Wed. Nov 6th, 2024
#ദിനസരികള് 671

മഹത്തായ ഒരു പാരമ്പര്യത്തെ പിന്‍പറ്റുന്ന നമ്മുടെ രാജ്യം ജയ്ഷേ മുഹമ്മദ് എന്ന മുസ്ലീം തീവ്രവാദ സംഘടനയാല്‍ ആക്രമിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ എക്കാലത്തേയും ശത്രുക്കളായ പാകിസ്താന്റെ പിന്തുണയുള്ള ഈ സംഘടന വെല്ലുവിളിച്ചിരിക്കുന്നത് ഇന്ത്യയുടെ പരമാധികാരത്തേയും സൈനിക ശേഷിയേയുമാണ്. ഇന്ത്യ ഒരു ശത്രുവിന്റെ മുന്നിലും പ്രത്യേകിച്ച് മുസ്ലീം തീവ്രവാദികളുടെ – മുട്ടു മടക്കില്ലെന്ന് നാം വീണ്ടും വീണ്ടും ദൃഢപ്രതിജ്ഞയെടുക്കേണ്ട സന്ദര്‍ഭമാണിത്.

നാം കരുത്തരാണെന്ന് ലോകത്തിനു തെളിയിച്ചു കൊടുക്കണം. നമ്മെ കീഴ്‌പ്പെടുത്തുവാൻ ഒരു ശക്തിയ്ക്കും കഴിയില്ലെന്ന് ബോധ്യപ്പെടുത്തണം. അവസാനത്തെ ഇന്ത്യക്കാരനും പൊരുതി വീഴുന്നതുവരെ ഒരു ജനത എന്ന നിലയില്‍ ഒരൊറ്റ ലക്ഷ്യത്തോടെ നാം ഒന്നിച്ചു നില്ക്കണം. രാജ്യത്തിന്റെ അതിര്‍ത്തികള്‍ മാന്തുന്നവരെ ഒരു പാഠം പഠിപ്പിക്കാന്‍ കിട്ടിയ സുവര്‍ണാവസരത്തെ നാം വേണ്ടവണ്ണമുപയോഗിച്ചാല്‍ ഒരു ശത്രുവും ഇനിയൊരിക്കലും നമുക്കെതിരെ നില്ക്കാന്‍ ധൈര്യപ്പെടില്ല. ഒരു ജനത ഒരൊറ്റ ലക്ഷ്യം ഒരൊറ്റ ഇന്ത്യ – ഇതായിരിക്കട്ടെ നമ്മുടെ മുദ്രാവാക്യം.

അത്തരത്തിലുള്ള ഒരു രാജ്യം കെട്ടിപ്പടുക്കണമെങ്കില്‍ കരുത്തനായ ഒരു നേതാവ് നമുക്കു വേണം. ഞാന്‍ തന്നെയാണ് എന്റെ രാജ്യം എന്നു ചിന്തിക്കുന്ന ഒരു നേതാവ്. അദ്ദേഹത്തിനു കീഴില്‍ ജനത ഒരൊറ്റ ലക്ഷ്യത്തോടെ എതിര്‍ശബ്ദങ്ങളില്ലാതെ ഏകീകരിക്കപ്പെടണം. അദ്ദേഹം ചിന്തിക്കുന്നതുതന്നെ ജനതയും ചിന്തിക്കണം. ജനങ്ങളുടെ വെളിച്ചവും വഴികാട്ടിയും ഏക ആശ്രയവുമായി അദ്ദേഹം മാറണം. നാനാത്വത്തില്‍ ഏകത്വമെന്ന മഹത്വത്തെ വാഴ്ത്തിപ്പാടുകയല്ല മറിച്ച് എല്ലാ തരത്തിലുള്ള നാനാത്വങ്ങളേയും ബഹുസ്വരതകളേയും അവസാനിപ്പിക്കുകയാണ് വേണ്ടത്. അതിനു കഴിയണമെങ്കില്‍ നെഞ്ചൂക്കുള്ള ഒരു അധിപനു പിന്നില്‍ നാട് അണി ചേര്‍‌ന്നേ മതിയാകൂ.

അതുകൊണ്ട് രാജ്യംതന്നെ അപകടത്തില്‍ നില്ക്കുമ്പോള്‍ മറ്റെല്ലാം അപ്രസക്തമാണെന്ന് നാം മനസ്സിലാക്കണം. രാജ്യത്തെ നയിക്കുന്നവരുടെ ആത്മബലങ്ങളെ ചോര്‍ത്തിക്കളയുന്ന വിഷയങ്ങളൊന്നും ഉന്നയിക്കപ്പെടരുത്. ദേശസ്നേഹം പ്രത്യക്ഷമായിത്തന്നെ പ്രകടമാക്കേണ്ട സന്ദര്‍ഭമാണിത്. നാം ഓരോരുത്തരും നമ്മുടെ രാജ്യത്തോടു കടപ്പെട്ടിരിക്കുന്നുവെന്ന് ഉച്ചത്തില്‍ വിളിച്ചു പറയേണ്ട സമയം. രാജ്യത്തിന്റെ പരമാധികാരമാണ് പ്രധാനമെന്ന് പ്രഖ്യാപിക്കേണ്ട സമയം.

