത്തിലും ഇദ്ദേഹത്തിന്റെ കൃഷി പൂര്‍ണമായി നശിച്ചിരുന്നു. ഇതില്‍ ഇദ്ദേഹം കടുത്ത നിരാശയിലായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം, ശ്രീകുമാറിനെ, വിഷം കഴിച്ച് അവശനിലയില്‍ കണ്ടെത്തുകയായിരുന്നു. തുടര്‍ന്ന് നെടുങ്കണ്ടം തൂക്കുപാലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയാണ് മരണം. ഭാര്യ: ഉഷാകുമാരി. മക്കള്‍: അനൂപ്, അപര്‍ണ.
കൃഷിയിടത്തിലെ കൊക്കോ മരത്തില്‍ തൂങ്ങിമരിച്ച നിലയിലാണ് അടിമാലി ആനവിരട്ടി കോട്ടക്കല്ലില്‍ രാജു (62)വിനെ കണ്ടെത്തിയത്. ഫെബ്രുവരി എട്ടിനായിരുന്നു ഇയാള്‍ ആത്മഹത്യ ചെയ്തത്. കാര്‍ഷികാവശ്യങ്ങള്‍ക്കായി പത്തുലക്ഷം രൂപയായിരുന്നു ഇയാള്‍ ബാങ്കില്‍ നിന്നും വായ്പയെടുത്തത്.
പാട്ടത്തിനു സ്ഥലമെടുത്തായിരുന്നു ചെറുതോണി സ്വദേശി നെല്ലിപ്പുഴയില്‍ ജോണി മത്തായി (58) യും ഭാര്യയും നാലു മക്കളുമുള്ള കുടുംബം കൃഷി ഇറക്കിയിരുന്നത്. എന്നാല്‍, പ്രളയത്തില്‍ കൃഷി നശിച്ചത് ആദ്യ തിരിച്ചടിയായി. പിന്നീട്, കാട്ടുപന്നി ആക്രമണത്തിലും കൃഷി നശിച്ചപ്പോള്‍ കൃഷിക്കായി എടുത്ത ബാങ്ക് വായ്പകള്‍ തിരിച്ചടയ്ക്കാന്‍ കഴിയാതായതായി ബന്ധുക്കള്‍ പറയുന്നു. കഴിഞ്ഞ ഞായറാഴ്ച കൃഷിയിടത്തിലാണ് വിഷം ഉള്ളില്‍ച്ചെന്ന നിലയില്‍ ജോണിയെ കണ്ടെത്തിയത്.
ജനുവരി 28ന് ആയിരുന്നു വാത്തിക്കുടി സ്വദേശിയായ കുന്നുംപുറത്ത് സഹദേവന്‍ (68) ആത്മഹത്യ ചെയ്തത്. പ്രളയത്തില്‍ കൃഷി നശിച്ചതും, ലോണ്‍ തിരികെ അടയ്ക്കാന്‍ കഴിയാഞ്ഞതുമാണ് ഇദ്ദേഹത്തെയും ആത്മഹത്യയിലേക്ക് നയിച്ചത്.
യുവകര്‍ഷകനും ഇടുക്കി മേരിഗിരി സ്വദേശിയുമായ സന്തോഷിനെ ജനുവരി രണ്ടിനായിരുന്നു കൃഷിയിടത്തില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. ലോണെടുത്ത് കൃഷിയിറക്കിയെങ്കിലും പ്രളയത്തില്‍ എല്ലാം നശിച്ചതോടെ ബാങ്ക് വായ്പ തിരിച്ചടയ്ക്കാന്‍ കഴിഞ്ഞിരുന്നില്ല.