എന്നിരുന്നാലും എല്ലാക്കാലത്തും എല്ലാ രാജ്യങ്ങളിലും ചിലരുണ്ടാകും. അത്തരക്കാര്‍ ഇവിടെയുമുണ്ട്. അവര്‍ ജനതയോട് അഴിമതിയെക്കുറിച്ചും വര്‍ഗ്ഗീയതയെക്കുറിച്ചും സമൂഹത്തില്‍ നിലനില്ക്കുന്ന മറ്റ് അനീതികളെക്കുറിച്ചുമൊക്കെ ഇപ്പോഴും ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നു. രാജ്യദ്രോഹം തന്നെയാണിത്. അത്തരക്കാരെ രാജ്യദ്രോഹികളായി കരുതി തുറുങ്കിലടയ്ക്കുകയാണ് വേണ്ടത്.

അല്ലെങ്കില്‍ അവര്‍ Corruption Perceptions Index (CPI) നല്കുന്ന കണക്കുകളുമായി വരും. അക്കണക്കില്‍ 2014 ല്‍ അഴിമതിയില്‍ നാല്പതാം സ്ഥാനത്തുണ്ടായിരുന്ന നമ്മള്‍ എഴുപത്തിയെട്ടാം സ്ഥാനത്തേക്ക് കുതിച്ചു കയറിയതിനെക്കുറിച്ച് സംസാരിക്കും. ഇന്ത്യ, അഴിമതി ഏറ്റവും കൂടുതല്‍ നിലനില്ക്കുന്ന രാജ്യമായി തുടരുന്നുവെന്ന് ഫോബ്സ് മാഗസിന്‍ പറയുന്നത് ഉദ്ധരിക്കപ്പെടും. അതുവഴി അഴിമതിയുടെ നിരക്ക് നമ്മുടെ രാജ്യത്ത് വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് സ്ഥാപിച്ചെടുക്കാന്‍ അവര്‍ ശ്രമിക്കും.

സാമൂദായിക കലാപങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ഏറ്റവും കൂടുതല്‍ നടക്കുന്നത് ഇക്കാലത്താണെന്ന് പ്രചരിപ്പിക്കും. പ്രതിപക്ഷ കക്ഷികളും നമ്മുടെ മാദ്ധ്യമങ്ങളും കെട്ടിപ്പടച്ചുണ്ടാക്കിയ റഫാലും വാപവും IL&FS വുമൊക്കെ ചര്‍ച്ച ചെയ്യപ്പെടും. ഇന്ത്യയുടെ വളര്‍ച്ചയാണ്, അമിത് ഷായുടെ മകന്റെ വളര്‍ച്ചയല്ല ചര്‍ച്ച ചെയ്യപ്പെടേണ്ടത്.

കഴിഞ്ഞ അഞ്ചുവര്‍ഷമായി കുതിച്ചു കയറിക്കൊണ്ടിരുന്ന പെട്രോളിന്റേയും പാചകവാതകത്തിന്റേയും വില കുറഞ്ഞു വരാന്‍ തുടങ്ങിയത് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെയാണെന്നും അതു വെറും തന്ത്രമാണെന്നുമൊക്കെ അത്തരക്കാര്‍ ആക്ഷേപിക്കും. ജൂഡീഷ്യറിയും മറ്റു നിയമ സംവിധാനങ്ങളും കളങ്കപ്പെട്ടിരിക്കുന്നുവെന്നതിന് തെളിവുകള്‍ ചൂണ്ടിക്കാണിക്കപ്പെടും. ലോകത്തോട് സത്യം വിളിച്ചു പറഞ്ഞതിന്റെ പേരില്‍ പോലീസ് ഉദ്യോഗസ്ഥന്മാര്‍ ക്രൂരമായി കൊല്ലപ്പെട്ടതിന്റെ കഥകള്‍ പുറത്തുവരും.

ഇതൊന്നും ചര്‍ച്ച ചെയ്യപ്പെടേണ്ട സന്ദര്‍ഭമിതല്ല. രാജ്യമാണ് അപകടത്തിലായിരിക്കുന്നത്. രാജ്യപാലകന്റെ കരങ്ങള്‍ക്കാണ് ശക്തി പകരേണ്ടത്. അഭിപ്രായവ്യത്യാസങ്ങളുയര്‍ത്തി വിഘടിച്ചു നില്ക്കുകയല്ല നാം ചെയ്യേണ്ടത്. അങ്ങനെ ശ്രമിക്കുന്നവരെ നാം തടഞ്ഞേ മതിയാകൂ. അവര്‍ തുറുങ്കില്‍ പോകട്ടെ. ദേശാഭിമാനത്താല്‍ പ്രചോദിതമായ ഒരന്തരീക്ഷത്തിലാണ് നാം അടുത്ത ലോകസഭയിലേക്കുള്ള തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അജണ്ട നാം നിശ്ചയിച്ചിരിക്കുന്നു. രാജ്യത്തെ സംരക്ഷിക്കാന്‍ കെല്പുള്ള കരങ്ങളേതെന്ന് നാം തിരിച്ചറിയണം. രാജ്യത്തെ സംരക്ഷിക്കുന്ന, ജനതയുടെ അഭിമാനത്തെ സംരക്ഷിക്കുന്നവനെ നാം വിജയിപ്പിച്ചെടുക്കണം.

അതുകൊണ്ട് മറ്റെല്ലാം മറക്കൂ. രാജ്യത്തെ രക്ഷിക്കൂ.

മനോജ് പട്ടേട്ട്, വയനാട്ടുകാരന്‍, മാനന്തവാടി സ്വദേശി.

Leave a Reply

Your email address will not be published. Required fields are marked *